| Friday, 9th December 2016, 9:34 am

ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണം: പ്രധാനമന്ത്രി അന്വേഷണം നടത്തണമെന്നും ഗൗതമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയെ ഇത്രയധികം രഹസ്യസ്വഭാവത്തോടെ മറ്റുള്ളവരില്‍നിന്ന് അകറ്റിനിര്‍ത്തിയത് എന്തിനായിരുന്നു?


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നടി ഗൗതമി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണം നടത്തണമെന്നും ഗൗതമി ആവശ്യപ്പെട്ടു.

തന്റെ ഔദ്യോഗിക ബ്ലോഗിലാണ് ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ട്രാജഡി ആന്‍ഡ് അണ്‍ ആന്‍സ്വേര്‍ഡ് ക്വസ്റ്റ്യന്‍സ് എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് കത്ത് എഴുതിയിരിക്കുന്നത്.

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ചികില്‍സ, രോഗം കുറഞ്ഞതായുള്ള വാര്‍ത്ത, അപ്രതീക്ഷിത മരണം തുടങ്ങിയ സാഹചര്യങ്ങളെല്ലാം സംശയാസ്പദമാണെന്നു ഗൗതമി തന്റെ പോസ്റ്റില്‍ പറയുന്നു. ജയലളിതയുടെ അസുഖവിവരം  സംബന്ധിച്ച് ആദ്യംമുതല്‍തന്നെ വിവരങ്ങള്‍ മൂടിവയ്ക്കപ്പെട്ടിരുന്നു.

75 ദിവസം നീണ്ട ആശുപത്രിവാസത്തിനിടയില്‍ ജയയുടെ ആരോഗ്യത്തെക്കുറിച്ചു പുറത്തുവന്ന ഔദ്യോഗികമായ വിവരങ്ങള്‍ അപ്പോളോ ആശുപത്രി വല്ലപ്പോഴും പുറത്തിറക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനുകളായിരുന്നു.

ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരായ പലരും അവരെ സന്ദര്‍ശിക്കാന്‍ ആസ്പത്രിയിലെത്തിയിരുന്നെങ്കിലും ആര്‍ക്കും അവരെ നേരിട്ടു കാണുന്നതിന് അവസരം ലഭിച്ചില്ല.

തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയെ ഇത്രയധികം രഹസ്യസ്വഭാവത്തോടെ മറ്റുള്ളവരില്‍നിന്ന് അകറ്റിനിര്‍ത്തിയത് എന്തിനായിരുന്നു? ആരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്? ? ജനങ്ങളുടെ ചോദ്യത്തിന് ആര് ഉത്തരം പറയും? തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഉള്ളിലുള്ള ചോദ്യങ്ങളാണ് താനും ചോദിക്കുന്നത്.ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സിലുണ്ട്. ഗൗതമി പറയുന്നു.

ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കളെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രത്യേകിച്ച് ഇപ്രകാരമൊരു ദുരന്തത്തിനു പിന്നിലെ കാരണങ്ങള്‍ ഒരു കാരണവശാലും ചോദ്യംചെയ്യപ്പെടാതെയും ഉത്തരം ലഭിക്കാതെയും പോകരുത്.

നേതാക്കന്‍മാര്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന സാധാരണക്കാര്‍ക്ക് എന്തു സംഭവിക്കും? എന്റെ ഉത്കണ്ഠയാണു  ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നത്. താങ്കള്‍ അതു വ്യക്തമായി മനസ്സിലാക്കുകയും ചെയ്യുമെന്ന് തന്നെ വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നടപടിയെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗൗതമി പറയുന്നു.

We use cookies to give you the best possible experience. Learn more