|

ഞാന്‍ മൂന്ന് സിഗ്നല്‍ തരും, റെഡ്, ഓറഞ്ച്, ഗ്രീന്‍; അത് നോക്കി മാത്രം മണി സാറിന്റെ അടുത്ത് പോയാല്‍ മതി; കാര്‍ത്തിയുടെ ഉപദേശത്തെ കുറിച്ച് ജയം രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണി രത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മള്‍ട്ടി സ്റ്റാര്‍- ബിഗ് ബജറ്റ്- ഹിസ്റ്റോറിക്കല്‍ ഡ്രാമ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്തിരിക്കുകയാണ്.

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, ജയറാം, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റുകളും വളരെ ആഘോഷപൂര്‍വമായിരുന്നു നടന്നത്.

മണിരത്‌നം സിനിമയില്‍ ആദ്യമായി വര്‍ക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തിന്റെ പ്രൊമോഷനിടെ ജയം രവി. മണി സാറുമായി സംസാരിക്കാന്‍ നല്ല പേടിയുണ്ടായിരുന്നെന്ന് പറയുന്ന ജയം രവി, ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ നടന്‍ കാര്‍ത്തി തന്ന ഒരു ഉപദേശത്തെ കുറിച്ചും സംസാരിച്ചു.

”വിക്രം അണ്ണ ഒരുപാട് സിനിമകള്‍ മണി സാറിന്റെ കൂടെ ചെയ്തിട്ടുണ്ട്. ഐശ്വര്യ മാമും അഭിനയിച്ചിട്ടുണ്ട്. കാര്‍ത്തി മണി സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറുമാണ്.

എനിക്ക് നല്ല പേടിയായിരുന്നു സെറ്റിലെത്തിയപ്പോള്‍. അങ്ങനെ മണി സാറുമായി എപ്പോഴൊക്കെ സംസാരിക്കാം, എപ്പോഴൊക്കെ സംസാരിക്കാന്‍ പാടില്ല എന്ന് ഞങ്ങള്‍ കുറച്ച് പേര് കാര്‍ത്തിയുടെ അടുത്ത് പോയി ചോദിച്ചു.

ഞാന്‍ നിങ്ങള്‍ക്ക് മൂന്ന് സിഗ്നല്‍ തരും, റെഡ്, ഓറഞ്ച്, ഗ്രീന്‍. റെഡ് ആണെങ്കില്‍ മണി സാറിന്റെ അടുത്തേക്ക് പോലും പോകരുത്. കാരണം സാറിനെ നോക്കിയാല്‍ തന്നെ അത് മനസിലാകും. ഓറഞ്ച് ആണെങ്കില്‍ സ്ലോ മോഡില്‍ അടുത്തേക്ക് പോയി നോക്കാം.

ഗ്രീന്‍ ആണെങ്കില്‍ ജോളിയായി മണി സാറിന്റെ അടുത്തേക്ക് പോകാം,സുഖമാണോ സാര്‍, ഭക്ഷണം കഴിച്ചോ എന്നൊക്കെ ചോദിക്കാം, എന്ന് കാര്‍ത്തി പറഞ്ഞു.

പ്രധാനമായും മണി സാര്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ബഹുമാനമാണ് ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത്. അത് ആക്ടേഴ്‌സിന് മാത്രമല്ല, ടെക്‌നീഷ്യന്‍സിനും, ജൂനിയര്‍ ആര്‍ടിസ്റ്റിനും അദ്ദേഹത്തിന്റെ യൂണിറ്റില്‍ വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും.

അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യം തന്നെയാണ്,” ജയം രവി പറഞ്ഞു.

അതേസമയം റിലീസിന് പിന്നാലെ മികച്ച ഫസ്റ്റ് റിപ്പോര്‍ട്ടുകളാണ് പൊന്നിയിന്‍ സെല്‍വന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണിരത്‌നത്തിന്റെ സംവിധാനത്തെയും അഭിനേതാക്കളുടെ പ്രകടനത്തെയും പ്രശംസിച്ചാണ് പ്രതികരണങ്ങള്‍ പുറത്തുവരുന്നത്.

Content Highlight: Jayam Ravi talks about his fear while acting in Ponniyin Selvan with Mani Ratnam