ഞാന്‍ പറഞ്ഞത് കൊണ്ട് ആ നടനെ മണിരത്‌നം പൊന്നിയന്‍ സെല്‍വനില്‍ നിന്ന് മാറ്റുമെന്ന് തോന്നുന്നുണ്ടോ?: ജയം രവി
Entertainment
ഞാന്‍ പറഞ്ഞത് കൊണ്ട് ആ നടനെ മണിരത്‌നം പൊന്നിയന്‍ സെല്‍വനില്‍ നിന്ന് മാറ്റുമെന്ന് തോന്നുന്നുണ്ടോ?: ജയം രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd September 2024, 8:17 am

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം വലിയ ഹിറ്റ് ആയിരുന്നു. ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി, ജയറാം, പ്രകാശ് രാജ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിന് വേണ്ടി അണിനിരന്നിട്ടുണ്ടായിരുന്നു. അരുള്‍മൊഴി വര്‍മന്‍ എന്ന ചോള രാജകുമാരനായി ചിത്രത്തില്‍ എത്തിയത് ജയം രവി ആയിരുന്നു.

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ സിനിമയിലെ കാസ്റ്റിങ്ങിനെ ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ വന്നിരുന്നു. അതില്‍ പ്രധാനപ്പെട്ടത് കാര്‍ത്തി അവതരിപ്പിച്ച വന്ദിയദേവന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് ചിമ്പുവിനെയാണ് എന്നതാണ്. അതിന് ശേഷം അദ്ദേഹത്തിനെ ഒഴിവാക്കാന്‍ കാരണം ജയം രവി ആണെന്ന് പറഞ്ഞ് നിരവധി അഭ്യുഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജയം രവി.

21 വര്‍ഷമായി മണിരത്‌നത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും അതുകൊണ്ട് തന്നെ അത്തരത്തിലുള്ള അവസരം ലഭിക്കുമ്പോള്‍ അങ്ങനെയുള്ള ആവശ്യങ്ങള്‍ താന്‍ ഉന്നയിക്കുമെന്ന് തോന്നുണ്ടോ എന്ന് ജയം രവി ചോദിക്കുന്നു. അത്രയും വലിയ സംവിധായകന്‍ താന്‍ പറയുന്നത് കേള്‍ക്കുമെന്നും തോന്നുണ്ടോയെന്ന് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

താനും ചിമ്പുവും നല്ല സുഹൃത്തുക്കളാണെന്നും തങ്ങള്‍ ഇരുവര്‍ക്കും ഇടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ ജയം രവി, പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം കിംവദന്തികള്‍ ആണെന്നും പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

’21 വര്‍ഷമായി മണിരത്നം സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന സ്വപ്നം എനിക്കുണ്ട്. ഒടുവില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? രണ്ടാമതായി, ഇത്രയും വലിയ സംവിധായകന്‍ ഞാന്‍ പറയുന്നത് കേള്‍ക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഞാനും ചിമ്പുവും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ല, എങ്ങനെയാണ് ഈ കിംവദന്തി തുടങ്ങിയതെന്ന് എനിക്കറിയില്ല,’ ജയം രവി പറയുന്നു.

അതേസമയം മണിരത്നത്തിനൊപ്പം മുമ്പ് ചെക്ക ചിവന്ത വാനം എന്ന സിനിമയില്‍ ചിമ്പു അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസനെ കേന്ദ്രകഥാപാത്രമാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫില്‍ പ്രധാനവേഷത്തില്‍ ചിമ്പുവും എത്തുന്നുണ്ട്.

Content Highlight: Jayam Ravi addresses speculations about ousting STR from Mani Ratnam’s Ponniyin Selvan