| Monday, 6th January 2025, 4:30 pm

ജാതി പ്രമാണിത്തത്തിന്റെ കൊമ്പ് മുളച്ച കണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറിയ തെയ്യക്കാവുകള്‍

ജയചന്ദ്രന്‍ നെരുവമ്പ്രം

വടക്കേ മലബാറിലെ തെയ്യക്കാവുകളിപ്പോള്‍ ജാതിയുടെയും ജാതി പ്രമാണിത്തത്തിന്റെയും കൊമ്പ് മുളച്ച കണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളായി മാറുകയാണ്. ജനകീയ കൂട്ടായ്മകളെന്ന് കൊട്ടിഘോഷിച്ച് കൊണ്ടാടുന്ന പെരുങ്കളിയാട്ടങ്ങളില്‍ ആചാരം എന്ന് പേരിട്ട് നടത്തുന്ന പലതും നവ അയിത്തമാണ്.

ചരിത്രത്തിലുടനീളം ജാതി സവര്‍ണതയുടെ ഇരകളാക്കപ്പെട്ടിരുന്ന സമുദായങ്ങളില്‍പ്പെട്ടവര്‍ തന്നെ പുതിയ കാലത്ത് സാമ്പത്തികവും സാമൂഹ്യവുമായ ശാക്തീകരണം കൈവരിച്ചതോടെ ‘നവസവര്‍ണ’രായി സ്വയം അവരോധിക്കുകയും ദളിത് കീഴാള മനുഷ്യര്‍ക്ക് മേലെ അധികാര പ്രയോഗം നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്ന് കരുതുകയും ചെയ്യുന്നു.

അതിനവര്‍ കാവുകളെയും വിശ്വാസത്തേയും കാലഹരണം വന്ന ആചാരങ്ങളെയും കൂട്ടുപിടിക്കുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് യു.എ.ഇയിലെ അജ്മാനില്‍ മലയാളികളായ വിശ്വാസികള്‍ക്ക് മുന്നില്‍ ഇവിടെയുള്ള ഏതാനും കലാകാരന്മാര്‍ ആചാരപൂര്‍വം തന്നെ തെയ്യം കെട്ടിയാടിയിരുന്നു.

അങ്ങനെ ചെയ്തത് ആചാരലംഘനമാണെന്നും ആയതിനാല്‍ അതില്‍ പങ്കാളികളായ മുഴുവന്‍ തെയ്യം കലാകാരന്മാരെയും അവരവര്‍ക്ക് പാരമ്പര്യമായി ‘ജന്മാവകാശമുള്ള’ കാവുകളില്‍ തെയ്യം കെട്ടാന്‍ അനുവദിക്കരുത് എന്നും നവ ജാതി-സ്വത്വ ജാഗരണത്തിലൂടെ പുതുതായി മുളച്ചു വന്നിട്ടുള്ള ചില ജാതിസംഘങ്ങള്‍ തിട്ടൂരം ഇറക്കുകയുണ്ടായി.

അതിനെ തുടര്‍ന്ന് പഞ്ചായത്തിലെ കണ്ണോം അഞ്ചുതെങ് തെയ്യക്കാവില്‍ ‘പുള്ളൂര്‍ കാളി’ എന്ന തെയ്യക്കോലം കെട്ടിയാടാന്‍ ജന്മവകാശമുള്ള ഷൈജു എന്ന കലാകാരനെ ഇപ്പോള്‍ നടക്കാനിരിക്കുന്ന കളിയാട്ടത്തില്‍ നിന്ന് കാവ് കമ്മറ്റി വിലക്കിയിരിക്കുകയാണ്.

സീസണലായി കെട്ടിയാടുന്ന ഒരു അനുഷ്ഠാന കലയാണ് തെയ്യം. അത്തരം സീസണുകളില്‍ കെട്ടിയാടുന്ന തെയ്യത്തില്‍ നിന്നുള്ള വരുമാനമാണ് വര്‍ഷം മുഴുവനും ജീവിക്കാന്‍ ഒരു തെയ്യക്കാരന് സഹായമാകുന്നത്. അതിനുള്ള അവസരം നിഷേധിക്കപ്പെടുകയെന്നാല്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കുക എന്നല്ലാതെ മറ്റെന്താണാര്‍ത്ഥം?

