മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച കഥാപാത്രമാണ് സേതുരാമയ്യര്‍ സി.ബി.ഐ. 1988 ല്‍ ഒരു സി.ബി.ഐ ഡയറി കുറിപ്പിലൂടെ ആരംഭിച്ച സി.ബി.ഐ സീരിസ് 2022ല്‍ സി.ബിഐ 5 ദി ബ്രെയ്‌നിലെത്തി നില്‍ക്കുകയാണ്.
ചിത്രത്തിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.
ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തിയ താരമാണ് ജയകൃഷ്ണന്‍. സി.ഐ ജോസ് മോന്‍ എന്ന ജയകൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രമാണ് ഒരു ഘട്ടത്തില്‍ കഥാഗതിയെ തന്നെ മാറ്റി മറിച്ചത്. സി.ബി.ഐ ഒന്നാം ഭാഗമിറങ്ങിയപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന തനിക്ക് സി.ബി.ഐയില്‍ അഭിനയിക്കാനായത് വിശ്വസിക്കാനാവുന്നില്ലെന്നാണ് ജയകൃഷ്ണന്‍ പറയുന്നത്.
സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ക്ലാസിക് സിനിമ തിരശീലയില്‍ അത്ഭുതം സൃഷ്ടിച്ചപ്പോള്‍ അതുകണ്ട് അമ്പരന്നു പോയ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നു താനെന്നും അക്കാലത്ത് കൈ പുറകില്‍ കെട്ടി സേതുരാമയ്യരെ താനും അനുകരിച്ചിരുന്നുവെന്നും ജയകൃഷ്ണന്‍ ഒര്‍ത്തെടുക്കുന്നു.
ഇത്രയും പ്രാധാന്യമേറിയ കഥാപാത്രത്തെ എന്നെ എല്പിച്ച സംവിധായകന്‍ കെ. മധുവിനും തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിക്കും നന്ദി പറഞ്ഞുകൊണ്ട് മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ജയകൃഷ്ണന്‍ കുറിപ്പിട്ടത്.
ജയകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
സേതുരാമയ്യര്‍ സി.ബി.ഐ എന്ന പേരും കഥാപാത്രവും മലയാളികള്‍ ഹൃദയത്തിലേറ്റിയതാണ്. സി.ബി.ഐ സിനിമകളോട് മിക്കവര്‍ക്കും വൈകാരികമായ ഒരു അടുപ്പമുണ്ട്. 34 വര്‍ഷത്തിന് ശേഷം ഒരു കഥാപാത്രം ആവര്‍ത്തിക്കപ്പെടുമ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഓര്‍മകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ്. സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ക്ലാസിക് സിനിമ തിരശീലയില്‍ അത്ഭുതം സൃഷ്ടിച്ചപ്പോള്‍ അതുകണ്ട് അമ്പരന്നു പോയ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍.
അഭിനയ മോഹങ്ങള്‍ ഒന്നുമില്ലാതെ സിനിമ ഭ്രമവുമായി നടന്ന ഒരു സാധാരണ വിദ്യാര്‍ഥി. കുഴിമറ്റം എന്ന എന്റെ ഗ്രാമത്തിനടുത്തുള്ള ചിങ്ങവനം സെന്റ് ജോര്‍ജ് തിയേറ്ററില്‍ ആണ് ഞാന്‍ സി.ബി.ഐ ഡയറിക്കുറിപ്പ് കണ്ടത്.
പിന്നീട് വായ കൊണ്ട് ട്യൂണ്‍ ഉണ്ടാക്കി പുറകില്‍ കയ്യും കെട്ടി ഞാനും സേതുരാമയ്യരെ അനുകരിച്ച് നടന്നിട്ടുണ്ട്. ഇന്ന് 34 വര്‍ഷങ്ങള്‍ക്ക് ശേഷം സി.ബി.ഐ സീരീസിലെ അഞ്ചാം പതിപ്പില്‍ സി.ഐ ജോസ് മോന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്രയും പ്രാധാന്യമേറിയ കഥാപാത്രത്തെ എന്നെ എല്പിച്ച സംവിധായകന്‍ കെ. മധു സര്‍ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി സര്‍, നന്ദി!
34 വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ ഊര്‍ജ്ജസ്വലതയോടെ സിനിമയില്‍ സേതുരാമയ്യര്‍ ആയി പകര്‍ന്നാടുന്ന…(ആ കരുതലും നന്മയും കൂടെ വര്‍ക്ക് ചെയ്തവര്‍ ഒരു തവണയെങ്കിലും അറിഞ്ഞിട്ടുണ്ടാവും) മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി…
സ്വര്‍ഗചിത്ര അപ്പച്ചന്‍ സാറിനോടും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര കടപ്പാട് ..എല്ലാത്തിലുമുപരി ഈ സിനിമ കണ്ടു വന്‍ വിജയമാക്കിയ പ്രിയ പ്രേക്ഷകര്‍ക്ക് നന്ദി!…..
എല്ലാ നന്മകളും ആശംസിക്കുന്നു….
സ്‌നേഹത്തോടെ…
ജയകൃഷ്ണന്‍
Content Highlight: Jayakrishnan, who was a schoolboy when the CBI I first part came out, says he could not believe he was able to act in the CBI