| Thursday, 8th February 2024, 10:06 am

ആ ഒരൊറ്റ സിനിമ പോരെ, കീര്‍ത്തിയെ കാലങ്ങളോളം ഓര്‍ക്കാന്‍; കീര്‍ത്തി സുരേഷിനെ പ്രശംസിച്ച് ജയം രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയം എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച നടനാണ് രവി. ആദ്യ സിനിമ തന്നെ ഹിറ്റ് ആയതിനാല്‍ അതിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്തു. 20 വര്‍ഷത്തിലധികമായി സിനിമാ ഫീല്‍ഡില്‍ നില്‍ക്കുന്ന ജയം രവി 2022ല്‍ മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയില്‍ ടൈറ്റില്‍ റോളില്‍ എത്തുകയും പ്രശംസ നേടുകയും ചെയ്തു. നവാഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന സൈറണ്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ നായികയായി കീര്‍ത്തി സുരേഷിനെ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി.

‘ഈ സിനിമക്ക് ശക്തമായിട്ടുള്ള ഒരു സ്ത്രീകഥാപാത്രത്തെ ആവശ്യമുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ കീര്‍ത്തിയെ സമീപിച്ചത്. ഞാനും സംവിധായകനും ഒരുപാട് ആലോചിച്ചു, നോര്‍ത്തില്‍ നിന്ന് ആരെയെങ്കിലും ഞങ്ങള്‍ക്ക് വിളിക്കാമായിരുന്നു. പക്ഷേ എന്തുകൊണ്ട് കീര്‍ത്തിയെ തെരഞ്ഞെടുത്തു എന്നതിന് സിനിമയുടെ ക്ലൈമാക്‌സ് കാണുമ്പോള്‍ മനസിലാകും. കാരണം ആ ക്ലൈമാക്‌സാണ് സിനിമയെ മൊത്തത്തില്‍ താങ്ങി നിര്‍ത്തുന്നത്. കീര്‍ത്തിയുടെ അഭിനയത്തെപ്പറ്റി പറയേണ്ട ആവശ്യമില്ല. മഹാനടി എന്ന ഒരൊറ്റ സിനിമ മതിയാകും അവരിലെ അഭിനേതാവിനെ എന്നും ഓര്‍ക്കാന്‍,’ ജയംരവി പറഞ്ഞു.

2018ല്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്ത സിനിമയാണ് മഹാനടി. തെലുങ്കിലെ എക്കാലത്തെയും മികച്ച നടിയായ സാവിത്രിയുടെ ജീവിതകഥയാണ് ചിത്രം പറഞ്ഞത്. തമിഴ് താരം ജെമിനി ഗണേശനായി മലയാള നടന്‍ ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിലുണ്ട്. സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കീര്‍ത്തിയെ തേടിയെത്തി.

കീര്‍ത്തി സുരേഷ് ആദ്യമായി പൊലീസ് റോളില്‍ എത്തുന്ന സിനിമകൂടിയാണ് സൈറണ്‍. സമുദ്രക്കനി, അനുപമ പരമേശ്വരന്‍, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍. ജി.വി. പ്രകാശിന്റേതാണ് സംഗീതം. സെല്‍വകുമാര്‍ ഛായാഗ്രഹണവും റൂബന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫെബ്രുവരി 16ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Jayam Ravi explains why Keerthi Suresh selected for Siren movie

We use cookies to give you the best possible experience. Learn more