ഒരു വലിയ ആക്ഷന്‍ ഹീറോയെ മലയാള സിനിമ കണ്ടത് ജയന്‍ എന്ന മഹാ നടനിലൂടെയായിരുന്നു. മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച ജയന്റെ ഓര്‍മ്മ ദിനമാണ് ഇന്ന്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തുസാഹസത്തിനും മുതിരുന്ന ജയന്‍ മലയാള സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയായിരുന്നു. എന്നാല്‍ അങ്ങനെയാരു സാഹസം തന്നെ ജയനെന്ന അതുല്യ നടനെ മലയാള സിനിമയ്ക്ക് നഷ്ടമാക്കി.
അന്നത്തെ സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും തന്റെ മനസിലെ ആ മരവിപ്പ് മാറിയിട്ടില്ലെന്നാണ് കോളിളക്കത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായ കല്ലിയൂര്‍ ശശി പറയുന്നത്. ജയന്റെ ഹൃദയമിടിപ്പ് നിലയ്ക്കുമ്പോള്‍ മദിരാശിയിലെ ജനറല്‍ ആശുപത്രിയില്‍ അന്നുണ്ടായിരുന്ന ഒരാള്‍ കല്ലിയൂര്‍ ശശിയാണ്. അന്നത്തെ സംഭവങ്ങള്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
‘രാവിലത്തെ മഴ ശമിച്ച് പന്ത്രണ്ട് മണിയോടെയാണ് ഷോളാവരത്ത് ചിത്രീകരണം തുടങ്ങിയത്. റണ്‍വേയിലെ സംഘട്ടന രംഗങ്ങളും ഹെലികോപ്റ്ററിനകത്തെ രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞു.
ഹെലികോപ്റ്ററില്‍ രക്ഷപ്പെടാനൊരുങ്ങുന്ന ബാലന്‍ കെ.നായരുമായി, കോപ്റ്ററില്‍ തൂങ്ങി നിന്നു ജയന്‍ ഫൈറ്റ് ചെയ്യുന്ന രംഗമാണു ഇനിയെടുക്കാനുള്ളത്. സുകുമാരന്‍ ഓടിക്കുന്ന ബൈക്കിന്റെ പിന്നില്‍ നിന്നു ജയന്‍ ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ് ലഗ്ഗിലേക്കു പിടിച്ചു കയറണം.
മൂന്നു തവണ രംഗം ചിത്രീകരിച്ചു. സമയം ഉച്ചയ്ക്കു 2.20 ആയി. മൂന്നു ക്യാമറകളിലായി പകര്‍ത്തിയ രംഗങ്ങളില്‍ ഛായാഗ്രഹകന്‍ കൂടിയായ സംവിധായകന്‍ പി.എന്‍.സുന്ദരത്തിനു പൂര്‍ണ തൃപ്തി. ഉച്ച ഭക്ഷണത്തിനായി അദ്ദേഹം ബ്രേക്ക് പറഞ്ഞു.
ലാന്‍ഡ് ചെയ്ത ഹെലികോപ്റ്ററില്‍ നിന്നിറങ്ങി ജയന്‍ അപ്പോഴേക്കും അടുത്തെത്തി. മുഖത്ത് പൂര്‍ണ തൃപ്തിയില്ല. ശരിയായില്ലെന്നും അവസാനമായി ഒരിക്കല്‍ കൂടി എടുക്കാമെന്നും സംവിധായകനോട് പറഞ്ഞു. തന്റെ മനസ്സിലുള്ളതു കിട്ടിയെന്നും ഇനി വേണ്ടെന്നും സംവിധായകന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ജയന്‍ വഴങ്ങിയില്ല. ജയന്റെ നിര്‍ബന്ധത്തിനു വഴങ്ങി സംവിധായകന്‍ റീ ടേക്ക് പറഞ്ഞു.
ഷൂട്ടിങ്ങിനു ഹെലികോപ്റ്റര്‍ പറത്തി പരിചയമുള്ളയാളാണു പൈലറ്റ് സമ്പത്ത്. രംഗം ചിത്രീകരിക്കുന്നതിനു മുന്‍പേ അദ്ദേഹം സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ‘ലാന്‍ഡിങ് ലഗ്ഗില്‍ തൂങ്ങിയ ഉടന്‍ മറ്റു അഭ്യാസങ്ങള്‍ കാണിക്കരുത്. മുകളിലേക്കു പറത്തി ബാലന്‍സ് ചെയ്ത ശേഷം 15 അടി ഉയരത്തില്‍ 10 മിനിറ്റ് നേരം ഹെലികോപ്റ്റര്‍ അനങ്ങാതെ നിര്‍ത്തിത്തരും. ആ സമയത്തു ഫൈറ്റ് നടത്താം’. ഹെലികോപ്റ്ററികത്തിരുന്ന ബാലന്‍ കെ.നായര്‍ക്കുമുണ്ടായിരുന്നു നിര്‍ദേശം. ‘ഫൈറ്റിനായി നിര്‍ത്തിത്തരുന്ന സമയംവരെ സീറ്റ് ബെല്‍റ്റ് അഴിക്കരുത്’.
