മലയാളത്തിലെ മികച്ച ആര്‍ടിസ്റ്റുകളില്‍ ഒരാളാണ് ജയരാജ് വാര്യര്‍. നല്ല നടനെന്നതിലുപരി മിമിക്രിയും ക്യാരിക്കേച്ചറും തുള്ളലും തുടങ്ങി അനേകം കലകളില്‍ കൈവെച്ച കലാകാരന്‍ കൂടിയാണ് അദ്ദേഹം. പ്രിയദര്‍ശന്റെ കഥയെ ആസ്പദമാക്കി ജോണ്‍പോള്‍ തിരക്കഥയെഴുതി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ഒരു യാത്രാമൊഴിയിലൂടെയാണ് അദ്ദേഹം തന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത്.
ആദ്യ സിനിമയില്‍ തന്നെ ശിവാജി ഗണേശന്റെ കൂടെ അഭിനയിക്കാന്‍ ലഭിച്ച അവസരത്തെ കുറിച്ചും, അന്നത്തെ അനുഭവങ്ങളൈ കുറിച്ചും സംസാരിക്കുകയാണ് ജയരാജ് വാര്യരിപ്പോള്‍. ആരോ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സൈനസൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
‘ യാത്രാമൊഴി എന്ന സിനിമയിലെത്താന്‍ കാരണം ഭരതേട്ടനാണ്. ഭരതേട്ടന്‍ ചെയ്യേണ്ട ഒരു പ്രൊജക്ട് നടക്കാതെ പോയപ്പോഴാണ് യാത്രാമൊഴി വരുന്നത്. അന്ന് വേണുച്ചേട്ടനും എല്ലാവരും പറഞ്ഞു ജയരാജ് വാര്യര്‍ക്കൊരു വേഷം കൊടുക്കണമെന്ന്. അങ്ങനെയാണ് ഞാന്‍ അതില്‍ അഭിനയിക്കാന്‍ പോകുന്നത്. ഞാന്‍ ഷൊര്‍ണൂരിലേക്ക് ചെന്നു. അവിടെ ജോണ്‍പോളുണ്ടായിരുന്നു. അദ്ദേഹമായിരുന്നു സ്‌ക്രിപ്റ്റ്. അദ്ദേഹത്തിന്റെ മുറിയിലേക്കാണ് ഞാന്‍ ചെല്ലുന്നത്.
അവിടേക്ക് മോഹന്‍ലാലും വന്നു. അദ്ദേഹം എന്റെ പ്രോഗ്രാം കണ്ടിട്ടില്ലായിരുന്നു. വേണുച്ചേട്ടനും അവിടേക്ക് വന്നു. അവിടെ വെച്ച് കൊട്ടും പാട്ടും താളവും നര്‍മവുമെല്ലാം അരങ്ങേറി. ഒരു ദിവസം ജോണ്‍ പോള്‍ അങ്കില്‍ പറഞ്ഞു, നാളെ ചിലപ്പോള്‍ ഷൂട്ട് ഉണ്ടാകുമെന്ന്. അദ്ദേഹം എറണാകുളത്തേക്ക് പോകുയാണെന്നും പറഞ്ഞു.
അടുത്ത ദിവസം കാലത്ത് വന്ന് ഷൂട്ടുണ്ട്, റെഡിയായിക്കോളൂ എന്ന് പറഞ്ഞു. അങ്ങനെ കാറില്‍ കയറി പോകുകയാണ്. ഞാന്‍ വളരെ റിലാക്‌സ്ഡ് ആയിരുന്നു. കൊണ്ടുപോകാന്‍ വന്ന ആളോട് ഇന്ന് എവിടെയാണ് ഷൂട്ട് എന്ന് ചോദിച്ചു, ഇവിടെ അടുത്താണെന്ന് അദ്ദേഹം പറഞ്ഞു. ആരുടെ കൂടെയാണ് അഭിനയിക്കേണ്ടത് എന്ന് ചോദിച്ചു, നിങ്ങള്‍ക്ക് ശിവാജി സാറിന്റെ കൂടെയാണ് ഒരു സീനുള്ളത് എന്ന് അദ്ദേഹം പറഞ്ഞതും ഞാന്‍ മരണത്തെ മുഖാമുഖം കണ്ടു എന്ന് പറയുന്ന അവസ്ഥയിലായി.
ഷൊര്‍ണൂരില്‍ ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് എടുത്ത് ചാടിയാലോ എന്ന് വരെ ഞാന്‍ വിചാരിച്ചു. കാരണം, ശിവാജി സാറിന്റെ കൂടെ ഒരു സീന്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് അറിയുമ്പോഴുള്ള ഒരു ആക്ടറിന്റെ, ഒരു പുതുമുഖത്തിന്റെ അവസ്ഥയായിരുന്നു അത്,’ ജയരാജ് വാര്യര്‍ പറഞ്ഞു.
content highlights: Jayaraj Warrier shares his experience of acting with Shivaji Ganesan