ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിന് വിജയം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 5000ത്തിലേറെ വോട്ടുകള്‍ക്ക് പിന്തള്ളിയാണ് കോണ്‍ഗ്രസ് വിജയം പിടിച്ചെടുത്തത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി 53,151 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എന്‍ പ്രഹ്ലാദിന് 48302 വോട്ടുകളാണ് ലഭിച്ചത്. വോട്ടെണ്ണലിന്റെ തുടക്കംമുതലേ ആധിപത്യം സ്ഥാപിച്ച കോണ്‍ഗ്രസ് അവസാന റൗണ്ട് വരെ മേല്‍ക്കൈ നിലനിര്‍ത്തി.
മെയ് 12 നായിരുന്നു കര്‍ണാടകയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
വിജയകുമാറിന്റെ സഹോദരനായിരുന്നു പിന്നീട് സ്ഥാനാര്‍ത്ഥിയായി എത്തിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സൗമ്യ റെഡ്ഡി.
ജനതാദള്‍ (എസ്) ജൂണ്‍ 5 ന് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയും, ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുകയും കൂടി ചെയ്തതോടെ കോണ്‍ഗ്രസ്-ബി.ജെ.പി പോരാട്ടത്തിനാണ് ജയനഗര്‍ സാക്ഷ്യംവഹിച്ചത്.
തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 55 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്. രണ്ട് ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,11,989 വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.
യെദ്യൂരപ്പ പ്രത്യേക പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ചിട്ടും 2013ലെ തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ബി.ജെ.പി വിജയിച്ച മണ്ഡലമാണ് ജയനഗര്‍.
ബി.ജെ.പിയ്ക്കെതിരെ കോണ്‍ഗ്രസ് ലീഡ് മെച്ചപ്പെടുത്തുമ്പോള്‍ പടക്കംപൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവെച്ചിരുന്നു.