അമിത് ഷായെ ഞാന്‍ കണ്ടെങ്കില്‍ തെളിവ് കാണിക്കൂ; അഭ്യൂഹങ്ങള്‍ തള്ളി ജയന്ത് പാട്ടീല്‍
national news
അമിത് ഷായെ ഞാന്‍ കണ്ടെങ്കില്‍ തെളിവ് കാണിക്കൂ; അഭ്യൂഹങ്ങള്‍ തള്ളി ജയന്ത് പാട്ടീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th August 2023, 11:10 pm

 

മുംബൈ: ആഭ്യന്തര മന്ത്രി അമിത് ഷായുമായി പൂനെയില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ തള്ളി ശരദ് പവാറിന്റെ വിശ്വസ്തനും എന്‍.സി.പി സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീല്‍. വാര്‍ത്തയെ തുടര്‍ന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തില്‍ ചേരാന്‍ ജയന്ത് പാട്ടീല്‍ ഒരുങ്ങുന്നെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.

അമിത് ഷായും ജയന്ത് പാട്ടീലും തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും പറഞ്ഞു. സെന്‍ട്രല്‍ രജിസ്ട്രാര്‍ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഡിജിറ്റല്‍ പോര്‍ട്ടല്‍ ഞായറാഴ്ച അമിത് ഷാ പുനെയില്‍ വെച്ച് ഉദ്ഘാടനം ചെയ്തു.

ശനിയാഴ്ച വൈകുന്നേരം താന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനോടൊപ്പമായിരുന്നെന്നും അത് കഴിഞ്ഞ് നേതാക്കളായ അനില്‍ ദേശ്മുഖ്, രാജേഷ് തോപെ, സുനില്‍ ഭുസാര എന്നിവരുമായി വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘ അവര്‍ എന്റെ കൂടെ പുലര്‍ച്ചെ 1.30 വരെ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഇന്ന് രാവിലെ ഞാന്‍ ശരദ് പവാറിനെ വീണ്ടും കണ്ടിരുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ ഏത് സമയത്താണ് ഞാന്‍ അമിത് ഷായെ കണ്ടെതെന്നതിന് ഉത്തരം നല്‍കുകയും അതിനുള്ള തെളിവ് കാണിക്കുകയും വേണം. ഞാന്‍ എപ്പോഴും ശരദ് പവാറിനൊപ്പമാണ്. ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണം,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പക്ഷം മാറാന്‍ തനിക്ക് സമര്‍ദമില്ലെന്നും ആരുമായും സംസാരിച്ചിട്ടില്ലെന്നും പാട്ടീല്‍ വ്യക്തമാക്കി.

‘ മുംബൈയില്‍ ഇന്ത്യ കോണ്‍ക്ലേവ് സംഘടിപ്പിച്ച എം.വി.എ യോഗത്തില്‍ ശനിയാഴ്ച പങ്കെടുത്തിരുന്നു. ഞാന്‍ സംഘാടക സമിതിയുടെ ഭാഗമായിരുന്നു. അതിനാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ വരുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാണ്,’ അദ്ദേഹം പറഞ്ഞു. എന്‍.സി.പിയെ വിപുലീകരിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും പാട്ടീല്‍ പറഞ്ഞു. ജയന്ത് പാട്ടീല്‍ അമിത് ഷായെ കണ്ടന്നെ വാര്‍ത്ത തെറ്റാണെന്ന് എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര അവാദും വ്യക്തമാക്കി.

അതേസമയം, അമിത് ഷായും ജയന്ത് പാട്ടീലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അത് പരസ്യമാക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പരിശോധിക്കണമെന്നും ഫഡ്‌നാവിസും പറഞ്ഞു.

കഴിഞ്ഞ മാസമായിരുന്നു അജിത് പവാറും എട്ട് എം.എല്‍.എമാരും ഷിന്‍ഡെ സര്‍ക്കാരില്‍ ചേരുകയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തത്.

Content Highlights: jayant patil denies he secretly met amit shah