| Thursday, 11th November 2021, 10:37 pm

തിരുവോണം ബമ്പറടിച്ച ജയപാലന് ഭീഷണിക്കത്ത്; പോപ്പുലര്‍ ഫ്രണ്ടിന്റെ പേരിലുള്ള കത്ത് കണ്ണൂര്‍ ശൈലിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന തിരുവോണം ബമ്പര്‍ ലോട്ടറിയടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണിക്കത്ത്. 15 ദിവസത്തിനകം 65 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ലോട്ടറിയടിച്ച തുക അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിക്കത്തില്‍ പറയുന്നു.

പണം നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്ന് ലഭിച്ച കത്ത് കണ്ണൂര്‍ ശൈലിയിലാണ്. പോപ്പുലര്‍ ഫ്രണ്ട് കേരള, കണ്ണൂര്‍ എന്നെഴുതിയാണ് ഭീഷണിക്കത്ത് ആരംഭിക്കുന്നത്.

കത്ത് കിട്ടിയ കാര്യം വേറെയാരും അറിയരുതെന്നും പറയുന്നുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കത്തില്‍ നല്‍കിയിട്ടുണ്ട്. ജീവിതം വഴിമുട്ടിയ 70കാരനും ഭാര്യക്കും സ്ഥലം വാങ്ങാനാണ് പണമെന്നും കത്തില്‍ പറയുന്നു.

സംഭവത്തില്‍ ജയപാലന്‍ മരട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ നമ്പറിനായിരുന്നു ഇത്തവണത്തെ തിരുവോണം ബമ്പറടിച്ചത്. ഇവിടെ നിന്നാണ് ജയപാലന്‍ ടിക്കറ്റെടുത്തത്.

ജൂലൈ 22ന് ആയിരുന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവോണം ബംബര്‍ ഭാഗ്യക്കുറി 2021 ടിക്കറ്റ് പ്രകാശനം ചെയ്തത്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ വര്‍ഷം ടിക്കറ്റ് വില്‍പ്പനയില്‍ ഉണ്ടായത്. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റുപോയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Jayapalan, a native of Kochi Maradu, who won the Thiruvonam bumper lottery, was threatened

We use cookies to give you the best possible experience. Learn more