2003ല്‍ ജയം എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച നടനാണ് രവി. ആദ്യ സിനിമ വിജയമായതിനാല്‍ ആ സിനിമയുടെ പേര് തന്റെ പേരിനോട് ചേര്‍ത്ത് ജയം രവി എന്നറിയപ്പെട്ടു. 20 വര്‍ഷം പിന്നിട്ട കരിയറില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു. വിഖ്യാത സംവിധായകന്‍ മണിരത്‌നത്തിന്റെ സ്വപ്‌നസിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാനും ജയം രവിക്ക് കഴിഞ്ഞു. നവാഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന സൈറണാണ് താരത്തിന്റെ പുതിയ ചിത്രം.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ സഹായിച്ച സംവിധായകനെക്കുറിച്ച് ജയം രവി സംസാരിച്ചു. സിനിമാജീവിതത്തിന്റെ 20ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ആദ്യകാലത്ത് ഒരു നടന്‍ എന്ന നിലയില്‍ ഷോകേസ് ചെയ്ത സംവിധായകന്‍ ആരാണെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘തീര്‍ച്ചയായും അത് എന്റെ സഹോദരന്‍ രാജ തന്നെയാണ്. ജയം മുതല്‍ ഇങ്ങോട്ട് ഞങ്ങള്‍ ചെയ്ത എല്ലാ സിനിമയിലും എന്നെ സഹായിച്ചിട്ടുണ്ട്. കാരണം ഏതൊരു നടനായാലും തനിക്ക് ആവശ്യമുള്ളത് അയാളില്‍ നിന്ന് എങ്ങനെ എടുക്കണം എന്ന് അറിയാം. അനിയനാണെങ്കിലും എന്നെയും അങ്ങനെയാണ് കണ്ടിട്ടുള്ളത്. എന്നോട് പലപ്പഴും പറഞ്ഞിട്ടുണ്ട്, ‘രവീ, നിനക്ക് നിന്റെ പ്ലസും മൈനസും നന്നായിട്ട് അറിയാം. അത് എനിക്കും അറിയാം. നിനക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന വിചാരിക്കരുത്, വരുമെന്ന് വിശ്വസിക്ക്’ എന്ന് പറഞ്ഞ് എന്നെ മോട്ടിവേറ്റ് ചെയ്യും. അത് എനിക്ക് കോണ്‍ഫിഡന്‍സ് തന്നു. ‘എന്താടാ ഇങ്ങനെ ചെയ്യുന്നേ’ എന്ന് ചോദിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ തളര്‍ന്നേനെ. കാരണം, ചേട്ടന്‍ പറഞ്ഞതുകൊണ്ടാണ്. വേറെ ആരെങ്കിലുമാണെങ്കില്‍, സോറി, ഞാന്‍ ഒന്നുകൂടി ശ്രമിക്കാം എന്ന് പറയും.
ഒരു ആക്ടര്‍ എന്ന നിലയിലും, ബ്രദര്‍ എന്ന അഡ്വാന്റേജ് എടുത്തെങ്കിലും എന്റെ മേലെ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. ഒന്നുരണ്ട് ദിവസം കൂടുതല്‍ എടുത്താലും, രണ്ടുമൂന്ന് ഷോട്ട് കൂടുതല്‍ എടുത്താലും വിഷയമില്ല. നമുക്ക് നോക്കാം എന്ന ആറ്റിറ്റ്യൂഡായിരുന്നു ഞങ്ങള്‍ക്ക്,’ ജയം രവി പറഞ്ഞു. രവിയും രാജയും ഒത്തുചേര്‍ന്നപ്പോള്‍ ഒരുപിടി നല്ല സിനിമകളായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ജയം, എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, ഉനക്കും എനക്കും, തനി ഒരുവന്‍ എന്നീ സിനിമകള്‍ ഇരുവരുടെയും കരിയറിലെ മികച്ച സിനിമകളാണ്.
Content Highlight: Jayam Ravi saying about most helped director in his career beginning