| Saturday, 18th November 2017, 1:22 am

ജയലളിതയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ജയലളിതയുടെ ചെന്നെയിലെ വസതിയായ പോയസ് ഗാര്‍ഡനിലായിരുന്നു വന്‍ പൊലീസ് സന്നാഹത്തോടെ റെയ്ഡ് നടത്തിയത്.

ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് ശശികലയുടെ ബന്ധുക്കളുടെ വീട്ടിലും ജയ ടി.വിയുടെ ഓഫീസിലും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ജയയുടെ വസതിയില്‍ റെയ്ഡു നടക്കുന്നതറിഞ്ഞ് അണ്ണാ ഡി.എം.കെ ദിനകരപക്ഷം പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. ജയലളിതയുടെ മരണ ശേഷം ശശികല ഉപയോഗിച്ച മുറിയിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. എന്നാല്‍ പോയസ് ഗാര്‍ഡനില്‍ മൊത്തമായുള്ള പരിശോധനയല്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Also Read: അസാധാരണമല്ലാത്തതിനാല്‍ ജിഷ്ണു പ്രണോയ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ


ഒരു കുടുംബത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നടപടിയാണെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇതിനു പിന്നിലെന്നും ദിനകരപക്ഷം ആരോപിച്ചു. ശശികലയുടെ ബന്ധുക്കളുടെ ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.

അതേസമയം നികുതി വെട്ടിച്ച് ആഡംബര കാര്‍ ഇറക്കുമതി ചെയ്ത കേസില്‍ ശശികലയുടെ ഭര്‍ത്താവ് നടരാജന്‍, അനന്തരവന്‍ വി.എന്‍.ഭാസ്‌കരന്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കു സാമ്പത്തിക കുറ്റകൃത്യ കോടതി വിധിച്ച രണ്ടു വര്‍ഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു. പ്രതികളെ എത്രയും വേഗം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും വിചാരണക്കോടതിയോടു നിര്‍ദേശിച്ചു.

We use cookies to give you the best possible experience. Learn more