വീണ്ടും ഒന്നിച്ചഭിനയിച്ചാല്‍ കൊള്ളാമെന്നുള്ളത് ആ നായികയുടെ കൂടെയാണ്: ജയം രവി
Entertainment
വീണ്ടും ഒന്നിച്ചഭിനയിച്ചാല്‍ കൊള്ളാമെന്നുള്ളത് ആ നായികയുടെ കൂടെയാണ്: ജയം രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th October 2024, 4:35 pm

2003ല്‍ പുറത്തിറങ്ങിയ ജയം എന്ന പ്രണയ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടനാണ് മോഹന്‍ രവി. ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം അദ്ദേഹം തന്റെ പേര് ജയം രവി എന്ന് മാറ്റുകയായിരുന്നു. ആദ്യകാലങ്ങളില്‍ റൊമാന്റിക് ഹീറോ പരിവേഷം ഉണ്ടായിരുന്ന ജയം രവി പിന്നീട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തനിക്ക് ഏത് വേഷവും ഇണങ്ങും എന്ന് തെളിയിച്ചു.

ജെനീലിയ ഡിസൂസയെ കുറിച്ച് സംസാരിക്കുകയാണ് ജയം രവി. ജെനീലിയയുടെ കൂടെ വീണ്ടും സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്നും അവര്‍ക്കും കൂടെ ഓക്കേ ആണെങ്കില്‍ ഒരിക്കല്‍ കൂടി ഇരുവരും ജോഡിയായി വരുന്ന സിനിമ ചെയ്യാന്‍ തയ്യാറാണെന്നും ജയം രവി പറയുന്നു. ചെറുപ്പത്തില്‍ ഉണ്ടായിരുന്നതുപോലുള്ള സൗഹൃദം ഇപ്പോഴും തമ്മിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയം രവി.

‘ജെനീലിയയുടെ കൂടെ ഇനിയും അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ട്. ജെനീലിയയുടെ കൂടെ വീണ്ടും അഭിനയിക്കുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷമുള്ളത് വേറെ എന്താണ്. അവരും ഞാനും പഴയ പോലെത്തന്നെയാണ് ഇപ്പോഴുമുള്ളത്. ചെറുപ്പത്തില്‍ വില്ലത്തരമെല്ലാം ചെയ്ത് എങ്ങനെയാണോ ചുറ്റി നടന്നത് അത് പോലെത്തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ ഉള്ളത്.

അവരായിട്ട് ഇപ്പോഴും ടച്ചില്‍ ഉണ്ട്. ഇപ്പോഴും സംസാരിക്കാറുമുണ്ട്. ഞങ്ങളുടെ കോമ്പിനേഷന്‍ എങ്ങനെയാണ് വീണ്ടും ചെയ്യുക എന്നുള്ളത് അറിയില്ല. പക്ഷെ അവര്‍ക്കും കൂടെ ഒക്കെ ആണെങ്കില്‍ വീണ്ടും അവരുടെ ജോഡി ആയിട്ട് സിനിമ ചെയ്യാന്‍ എനിക്ക് താത്പര്യമുണ്ട്. ഈ ഇന്റര്‍വ്യൂ കണ്ടിട്ട് ആരെങ്കിലും കഥ എഴുതിയാല്‍ തന്നെ നന്നായിരിക്കും,’ ജയം രവി പറയുന്നു.

ജയം രവിയും ജെനീലിയ ഡിസൂസയും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് സന്തോഷ് സുബ്രഹ്‌മണ്യം. മോഹന്‍ രാജ സംവിധാനം ചെയ്ത് 2006 ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

Content Highlight: Jayam Ravi Talks About Genelia D’Souza