| Saturday, 30th November 2024, 12:35 pm

ആ സംവിധായകന്റെ കഴിവ് പരീക്ഷിച്ച ശേഷമാണ് ഡേറ്റ് കൊടുത്തത്; ഒറ്റ ഷോട്ടില്‍ തന്നെ അദ്ദേഹത്തിന്റെ നോളജ് മനസിലായി: ജയം രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകനാകുന്നതിന് മുന്നേ അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ചയാളാണ് ജയം രവി. സഹോദരനായ മോഹന്‍ രാജ സംവിധാനം ചെയ്ത ജയത്തിലൂടെയാണ് രവി നായകനാകുന്നത്. ആദ്യ ചിത്രം ഹിറ്റായതോടെ പേരിനൊപ്പം ജയം എന്ന് ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി. 21 വര്‍ഷത്തെ കരിയറില്‍ മുപ്പതോളം ചിത്രങ്ങളില്‍ രവി നായകനായി. മണിരത്നത്തിന്റെ സ്വപ്നചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ ടൈറ്റില്‍ റോളിലെത്താനും രവിക്ക് സാധിച്ചു.

നവാഗതരായ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ജയം രവി. പുതുമുഖ സംവിധായകര്‍ തന്റെ അടുത്ത് കഥ പറയാന്‍ വരുമ്പോള്‍ അവര്‍ക്ക് സിനിമയുടെ എല്ലാ വശങ്ങളെ കുറിച്ചും അറിവുണ്ടോ എന്നറിയാന്‍ ഒരു ടെസ്റ്റ് വെക്കാറുണ്ടെന്ന് ജയം രവി പറയുന്നു.

കോമാളി എന്ന ചിത്രത്തിന്റെ കഥപറയാനായി സംവിധായകന്‍ പ്രതീപ് രംഗനാഥന്‍ തന്റെ അടുത്ത് വന്നപ്പോള്‍ ഒരു സീന്‍ എടുത്ത് കാണിക്കാന്‍ പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. പ്രതീപ് ഒരു കോമഡി സീനാണ് എടുത്തതെന്നും അത് കണ്ടപ്പോള്‍ തന്നെ പ്രതീപിന്റെ ഫിലിം നോളജ് മനസിലായെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയം രവി.

‘ഇന്ന് ആദ്യമായി സംവിധായകരായവരുടെ സിനിമകളെല്ലാം ഒന്ന് എടുത്ത് നോക്കി കഴിഞ്ഞാല്‍ നമുക്ക് കാണാന്‍ കഴിയുന്നൊരു കാര്യം അവരെല്ലാം ഒരു വര്‍ഷത്തിന് മുകളില്‍ തയ്യാറെടുപ്പുകള്‍ നടത്തിയാണ് സിനിമ ചെയ്യുന്നത്. നവാഗതരായ സംവിധായകര്‍ എന്റെ അടുത്തേക്ക് കഥ പറയാന്‍ വേണ്ടി വരുമ്പോള്‍ ഞാന്‍ ഒരേയൊരു ടെസ്റ്റ് മാത്രമാണ് അവര്‍ക്ക് വേണ്ടി വെക്കുന്നത്.

സിനിമയുടെ ടെക്‌നിക്കുകള്‍ അറിയുമോ, സ്‌ക്രിപ്റ്റ് നന്നായിട്ടുണ്ടോ, എഡിറ്റിങ്ങിനെ കുറിച്ച് അറിയുമോ, ഫ്രയ്മിങ്ങിനെ കുറിച്ച് അറിയുമോ, സൗണ്ടിനെ കുറിച്ചുള്ള അറിവുണ്ടോ എന്നെല്ലാം ഞാന്‍ ആദ്യം ഒന്ന് ടെസ്റ്റ് ചെയ്തു നോക്കും. അതിന് ഉദാഹരണമാണ് പ്രതീപ്. കോമാളിയുടെ കഥ പറയാനായി പ്രതീപ് എന്റെ അടുത്ത് വന്നപ്പോള്‍ എല്ലാം നന്നായിട്ടുണ്ട്. ഒരേയൊരു സീന്‍ മാത്രം എനിക്ക് ഷൂട്ട് ചെയ്തുകൊണ്ട് വന്ന് കാണിക്കാമോ എന്ന് ചോദിച്ചു.

അവന്‍ ഉടനെ പോയി സിനിമയിലെ വളരെ യൂണിക്ക് ആയ ഒരു കോമഡി സീന്‍ ഷൂട്ട് ചെയ്തുകൊണ്ട് വന്നു. ആ ഒരു ഷോട്ടില്‍ തന്നെ അവന്റെ സിനിമയെ കുറിച്ചുള്ള അറിവുകളെല്ലാം മനസിലായി. പിന്നെ ഞാന്‍ അവനോട് ഒന്നും ചോദിച്ചില്ല. പോയി സിനിമ ചെയ്യൂ എന്ന് പറഞ്ഞു,’ ജയം രവി പറയുന്നു.

Content Highlight: Jayam Ravi Talks Says He  Test The Film Knowledge Of New Film Directors

We use cookies to give you the best possible experience. Learn more