ജയലളിത മരിച്ചതായി തമിഴ് മാധ്യമങ്ങള്‍; വാര്‍ത്ത നിഷേധിച്ച് അപ്പോളോ ആശുപത്രി
Daily News
ജയലളിത മരിച്ചതായി തമിഴ് മാധ്യമങ്ങള്‍; വാര്‍ത്ത നിഷേധിച്ച് അപ്പോളോ ആശുപത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th December 2016, 5:48 pm

പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചാണ് തമിഴ് മാധ്യമങ്ങള്‍ മരണ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതരുടെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ അധ്യക്ഷയുമായ ജയലളിത അന്തരിച്ചെന്ന് തമിഴ് മാധ്യമങ്ങള്‍. സണ്‍ ടിവി. പുതുതലമുറൈ എന്നീ തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി അവര്‍ ചികിത്സയിലിരിക്കുന്ന അപ്പോളോ ആശുപത്രി രംഗത്തെത്തി.

മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആശുപത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് അപ്പോളോ ട്വീറ്റ് ചെയ്തു. വിദഗ്ധ സംഘം ജയലളിതയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്.

വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആശുപത്രിക്കുമുന്നില്‍ കനത്ത സംഘര്‍ഷമാണ്. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചാണ് തമിഴ് മാധ്യമങ്ങള്‍ മരണ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതരുടെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. മരണ വാര്‍ത്ത ജയാ ടിവി വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

വിവരം  പുറത്തുവന്നതോടെ ആശുപത്രിക്കു മുന്‍പില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആശുപത്രിക്കു നേരെ കല്ലേറുണ്ടായി. ആശുപത്രി പരിസരത്തെ വാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. മരിച്ചെന്ന വാര്‍ത്ത വന്നതിനു പിന്നാലെ എ.ഐ.ഡി.എം.കെ ഓഫീസില്‍ താഴ്ത്തിക്കെട്ടി. പതാക പിന്നെയും ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്രസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.