| Monday, 19th March 2012, 4:37 pm

കൂടംകുളത്തുകാരുടെ ജീവന് വിലയിട്ടു; 500 കോടി, ആണവ പ്ലാന്റിന് ജയലളിതയുടെ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ:  ശക്തമായ ജനകീയ സമരവും പ്രതിഷേധവും അവഗണിച്ച് കൂടംകുളം പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി. പദ്ധതിയ്ക്ക്് അനുമതി നല്‍കിയതിന്് നഷ്ടപരിഹാരമെന്നോണം പ്രദേശത്തുകാര്‍ക്ക് 500 കോടയുടെ വികസന പദ്ധതികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ജയലളിതയുടെ പ്രഖ്യാപനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ കൂടംകുളം ആണവനിലയത്തിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തു.

” ഇന്നത്തെ മന്ത്രിസഭാ തീരുമാനം അനുസരിച്ച് കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ നടപടിയുണ്ടാവും.” ജയലളിത പ്രസ്താവനയില്‍ അറിയിച്ചു.

നിലയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് രാഷ്ട്രീയപാര്‍ട്ടിളുടെയും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും സഹായം ആവശ്യമാണെന്നും ജയലളിത പറഞ്ഞു. ആണവോര്‍ജ്ജ വിരുദ്ധ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2011 സെപ്റ്റംബര്‍ മുതല്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു.

പ്രദേശത്തെ വികസനത്തിനായി അനുവദിച്ച 500 കോടി രൂപ മത്സ്യം സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും, മത്സ്യബന്ധന ബോട്ടുകള്‍ നവീകരിക്കുന്നതിനുമൊക്കെ ഉപയോഗിക്കുമെന്നും ജയലളിത അറിയിച്ചു.

ആണവനിലയം നില്‍ക്കുന്ന ജില്ലയിലെ ശങ്കരന്‍കോയിലിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ജയലളിതയുടെ പ്രഖ്യാപനം.

ജയലളിതയുടെ പ്രഖ്യാപനം കഴിഞ്ഞയുടന്‍ തന്നെയാണ് കെ.എന്‍.പി.പി പ്രവര്‍ത്തകരായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ സംഘടനയുടെ നിയമോപദേഷ്ടാവാണ്. നേതാക്കളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് കൂടംകുളം സമരസമിതി ചെയര്‍മാന്‍ എസ്.പി ഉദയകുമാര്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി.

അറസ്റ്റിലായവരുടെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഉദയകുമാറിന്റെ നിരാഹാരം. അറസ്റ്റിലായവരുള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അനുമതിയില്ലാതെ സമരം നടത്തിയെന്നതിനാണ് കേസ്.

അതിനിടെ, അറസ്റ്റിലായവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്  ആയിരക്കണക്കിനാളുകള്‍ ആണവനിലയത്തിന്റെ കവാടം ഉപരോധിച്ചു. ഇവരെ മോചിപ്പിച്ചില്ലെങ്കില്‍ ഗ്രാമവാസികളെ മുഴുവന്‍ അറസ്റ്റുചെയ്യണമെന്ന് ഉദയകുമാര്‍ ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more