| Thursday, 31st January 2013, 2:58 pm

കമലഹാസനോട് വ്യക്തിവിരോധം ഇല്ല, വിശ്വരൂപം വിലക്കിയത് കലാപം ഭയന്ന്: ജയലളിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ്‌നാട്: കമലഹാസന്‍ ചിത്രമായ വിശ്വരൂപത്തിന്റെ പ്രദര്‍ശനം വിലക്കിയതിന് പിന്നില്‍ വ്യക്തിപരമായ താല്‍പര്യമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. []

കമലഹാസനോട് ഒരു രീതിയിലുള്ള വിരോധവുമില്ല. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും ജയലളിത പറഞ്ഞു.

മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ ക്രമസമാധാന നില കാത്തുസൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം തനിക്കുണ്ട്. സിനിമയ്‌ക്കെതിരേ 24 മുസ്‌ലീം സംഘടനകളാണ് പ്രതിഷേധമുയര്‍ത്തിയത്.

അത്തരത്തിലൊരു പ്രതിഷേധം വരുമ്പോള്‍ അതിനെതിരെ ഒന്നും ചെയ്യാന്‍ തനിയ്ക്കാവില്ല. ചിത്രം റിലീസ് ചെയ്താല്‍ കലാപം ഉണ്ടാമോയെന്നു പോലും ഭയപ്പെട്ടിരുന്നതായി അവര്‍ പറഞ്ഞു.

റിലീസിങ് നിശ്ചയിച്ചിരുന്ന 524 തിയേറ്ററുകളിലും അക്രമം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. 524 തിയേറ്ററുകളിലെ എല്ലാ പ്രദര്‍ശനങ്ങള്‍ക്കുമുള്ള സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് സന്നാഹം തമിഴ്‌നാടിനില്ലെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് സര്‍ക്കാരിന്റെ വിലക്കിനെതിരേ കമലഹാസന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് വീണ്ടും സ്റ്റേ വാങ്ങുകയായിരുന്നു.

We use cookies to give you the best possible experience. Learn more