ഹെലികോപ്റ്ററില്‍ തൂങ്ങിയതിനു പിന്നാലെ ജയന്‍ കാല്‍ ലാന്‍ഡിങ് ലഗ്ഗിലേക്കു കൊരുത്തു. ഫൈറ്റ് തുടങ്ങി. ബാലന്‍ കെ.നായരും സീറ്റ് ബെല്‍റ്റ് അഴിച്ചു. പെരുമഴയുടെ വരവറിയിച്ചു ആകാശം ഇരുണ്ടു. പെട്ടെന്നു അതു സംഭവിച്ചു. ചിറകറ്റ പക്ഷിയെപ്പോലെ ഹെലികോപ്റ്റര്‍ താഴേക്ക്. മഴക്കോളുണ്ടായിരുന്നു. ഹെലികോപ്റ്ററിനെ അപകടത്തില്‍ പെടുത്തുന്ന രീതിയിലുള്ള കാറ്റൊന്നുമില്ല. ഭാരം ഒരു ഭാഗത്തേക്കു കേന്ദ്രീകരിച്ചതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ടതാകണം.
ചുറ്റുപാടു നിന്നും ആര്‍പ്പുവിളികളുയര്‍ന്നു. ജയനോട് പിടിവിട്ടു ചാടാന്‍ പലരും വിളിച്ചു പറയുന്നു. ഹെലികോപ്റ്ററിന്റെ ഘോര ശബ്ദത്തില്‍ എല്ലാം അലിഞ്ഞു ചേര്‍ന്നു. ഒറ്റ നിമിഷാര്‍ദ്ധം. താഴേക്കു പതിച്ച ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ് ലഗ്ഗില്‍ കോര്‍ത്ത ജയന്റെ കാലുകളാണു തറയിലിടിച്ചത്. അതിന്റെ ആഘാതത്തില്‍ പിടിവിട്ടപ്പോള്‍ തലയുടെ പിന്‍ഭാഗം ശക്തിയായി തറയിലിടിച്ചു. ഇടിച്ചു. ബാലന്‍ കെ.നായരും പൈലറ്റും രണ്ടു വശങ്ങളിലേക്കു തെറിച്ചു വീണു.
ഹെലികോപ്റ്ററിന്റെ പ്രൊപ്പലര്‍ തറയിലുരഞ്ഞു തീപ്പൊരി ചിതറുമെന്നും അതു ടാങ്കിലേക്കു പടര്‍ന്നു പൊട്ടിത്തെറിക്കുമെന്നു ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. ബഹളം, പരിഭ്രാന്തി. എന്റെ കണ്ണിലുണ്ടായിരുന്നതു വീണുകിടക്കുന്ന ജയന്‍ മാത്രം. ഓടിയെത്തി അദ്ദേഹത്തിന്റെ തല മടിയിലേക്കുവച്ചു. പൈപ്പ് തുറന്നിട്ടാലെന്ന പോലെ തലയുടെ പിന്‍ ഭാഗത്തു നിന്നു ചോര വാര്‍ന്നൊഴുകുന്നു.
അബോധാവസ്ഥയില്‍ ഞരക്കവും മൂളലും. എന്റെ വെപ്രാളം കണ്ട് ക്യാമറ അസിസ്റ്റന്റ് രംഗനാഥന്‍ ഓടിവന്നു. കുറച്ചകലെ നില്‍ക്കുകയായിരുന്ന ജയന്റെ ഡ്രൈവര്‍ നടന്റെ തന്നെ ഫിയറ്റ് കാറുമായെത്തി. താങ്ങിയെടുത്തു ജയനെ പിന്‍ സീറ്റിലേക്കു കിടത്തി. അപ്പോഴും ബാലന്‍ കെ.നായരും പൈലറ്റും അവിടെ കിടക്കുന്നുണ്ടായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു.
