|

ഇന്ത്യന്‍ സിനിമക്ക് പല പുതിയ കാര്യങ്ങളും അദ്ദേഹമാണ് പരിചയപ്പെടുത്തിയത്, അയാളോടൊപ്പം അഭിനയിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമാണ്: ജയം രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകനാകുന്നതിന് മുന്നേ അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ചയാളാണ് ജയം രിവ. സഹോദരനായ മോഹന്‍ രാജ സംവിധാനം ചെയ്ത ജയത്തിലൂടെയാണ് രവി നായകനാകുന്നത്. ആദ്യ ചിത്രം ഹിറ്റായതോടെ പേരിനൊപ്പം ജയം എന്ന് ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി. 21 വര്‍ഷത്തെ കരിയറില്‍ മുപ്പതോളം ചിത്രങ്ങളില്‍ രവി നായകനായി. മണിരത്‌നത്തിന്റെ സ്വപ്‌നചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ ടൈറ്റില്‍ റോളിലെത്താനും രവിക്ക് സാധിച്ചു.

അഭിനേതാവാകുന്നതിന് മുമ്പ് കമല്‍ ഹാസന്‍ ചിത്രമായ ആളവന്താനില്‍ അസിസ്റ്റന്റ് ഡയറക്ടറായതിനെക്കുറിച്ച് സംസാരിക്കുകയാണ് ജയം രവി. ആളവന്താന്‍ എന്ന ചിത്രം തനിക്ക് തന്ന അനുഭവം വളരെ വലുതായിരുന്നെന്നും സിനിമയെ സമീപിക്കേണ്ട രീതിയില്‍ ആ ചിത്രം ഉണ്ടാക്കിയ സ്വാധീനം സ്‌പെഷ്യലാണെന്നും ജയം രവി പറഞ്ഞു. കമല്‍ ഹാസനെ കാണാനാണ് അന്ന് പോയതെന്നും അദ്ദേഹം പലരെയും ഇന്‍സ്പയര്‍ ചെയ്തതുപോലെ തന്നെയും ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ടെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു.

കമല്‍ ഹാസന്‍ ചെയ്യാത്ത വേഷങ്ങളും സിനിമക്ക് വേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള കാര്യങ്ങളും വളരെ വലുതാണെന്നും ഇന്ത്യന്‍ സിനിമയില്‍ പല കാര്യങ്ങളും പരിചയപ്പെടുത്തിയത് അദ്ദേഹമാണെന്നും രവി പറഞ്ഞു. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ വാര്‍ത്തയാകുന്ന പല കാര്യങ്ങളും ആദ്യം ചെയ്തത് കമല്‍ സാറാണെന്നും തഗ് ലൈഫ് എന്ന സിനിമയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിയാതെ പോയത് വലിയ നഷ്ടമായി തോന്നുന്നുവെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ബ്രദറിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജയം രവി.

‘ആളവന്താന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായത് സംവിധാനം പഠിക്കാനൊന്നുമല്ല. കമല്‍ സാറിനെ കാണാനും അദ്ദേഹം അഭിനയിക്കുന്നത് കണ്ട് കോപ്പിയടിക്കാനും വേണ്ടിയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അഭിനയം ഒരാള്‍ക്കും കോപ്പിയടിക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും കമല്‍ സാര്‍ എന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. ഒരുപാട് നടന്മാരെയും ഫിലിംമേക്കഴ്‌സിനെയും ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരാളാണ് ഞാനെന്ന് പറയുമ്പോള്‍ അഭിമാനമുണ്ട്.

ഇന്ത്യന്‍ സിനിമക്ക് പല പുതിയ കാര്യങ്ങളും പരിചയപ്പെടുത്തിയത് കമല്‍ സാറാണ്. അദ്ദേഹം അന്ന് പരിചയപ്പെടുത്തിയ കാര്യങ്ങള്‍ ഇന്ന് വലിയ വാര്‍ത്തയാണ്. അങ്ങനെയുള്ള ഒരു നടനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഒരേയൊരു സങ്കടം എന്താണെന്ന് വെച്ചാല്‍, മണിരത്‌നം സാര്‍ സംവിധാനം ചെയ്ത തഗ് ലൈഫില്‍ ആദ്യം ഞാന്‍ ഉണ്ടായിരുന്നു. പക്ഷേ ചില കാരണങ്ങള്‍ കൊണ്ട് എനിക്കതില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. എന്നാലും ഇന്നും എന്നെ ഇന്‍സ്പയര്‍ ചെയ്യുന്ന നടന്മാരില്‍ ഒരാള്‍ കമല്‍ സാറാണ്,’ ജയം രവി പറഞ്ഞു.

Content Highlight: Jayam Ravi Saying Kamal Haasan inspires him in cinema