|

നായകന്‍ ഞാന്‍, ചെറിയവേഷമായിട്ടും ആ സൂപ്പര്‍സ്റ്റാര്‍ എനിക്കൊപ്പം അഭിനയിച്ചത് അദ്ദേഹത്തിന്റെ വലിയ മനസ്: ജയപ്രകാശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ജയപ്രകാശ്. 2000കളുടെ തുടക്കത്തില്‍ ഒരു നിര്‍മാതാവായി സിനിമ വ്യവസായത്തിലേക്ക് കടന്നുവന്ന അദ്ദേഹം ജി.ജെ സിനിമയുടെ ബാനറില്‍ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചു. പിന്നീട് 2007ല്‍ ചേരന്റെ മായക്കണ്ണാടി എന്ന ചിത്രത്തിലൂടെ അഭിനേതാവായി അദ്ദേഹം അരങ്ങേറി. തുടര്‍ന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മികച്ച സ്വഭാവ നടനായി അദ്ദേഹം പേരെടുത്തു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഉസ്താദ് ഹോട്ടലിലൂടെ മലയാളത്തിലും ജയപ്രസാദ് തന്റെ സാന്നിധ്യമറിയിച്ചു.

2014ല്‍ പുറത്തിറങ്ങിയ പന്നൈയാരും പത്മിനിയും എന്ന ചിത്രത്തില്‍ നായകനായതും ജയപ്രകാശാണ്. ചിത്രത്തില്‍ ഒരു വേഷത്തില്‍ വിജയ് സേതുപതിയും എത്തിയിരുന്നു. ഇപ്പോള്‍ വിജയ് സേതുപതിയെ കുറിച്ച് സംസാരിക്കുകയാണ് ജയപ്രകാശ്. പന്നൈയാരും പത്മിനിയും എന്ന സിനിമയില്‍ താനായിരുന്നു നായകനെന്നും എന്നാല്‍ വിജയ് സേതുപതി അത്ര പ്രധാന്യമില്ലാത്ത വേഷത്തില്‍ അഭിനയിച്ചത് അദ്ദേഹത്തിന്റെ വലിയ മനസുകൊണ്ടാണെന്നും ജയപ്രകാശ് പറയുന്നു.

വിജയ് സേതുപതി ആ കഥാപാത്രം ചെയ്തതില്‍ തനിക്കൊരുപാട് സന്തോഷമുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അത്ര വലിയ കാര്യമായി അതിനെ വിജയ് കണ്ടില്ലെന്നും ജയപ്രകാശ് പറഞ്ഞു. ആനന്ദവികടന്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പന്നൈയാരും പത്മിനിയും എന്ന സിനിമയില്‍ ഞാനായിരുന്നു ടൈറ്റില്‍ റോള്‍ ചെയ്തത്. അതില്‍ വിജയ് സേതുപതിക്ക് അത്ര വലിയ റോള്‍ ആയിരുന്നില്ല. എന്നാലും അദ്ദേഹം അത് ചെയ്യാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ വലിയ മനസുകൊണ്ടാണ്. മുപ്പത്- നാല്പത് ദിവസം ഞങ്ങള്‍ ഒരേ സ്ഥലത്ത് തന്നെ വര്‍ക്ക് ചെയ്തതുകൊണ്ട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറി.

ഞാന്‍ അപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി, താങ്ങള്‍ ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാന്‍ വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്, നന്നായിട്ടുണ്ട് എന്നെല്ലാം പറഞ്ഞു. ‘എനിക്ക് എന്റെ കഥാപാത്രം ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്. സാര്‍ സാറിന്റെ വേഷം ചെയ്യുന്നതില്‍ ശ്രദ്ധിക്കൂ’ എന്ന് പറഞ്ഞ് വിജയ് സേതുപതി അങ്ങ് പോയി. അത് മാത്രമാണ് അദ്ദേഹം പറഞ്ഞത്.

അല്ലാതെ ആ വേഷം ചെയ്യുന്നത് വലിയ കാര്യമാണ് എന്ന രീതിയിലൊന്നും അദ്ദേഹം സംസാരിച്ചതേ ഇല്ല. അദ്ദേഹം അത് ആസ്വദിച്ചാണ് ചെയ്തത്. എനിക്ക് പന്നൈയാരും പത്മിനിയും എന്ന സിനിമയിലെ പോലെയുള്ള കഥാപാത്രങ്ങള്‍ ഇനി ലഭിക്കില്ലെന്ന് നന്നായി അറിയാം. കാരണം ഞാന്‍ ഒരു ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റാണ്,’ ജയപ്രകാശ് പറയുന്നു.

Content Highlight: Jayaprakash talks about Vijay Sethupathi