| Monday, 27th May 2024, 10:37 pm

'ഇന്നേവരെ വര്‍ഗീയമായി ചിന്തിച്ചിട്ടേയില്ലാത്തയാളാണ് മമ്മൂക്ക': വിജി തമ്പിയെ വേദിയിലിരുത്തി ജയന്‍ ചേര്‍ത്തല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരെ പ്രതികരിച്ച് നടന്‍ ജയന്‍ ചേര്‍ത്തല. പുതിയ ചിത്രമായ മായമ്മുടെ പ്രൊമോഷന്‍ പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിക്ക് നേരെ ഇത്തരമൊരു അക്രമണം നടക്കുമ്പോള്‍ താരസംഘടനയായ അമ്മ ഇടപെടാത്തത് അപലപനീയമാണെന്നും ജയന്‍ ചേര്‍ത്തല. പറഞ്ഞു. സംവിധായകനും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ വിജി തമ്പി വേദിയിലിരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

സീരിയലില്‍ മാത്രം അഭിനയിച്ചുകൊണ്ടിരുന്ന തന്നെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മമ്മൂട്ടിയാണെന്നും ജയന്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടിയെപ്പോലെ സെക്യുലറായ ഒരാള്‍ ഉണ്ടാകില്ലെന്നും ജയന്‍ പറഞ്ഞു. മമ്മൂട്ടിയെ അറിയാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ജയന്‍ പറഞ്ഞു.

‘ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടന്മാരിലൊരാളാണ് മമ്മൂട്ടി. അദ്ദേഹത്തിന് നേരെ ഇത്തരത്തിലൊരു നീക്കം നടന്നപ്പോള്‍ താരസംഘടനയായ അമ്മ ഇടപെടാതിരുന്നത് അപലപനീയമാണ്. എന്നെപ്പോലെ ഒരുപാട് ആളുകളെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് മമ്മൂക്ക. ചേര്‍ത്തലയില്‍ എവിടെയോ കിടന്നിരുന്ന എന്നെ സിനിമയില്‍ വില്ലന്‍ വേഷം തന്ന് ഈ നിലയിലെത്തിച്ച മമ്മൂക്ക എങ്ങനെയാണ് വര്‍ഗീയവാദിയാകുന്നത്.

ഞാന്‍ ജന്മം കൊണ്ട് നായരാണ്, അദ്ദേഹം മുസല്‍മാനും. അദ്ദേഹത്തിന് വേണമെങ്കില്‍ സ്വന്തം സമുദായത്തില്‍ ഉള്ളവരെ മാത്രം സിനിമയില്‍ കൊണ്ടുവരാമല്ലോ. ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടിയെപ്പോലെ സെക്യുലറായി ചിന്തിക്കുന്ന മറ്റൊരു നടനുമില്ല. അദ്ദേഹത്തിന്റെ വലുപ്പമറിയാത്തവരാണ് ഈ വിമര്‍ശിക്കുന്നത്. ആരും അവരെ ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോഴാണ് ഇങ്ങനെ ഒരു കാര്യവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്,’ ജയന്‍ പറഞ്ഞു

Content Highlight: Jayan Cherthala reacts against the cyber attack towards Mammootty in front of Viji Thampy

We use cookies to give you the best possible experience. Learn more