ഷോളാവരം എയര്‍ സ്ട്രിപ്പിന്റെ പുറത്ത് ചെറിയൊരു ക്ലിനിക്കുണ്ട്. കാര്‍ നിര്‍ത്തി ഡോക്‌റെ വിളിച്ചു. കണ്ട ഉടന്‍ അദ്ദേഹം പറഞ്ഞു. ‘ഉടന്‍ ജനറല്‍ ആശുപത്രിയിലേക്കു പോകൂ. നേരെ പോയാല്‍ അവിടെയെത്താം’. അടുത്തുള്ള വിജയ ഹോസ്പിറ്റലില്‍ പോകാതെ എന്തു കൊണ്ടു രാജീവ് ഗാന്ധി ആശുപത്രിയില്‍ പോയി എന്നു പിന്നീട് പലരും ചോദിച്ചു കേട്ടിട്ടുണ്ട്. സമീപത്തെ ആശുപത്രികളെക്കുറിച്ച് അറിയില്ലായിരുന്നു. ഇന്നത്തേതു പോലെ വിളിച്ചു ചോദിക്കാന്‍ മൊബൈല്‍ ഫോണില്ല. ദുരന്തത്തിന്റെ ഞെട്ടലില്‍ മനസ്സും ശരീരവും മരവിച്ച അവസ്ഥ. ക്ലിനിക്കിലെ ഡോക്ടറുടെ ഉപദേശമനുസരിച്ചു വാഹനം നേരെ വിട്ടു. രംഗനാഥനും കൂടെയുണ്ട്.
മഴ കോരിച്ചൊരിയുകയാണ്. പോകുന്ന വഴിയിലാകെ റോഡിലെ വെള്ളക്കെട്ട് യാത്ര ദുഷ്‌കരമാക്കി. തീവ്ര വേദനയാല്‍ അബോധാവസ്ഥയിലും ജയന്റെ ഞരക്കം കേള്‍ക്കാം. വെള്ളക്കെട്ടുകള്‍ പിന്നിട്ട്, ഒരു മണിക്കൂറിലധികം കഴിഞ്ഞു നാലു മണിയോടെ ജനറല്‍ ആശുപത്രിയിലെത്തി. ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കില്ല. സ്‌ട്രെച്ചറിലേക്കു കിടത്തി. കാലിന്റെ മുട്ടില്‍ നിന്നു ചോരയൊഴുകി പാന്റ് ഒട്ടിപ്പിടിച്ചിട്ടുണ്ട്. ഞാന്‍ തന്നെ കത്രികയെടുത്തു പാന്റ് നീക്കി. ഞെട്ടിപ്പോയി. രണ്ടു മുട്ടിലും ആഴത്തിലുള്ള മുറിവ്.
അറിയപ്പെടുന്ന ന്യൂറോ സര്‍ജനായ മലയാളി ഡോ.നരേന്ദ്രനാണു പരിശോധിക്കേണ്ടത്. നഴ്‌സുമാര്‍ അദ്ദേഹത്തെ വിളിച്ചു. അവര്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പേ വെപ്രാളത്തോടെ ഫോണ്‍ വാങ്ങി ഞാന്‍ കാര്യം പറഞ്ഞു.സര്‍ജറി വാര്‍ഡിലേക്കു മാറ്റാന്‍ പറഞ്ഞു ഡോക്ടര്‍ ഉടനെയെത്തി. രംഗനാഥന്‍ അപകട സ്ഥലത്തേക്കു തന്നെ മടങ്ങി. സകല ദൈവങ്ങളേയും വിളിച്ചു പ്രാര്‍ഥിച്ചു പുറത്ത് ഞാനും ഡ്രൈവറും മാത്രം. 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ അകത്തേക്കു വിളിച്ചു ഡോക്ടര്‍ പറഞ്ഞു.’രക്ഷയില്ല, തലച്ചോറ് ചിതറിത്തെറിച്ചിരിക്കുന്നു’.
അഞ്ചരയോടെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നു ജയനെ ന്യൂറോ സര്‍ജറി വാര്‍ഡിലേക്കു മാറ്റി. പത്തോളം കിടക്കകളുള്ള മുറിയില്‍ ഞങ്ങള്‍ രണ്ട് പേര്‍ തനിച്ച്. ജയന്‍ ശ്വസിക്കുന്നതായി സമീപത്തെ ഉപകരണങ്ങളുടെ ചലനത്തില്‍ നിന്നു കാണാം. അതു നേര്‍ത്തുവന്നു 6.35നു പൂര്‍ണമായി നിലച്ചു.
രാത്രിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ബെഞ്ചിലും തറയിലുമായി മുപ്പതോളം മൃതദേഹങ്ങളുണ്ട്. ബെഞ്ചില്ലാത്തതിനാല്‍ തറയില്‍ കിടത്താന്‍ ശ്രമിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ താരം ആ രാത്രി തറയില്‍ കിടക്കുന്നതു ആലോചിക്കാന്‍ പോലുമാകില്ലായിരുന്നു. എന്റെ വാശിക്കു വഴങ്ങി ഒടുവില്‍ ബെഞ്ചില്‍ തന്നെ ഇടം കിട്ടി.
ജയനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പുറത്തുവന്ന ശേഷം സുഹൃത്തുക്കളിലൊരാളോട് പറഞ്ഞു’ പെര്‍ഫെക്ട് ബോഡി. കത്തിവയ്ക്കാന്‍ മനസ്സു വന്നില്ല’. , അദ്ദേഹം പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക