ന്യൂദല്‍ഹി: ബീഫിന്റെ പേരില്‍ അലിമുദ്ദീന്‍ അന്‍സാരിയെ തല്ലിക്കൊന്ന അക്രമികള്‍ക്ക് ബി.ജെ.പി സാമ്പത്തിക സഹായവും നിയമസഹായവും നല്‍കിയതായി കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍. ബി.ബി.സി ഹിന്ദിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ ഇക്കാര്യം വെളിപ്പെടുത്തിയത്.
2017 ജൂണില്‍ രാംഗഢില്‍ ബീഫ് കൈവശംവച്ചെന്നാരോപിച്ച് അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയ പ്രതികളെയാണ് ബി.ജെ.പിയും താനും സംരക്ഷിച്ചതായി ജയന്ത് സിന്‍ഹ വെളിപ്പെടുത്തിയത്.
കേസിലെ എട്ടു പ്രതികളെ തങ്ങള്‍ അഭിനന്ദിച്ചെന്നും ജാമ്യം കിട്ടാന്‍ പാര്‍ട്ടി സഹായിച്ചെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഈ സംഭവം നടന്ന ഹസാരിബാഗ് ജില്ലയില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ജയന്ത് സിന്‍ഹ.
എങ്ങനെയാണ് അക്രമികളെ സഹായിച്ചതെന്ന ചോദ്യത്തിന് സിന്‍ഹ നല്‍കിയ മറുപടി ഇതായിരുന്നു: ‘പ്രതികളുടെ ബന്ധുക്കള്‍ നല്ലൊരു വക്കീലിനെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. വക്കീലിനുള്ള ഫീസും നല്‍കാന്‍ പറഞ്ഞു. എന്റെ പാര്‍ട്ടിയിലെ പലരും അവരെ സാമ്പത്തികമായി സഹായിച്ചതിനാല്‍ ഞാനും അത് തന്നെ ചെയ്തു. പ്രതികളില്‍ മിക്കയാളുകളും അങ്ങേയറ്റം ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് സാമ്പത്തിക സഹായം ആവശ്യമുണ്ട്. അത് അഭിഭാഷകനായ ത്രിപതിക്കുള്ള ഫീസിന്റെ രൂപത്തില്‍ ബി.ജെ.പി നല്‍കി.’
ബീഫ് കൈവശംവെച്ചെന്നാരോപിച്ചായിരുന്നു അന്‍സാരിയെ കൊലപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ പക്കല്‍ 200 കിലോഗ്രാം ഇറച്ചിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ വാഹനത്തിന് തീയിട്ടശേഷം അക്രമികള്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ 12 പ്രതികളില്‍ 11 പേരും കുറ്റക്കാരാണെന്ന് ജാര്‍ഖണ്ഡ് അതിവേഗ കോടതി വിധിച്ചിരുന്നു. എന്നാല്‍ 2018 ജൂണ്‍ 30ന് 11 പ്രതികളില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. പ്രാദേശിക ബി.ജെ.പി നേതാവായ നിത്യാനന്ദ് മഹാതോ ഉള്‍പ്പെടെയുള്ളവരെയാണ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
ജയിലില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ ഈ എട്ടു പ്രതികളും സിന്‍ഹയുടെ വസതിയിലെത്തിയിരുന്നു. അവിടെ ജയന്ത് സിന്‍ഹ ഇവരെ മാലയണിഞ്ഞ് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ ഫോട്ടോ ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു.
ആളുകള്‍ അത്തരം ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നതിനാല്‍ ഭാവിയില്‍ താന്‍ ഇവരെ മാലയണിയിക്കില്ലെന്നാണ് അഭിമുഖത്തില്‍ സിന്‍ഹ പറഞ്ഞത്.
അന്‍സാരിയുടെ ഭാര്യയായ മറിയം ഖാടൂണിന് സമാനമായ പിന്തുണ നല്‍കിയിരുന്നോയെന്ന ചോദ്യത്തിന് അവര്‍ തന്നെ സമീപിച്ചാല്‍ സഹായിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. സര്‍ക്കാറില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്താന്‍ താന്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ജയന്ത് സിന്‍ഹ അവകാശപ്പെട്ടു.
എന്നാല്‍ അത്തരമൊരു സഹായം ലഭിച്ചിട്ടില്ലെന്നാണ് മറിയം ബി.ബി.സിയോട് പറഞ്ഞത്.