ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഒരു ദിവസമെങ്കിലും ദര്‍ശനത്തിന് അവകാശം നല്‍കണം: ജയമാല
Daily News
ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഒരു ദിവസമെങ്കിലും ദര്‍ശനത്തിന് അവകാശം നല്‍കണം: ജയമാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2016, 11:25 am

jayamalബംഗളുരു: ശബരിമലയില്‍ ഒരു ദിവസമെങ്കിലും സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് അവകാശം നല്‍കണമെന്ന് നടി ജയമാല. മകരജ്യോതി തിരക്കും സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ മറ്റൊരു ദിവസം സ്ത്രീകള്‍ക്കായി അനുവദിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ശബരിമല ദര്‍ശനം നടത്തി അയ്യപ്പവിഗ്രഹത്തില്‍ തൊടുകയും ചെയ്തിട്ടുണ്ടെന്ന ജയമാലയുടെ അവകാശവാദം 2006ല്‍ വന്‍വിവാദത്തിന് ഇടയാക്കിയിരുന്നു.

ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ലിംഗസമത്വം ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുത് എന്നത് മൂഢവിശ്വാസമാണ്. കേരളം ഇപ്പോഴും ഇരുട്ടിലാണെന്നും ജയലളിത അഭിപ്രായപ്പെട്ടു.

ശബരിമല ദര്‍ശനം നടത്തിയെന്നും അയ്യപ്പ വിഗ്രഹം തൊട്ടുവെന്നും പറഞ്ഞതിന്റെ പേരില്‍ ആറര വര്‍ഷക്കാലമാണ് വിവാദങ്ങള്‍ തന്നെ പിന്തുടര്‍ന്നത്. അയ്യപ്പ വിഗ്രഹമല്ല മറ്റൊരു വിഗ്രഹമാണ് തൊട്ടതെന്നു പറഞ്ഞാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ചിലര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ താന്‍ സത്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

“സതി ദേവദാസി സമ്പ്രദായങ്ങള്‍ ഉള്‍പ്പെടെയുള്ള അനാചാരങ്ങള്‍ നിയമംമൂലം നിരോധിച്ച നാടാണിത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ പഠനങ്ങളും സംവാദങ്ങളും നടക്കണം” എന്നും അവര്‍ അഭിപ്രായപ്പെട്ടു.

1986ല്‍ 27ാം വയസില് ശബരിമല ദര്‍ശനം നടത്തിയെന്നാണ് ജയമാല അവകാശപ്പെട്ടത്. ഒരു സ്ത്രീ ശബരിമല സന്ദര്‍ശിച്ചിട്ടുണ്ടെന്നും വിഗ്രഹത്തില്‍ സ്പര്‍ശിച്ചെന്നും ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ ദേവപ്രശ്‌നം നടത്തി പറഞ്ഞതിനു പിറകേയാണ് ജയമാല ഇത്തരമൊരു അവകാശവാദവുമായി രംഗത്തുവന്നത്.