| Sunday, 8th October 2023, 7:50 pm

നയന്‍താരക്ക് ഇന്‍ഡസ്ട്രിയില്‍ സ്ഥിരത ഉണ്ടാവാനുള്ള കാരണമിതാണ്: ജയം രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നയന്‍താരക്കൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജയം രവി. 2015ല്‍ പുറത്ത് വന്ന തനി ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് ഇരൈവന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താരക്കൊപ്പം അഭിനയിക്കുന്നത് കോളേജ് റീയൂണിയന്‍ പോലെയാണെന്ന് ജയം രവി പറഞ്ഞു. തിരക്കഥയില്‍ നയന്‍താരക്കുള്ള അറിവാണ് അവരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും ജയം രവി പറഞ്ഞു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയം രവി.

‘നയന്‍താരക്കൊപ്പം അഭിനയിക്കുന്നത് കോളേജ് റീയൂണിയന്‍ പോലെയാണ്. കോളേജ് തീര്‍ത്തതിന് ശേഷം എല്ലാവരും പുറത്ത് വേറെ ജോലിക്ക് പോവും. വീണ്ടും കാണുമ്പോള്‍ കോളേജ് ഡേയ്‌സ് മാത്രമേ നമുക്ക് ഓര്‍മ കാണുകയുള്ളൂ. അത്രയും കാലം പഠിച്ചതൊക്കെ ഞങ്ങള്‍ ഷെയര്‍ ചെയ്തു. ഒരുപാട് കാര്യങ്ങള്‍ മാറിയിരുന്നു. അതെല്ലാം ഞങ്ങള്‍ ഡിസ്‌കസ് ചെയ്തു.

തിരക്കഥയെ പറ്റി നയന്‍താരക്കുള്ള അറിവാണ് അവരില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഈ രംഗത്തിന് ഈ ഡയലോഗിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക് വളരെ എളുപ്പം പ്രവചിക്കാനാവും. ഇത്രയും നാളായിട്ടും നയന്‍താരക്ക് ഇന്‍ഡസ്ട്രിയില്‍ സ്ഥിരത ലഭിക്കുന്നതിന് കാരണമതാണ്. അവര്‍ക്ക് തിരക്കഥയിലുള്ള താത്പര്യവും ഇന്‍വോള്‍വ്‌മെന്റും ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എനിക്കത് കാണാന്‍ കഴിയും. കാരണം റീയൂണിയനില്‍ ഞങ്ങള്‍ അതിനെ പറ്റി സംസാരിച്ചിരുന്നു,’ ജയം രവി പറഞ്ഞു.

ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവന്‍ ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തിയത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ജി ജയറാം എന്നിവരാണ് ചിത്രം നിര്‍മിച്ചത്. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനായി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്.

Content Highlight: Jayam Ravi shares his experiences with Nayanthara

We use cookies to give you the best possible experience. Learn more