ആ മലയാളി നടിയുടെ പ്രൊഫഷണലിസം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്: ജയം രവി
Film News
ആ മലയാളി നടിയുടെ പ്രൊഫഷണലിസം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്: ജയം രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd October 2023, 9:23 am

തനിക്കൊപ്പം അഭിനയിച്ച മലയാളി നടിമാരെ പറ്റി സംസാരിക്കുകയാണ് ജയം രവി. നയന്‍താരയുടെ പ്രൊഫഷണലിസവും എനര്‍ജിയും അപാരമാണെന്നും പ്രിപ്പറേഷന്‍ പോലും ചെയ്യാതെ നാച്ചുറലായി അഭിനയിക്കുന്ന നടിയാണ് ഭാവനയെന്നും ജയം രവി പറഞ്ഞു. പ്രൊഫഷണലായി തന്റെ കരിയര്‍ അസിന്‍ പരിപാലിക്കുന്നത് കണ്ട് അദ്ഭുതം തോന്നിയിട്ടുണ്ടെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ജയം രവി പറഞ്ഞു.

‘മലയാളത്തില്‍നിന്നുള്ള മികച്ച അഭിനേത്രികള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടിയത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. വളരെ പ്രൊഫഷണലായ അഭിനേത്രിയാണ് നയന്‍താര. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ സഹതാരത്തിന് കിട്ടുന്ന പ്രൊഫഷണലിസവും എനര്‍ജിയും അപാരമാണ്.

ഭാവനയാണ് മലയാളത്തില്‍നിന്ന് എനിക്ക് പ്രിയങ്കരിയായ മറ്റൊരു നടി. പ്രിപ്പറേഷന്‍പോലും ചെയ്യാതെ വളരെ നാച്ചുറലായി അഭിനയിക്കാന്‍കഴിയുന്ന ഒരാളാണ് ഭാവന. കഥാപാത്രത്തിന് ആവശ്യമാണെങ്കില്‍ അതിന്റെ മാക്‌സിമത്തില്‍ കഠിനാധ്വാനം ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്.

വളരെ പ്രൊഫഷണലായി തന്റെ കരിയര്‍ അസിന്‍ പരിപാലിക്കുന്നത് കണ്ട് അദ്ഭുതം തോന്നിയിട്ടുണ്ട്. മേക്കപ്പിലും വസ്ത്രത്തിലുമൊക്കെ സൂക്ഷ്മമായ കാര്യങ്ങളില്‍പോലും അസിന്‍ പുലര്‍ത്തുന്ന ശ്രദ്ധ അപാരമാണ്. തനിക്ക് തൃപ്തിയാകുന്നതുവരെ എത്ര റീടേക്ക് എടുക്കാനും അസിന് മടിയില്ല. അതിന് അവര്‍ ചെലവഴിക്കുന്ന സമയവും അധ്വാനവും കാണുമ്പോള്‍ വലിയ ബഹുമാനം തോന്നിയിട്ടുണ്ട്,’ ജയം രവി പറഞ്ഞു.

വൈവിധ്യം നിറഞ്ഞ ഇന്‍ഡസ്ട്രിയാണ് മലയാളമെന്നും മലയാളത്തില്‍ അഭിനയിക്കുന്നത് തന്റെ മോഹങ്ങളിലൊന്നാണെന്നും ജയം രവി പറഞ്ഞു. ‘മലയാളസിനിമ എനിക്ക് എന്നും ഏറെ പ്രിയപ്പെട്ട ഇടമാണ്. കിലുക്കം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ സിനിമകളൊക്കെ കണ്ട് ഞാന്‍ എത്ര രസിച്ചിട്ടുണ്ടെന്നോ. ഈ സിനിമകളിലൊക്കെ മോഹന്‍ലാല്‍ കാഴ്ചവെച്ച അഭിനയം എത്ര രസകരമാണ്.

പ്രേമം എന്ന മലയാള സിനിമ കണ്ട ഞാന്‍ ലൂസിഫര്‍ എന്ന സിനിമ കണ്ടപ്പോള്‍ മലയാള സിനിമയുടെ വൈവിധ്യ ലോകത്തെപ്പറ്റിയാണ് ആലോചിച്ചത്. അയ്യപ്പനും കോശിയും എന്ന സിനിമ കണ്ട് ഞാന്‍ ഏറെ ത്രില്ലടിച്ചിട്ടുണ്ട്. ഇത്ര വൈവിധ്യമുള്ള സബ്ജക്ടുകള്‍ മലയാളത്തിലല്ലാതെ മറ്റെവിടെയാണുള്ളത്.

മലയാളത്തിലെ കോമഡി സീനുകളില്‍ വരെ അഭിനേതാക്കള്‍ പുലര്‍ത്തുന്ന ആത്മസമര്‍പ്പണവും പ്രതിഭയും അപാരമാണ്. ചില മലയാള സിനിമകള്‍ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ രോമാഞ്ചം അനുഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ മലയാളത്തില്‍ അഭിനയിക്കുകയെന്നത് എന്റെ വലിയ മോഹങ്ങളിലൊന്നാണ്. മികച്ച കഥാപാത്രവുമായി മലയാളത്തിലേക്ക് എത്രയും പെട്ടെന്ന് എത്തണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം,’ ജയം രവി പറഞ്ഞു.

Content Highlight: Jayam Ravi is talking about the Malayalam actresses