മലയാളത്തിലുള്ളവര്‍ വെറുതെ അങ്ങ് അഭിനയിച്ചു പോകുന്നവരല്ല; ഒരു പടി മുകളിലാണ് അവരുടെ സ്ഥാനം: ജയം രവി
Movie Day
മലയാളത്തിലുള്ളവര്‍ വെറുതെ അങ്ങ് അഭിനയിച്ചു പോകുന്നവരല്ല; ഒരു പടി മുകളിലാണ് അവരുടെ സ്ഥാനം: ജയം രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th September 2023, 1:07 pm

മലയാള സിനിമയോടുള്ള തന്റെ ഇഷ്ടം തുറന്നുപറയുകയാണ് നടന്‍ ജയം രവി. മലയാള സിനിമയിലെ അഭിനേതാക്കള്‍ യഥാര്‍ത്ഥത്തില്‍ സിനിമയില്‍ ജീവിക്കുകയാണെന്നും അത് ഒരു പടി മുകളിലാണെന്നുമാണ് ജയം രവി പറയുന്നത്.

ഇരൈവന്‍ എന്ന സിനിമയുടെ ഭാഗമായി കേരളത്തിലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മലയാലത്തില്‍ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയാണെന്നും ജയം രവി പറഞ്ഞു.

‘എനിക്ക് മലയാളം സ്‌കൂള്‍ ഓഫ് ആക്ടിങ് ഒരുപാട് ഇഷ്ടമാണ്. വളരെ നാച്ചുറല്‍ ആയിട്ടാണ് മലയാളത്തില്‍ ഉള്ളവര്‍ അഭിനയിക്കുക. കഥാപാത്രമായി അവര്‍ ശരിക്കും ജീവിക്കുകയാണ്. അത് എപ്പോഴും ഒരു പടി മുകളിലാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മലയാളത്തില്‍ അഭിനയിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്.

വെറുതെ അഭിനയിച്ച് പോകുന്ന നടീനടന്മാരല്ല ഇവരൊന്നും. നമുക്ക് അഭിനയത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അവര്‍ പറഞ്ഞുതരും. മലയാളത്തിലെ താരങ്ങളായ ജയറാം സാറിന്റെയും നദിയ മൊയ്തുവിന്റെയുമൊക്കെ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ട്. അവര്‍ക്കൊപ്പമൊക്കെ അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ അനുഗ്രഹീതനാണെന്ന് തോന്നിയിട്ടുണ്ട്,’ ജയം രവി പറഞ്ഞു.

മലയാള ഭാഷ പറയാനുള്ള ബുദ്ധിമുട്ട് മാത്രമാണ് ഒരു പ്രശ്‌നമെന്നും അത് ശരിയാക്കാനായി ശ്രമിക്കുമെന്നും മലയാളത്തില്‍ തനിക്കായി നല്ല കഥകള്‍ വന്നാല്‍ തീര്‍ച്ചയായും പരിശ്രമമെടുത്ത് അഭിനയിക്കുമെന്നും താരം പറഞ്ഞു.

തനി ഒരുവന്‍ 2 അടുത്ത വര്‍ഷം ഷൂട്ടിങ്ങ് തുടങ്ങുമെന്നും വില്ലന്‍ ഒരുപക്ഷേ സ്ത്രീയോ പുരുഷനോ ആവാമെന്നും നടന്‍ പറഞ്ഞു. ‘തനി ഒരുവന്‍ 2 വിനായി ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് കിട്ടുന്ന പ്രതികരണവും അത്തരത്തിലാണ്. അതിന് കാരണം തനി ഒരുവന്റെ ആദ്യ ഭാഗത്തിന് കിട്ടിയ സ്വീകാര്യതയാണ്. കഥ തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഓര്‍ഗാനിക്കായി നല്ല സ്മൂത്തായിട്ട് പോകുന്ന ഒരു കഥയാണ്. കാണുന്നവര്‍ക്ക് പെട്ടെന്ന് കണക്ട് ചെയ്യാന്‍ സാധിക്കും. അടുത്ത വര്‍ഷം ജനുവരിയില്‍ തനി ഒരുവന്‍ 2 ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് കരുതുന്നത്.

ചിത്രത്തിലെ നായകന്‍ എന്തായാലും താനാണെന്നും വില്ലന്‍ ഒരുപക്ഷേ സ്ത്രീയോ പുരുഷനോ ആവാമെന്നും താരം പറഞ്ഞു.

Content Highlight: Jayam ravi about Malayalam Movie Actors