| Thursday, 3rd May 2018, 8:16 pm

അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്ന് ജയരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജയരാജ്. ചടങ്ങ് ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും ജയരാജ് പറഞ്ഞു.

11 പേര്‍ക്കെ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് മലയാള സിനിമാ തരങ്ങളടക്കം ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നത്. ജയരാജും യേശുദാസും മാത്രമാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയത്.

പുരസ്‌കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ മെമ്മോറാണ്ടത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നതായി നടി പാര്‍വതി വിശദീകരിച്ചു. പിന്നീട് സംഭവച്ചത് എന്താണെന്ന് അവര്‍ക്ക് മാത്രമേ അറിയൂവെന്ന് നടി പാര്‍വ്വതിയും പറഞ്ഞിരുന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ 140 അവാര്‍ഡ് ജേതാക്കളില്‍ 68 പേരാണ് ബഹിഷ്‌ക്കരിച്ചത്. പുരസ്‌കാരം വാങ്ങാതെ നടന്‍ ഫഹദ് ഫാസിലടക്കമുള്ളവര്‍ വേദിയിലേക്ക് പോയിരുന്നില്ല. ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് സര്‍ക്കാര്‍ പരിപാടി നടത്തിയിരുന്നത്.

നേരത്തെ യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച് സംവിധായകന്‍ സിബി മലയിലും രംഗത്ത് വന്നിരുന്നു. ആത്മാഭിമാനം അടിയറവ് വെക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും എന്നാല്‍ ജയാരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നുവെന്നും സിബി മലയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

We use cookies to give you the best possible experience. Learn more