| Friday, 18th October 2024, 4:42 pm

പത്ത് സിനിമക്കുള്ള കഥ ആ ഒരൊറ്റ സിനിമയിലുണ്ടായിരുന്നു: ജയം രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2003ല്‍ പുറത്തിറങ്ങിയ ജയം എന്ന പ്രണയ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടനാണ് രവി. ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം അദ്ദേഹം തന്റെ പേര് ജയം രവി എന്ന് മാറ്റി. ആദ്യകാലങ്ങളില്‍ റൊമാന്റിക് ഹീറോ പരിവേഷം ഉണ്ടായിരുന്ന ജയം രവി പിന്നീട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തനിക്ക് ഏത് വേഷവും ഇണങ്ങും എന്ന് തെളിയിച്ചു.

സഹോദരനും സംവിധായകനുമായ മോഹന്‍രാജയുടെ സംവിധാനത്തില്‍ ജയം രവി നായകനായി 2015ല്‍ റിലീസായ ചിത്രമാണ് തനി ഒരുവന്‍. ജയം രവിയോടൊപ്പം അരവിന്ദ് സ്വാമി ശക്തമായ വില്ലന്‍ വേഷം അവതരിപ്പിച്ച ചിത്രത്തിന് ഇന്നും വലിയ ആരാധകരുണ്ട്. വില്ലന്‍ കഥാപാത്രങ്ങളോട് തമിഴ് പ്രേക്ഷകര്‍ക്ക് പ്രത്യേക ആരാധന തോന്നിത്തുടങ്ങിയത് തനി ഒരുവന് ശേഷമാണ്.

മിത്രന്‍ എന്ന പൊലീസ് ഓഫീസറായി ജയം രവി എത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് അഭിമന്യു എന്ന വില്ലനായി അരവിന്ദ് സ്വാമി തകര്‍പ്പന് പെര്‍ഫോമന്‍സ് കാഴ്ചവെച്ചു. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. ഇപ്പോഴിതാ തനി ഒരുവനെക്കുറിച്ചും അതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചും സംസാരിക്കുകയാണ് ജയം രവി.

ആദ്യഭാഗത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ അതില്‍ പത്ത് സിനിമക്കുള്ള കഥയുണ്ടെന്ന് തനിക്ക് തോന്നിയെന്നും അക്കാര്യം തന്റെ ജ്യേഷ്ഠനോട് പറഞ്ഞിട്ടുണ്ടെന്നും ജയം രവി പറഞ്ഞു. അത്തരമൊരു സിനിമക്ക് രണ്ടാം ഭാഗമൊരുക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധയോടെ ചെയ്യണമെന്ന കാര്യം മനസിലുണ്ടെന്നും അടുത്ത വര്‍ഷം പകുതിയോടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് തുടങ്ങുമെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു. എസ്.എസ് മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തനി ഒരുവന്‍ ഒരിക്കലും ഒരു സാധാരണ സിനിമ പോലെ കാണേണ്ട ഒന്നല്ല. അതിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ എത്രമാത്രം വൈഡായിട്ടാണ് കഥ പറയുന്നതെന്ന് തോന്നി. ഒരുപാട് കാര്യങ്ങള്‍ ആ ഒരൊറ്റ സിനിമയില്‍ പറഞ്ഞുവെക്കുന്നുണ്ട്. ഈ ഒരൊറ്റ സിനിമയില്‍ തന്നെ പത്ത് സിനിമക്കുള്ള കഥയുണ്ടെന്ന് അന്നേ ഞാന്‍ ചേട്ടനോട് പറഞ്ഞിട്ടുണ്ട്.

അതിന്റെ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. കാരണം എല്ലാവരും ആ സിനിമയില്‍ ഒരുപാട് പ്രതീക്ഷ വെച്ചിട്ടുണ്ടെന്നുള്ള നല്ല ബോധ്യം ഞങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കുറച്ച് പ്രൊജക്ട്‌സ് എനിക്കുണ്ട്. ചേട്ടന്‍ ആ സിനിമയുടെ സ്‌ക്രിപ്റ്റ് വര്‍ക്കിലാണ്. ഇതെല്ലാം തീര്‍ത്തിട്ട് അടുത്ത വര്‍ഷം പകുതിയോടെ ഷൂട്ട് തുടങ്ങുമെന്നാണ് കരുതുന്നത്,’ ജയം രവി പറഞ്ഞു.

Content Highlight: Jayam Ravi saying Thani Oruvan 2 will roll on 2025

Video Stories

We use cookies to give you the best possible experience. Learn more