1982ല്‍ ദല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ എത്രയോ തെയ്യം കലാകാരന്മാര്‍ കോലം ധരിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതില്‍ ഈ ഷൈജുവിന്റെ പിതാവും ഉണ്ടായിരുന്നു. തെയ്യം കലയുടെ പ്രശസ്തി ലോകത്തിന്റെ പലഭാഗങ്ങളിലുമെത്തിച്ച നെരുവമ്പ്രത്തിന്റെ പ്രിയപ്പെട്ട കണ്ണപ്പെരുവണ്ണാനും അന്ന് ദല്‍ഹിയില്‍ തെയ്യം അവതരിപ്പിച്ചിരുന്നു.

അതിന്റെ പേരില്‍ അന്ന് ഒരാകാശവും ഇടിഞ്ഞു വീണില്ല. വിശ്വാസത്തിനോ തെയ്യത്തിനോ എന്തെങ്കിലും ഏനക്കേടും ഉണ്ടായില്ല. പിന്നെന്തുകൊണ്ടിപ്പോള്‍?

നവോത്ഥാനം കുഴിവെട്ടി മൂടിയ പലതും മണ്ണിളക്കി കയറി വരികയാണ്. വെള്ളപൂശിയ ശവക്കല്ലറകള്‍ തകര്‍ത്തു വരുന്ന ജാതി വെളിച്ചപ്പാടുകള്‍ ഇവിടെ ഉറഞ്ഞു തുള്ളുകയാണ്.

തെയ്യം കെട്ടുന്ന വിഭാഗത്തിനിടയില്‍ നിന്നല്ല, ഈ വിലക്കുകള്‍ വരുന്നത്. കെട്ടിക്കുന്നവരില്‍ നിന്നാണ്. ഇത് ജാതി ഹുങ്കും പുതിയ അനാചാര നിര്‍മിതിയും മാത്രമല്ല, തൊഴില്‍ നിഷേധം കൂടിയാണ്.

താന്താങ്ങളുടെ കാവുകളില്‍ തെയ്യം കെട്ടുമ്പോള്‍ മാത്രമല്ല അല്ലാത്തപ്പോഴും തെയ്യക്കാരന്‍ എന്തൊക്കെ ചെയ്യണം ചെയ്തുകൂടാ എന്ന് നിഷ്‌കര്‍ഷിക്കാന്‍ ഈ ജാതിക്കോമരങ്ങള്‍ ആരാണ്?

ആധുനിക ജനാധിപത്യത്തിലെ പൗരവകാശങ്ങളെക്കുറിച്ചോ മനുഷ്യാവകാശങ്ങളെ കുറിച്ചോ കേരളത്തിന്റെ ഭൂതകാല ചരിത്രത്തെ കുറിച്ചോ ഒന്നുമറിയാത്ത ചില ‘കാരണവന്മാരെ’ മുന്‍ നിര്‍ത്തി നവ ജാതി-സ്വത്വവാദികള്‍ കാവുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുള്ള ഈ പിന്‍നടത്ത ശ്രമങ്ങളെ മുളയിലേ നുള്ളാനുള്ള ജാഗ്രത ഇവിടുത്തെ പുരോഗമന ശക്തികള്‍ കാണിക്കേണ്ടതുണ്ട്.

തങ്ങളുടെ തറവാട്ടു മുറ്റങ്ങളിലും ജാതിക്കാവുകളിലും തെയ്യം കെട്ടിയാടുന്ന ദളിതന് അതിനുള്ള കൂലി എത്രയെന്നു നിശ്ചയിക്കുന്നത് പോലും നടത്തിപ്പുകാരായ നമ്പ്യാന്‍മാരും വാണിയന്മാരും തീയ്യന്മാരുമാണ്.

അവര്‍ നല്‍കുന്ന കൂലി എത്രയാന്ന് വച്ചാല്‍ അത് വാങ്ങി ഇവരുടെയൊക്കെ ഭക്തിയെ തൃപ്തിപ്പെടുത്താന്‍ ദളിതനായ തെയ്യക്കാരന്‍ കനല്‍ കൂനയില്‍ എടുത്തു ചാടണം അരയില്‍ തീപ്പന്തങ്ങള്‍ കുത്തി നിറുത്തി പൊരി വെയിലില്‍ ആടണം.

തെയ്യത്തെ നിരന്തരം ആദര്‍ശവത്ക്കരിച്ചും കാല്‍പ്പനികവത്ക്കരിച്ചും കീഴാള ജാതി അധമര്‍ണതയെ പൊലിപ്പിച്ചെടുക്കുന്ന ‘ഫോക്‌ലോറിസ്റ്റുകള്‍’ ജാതിശ്രേണീ ബദ്ധതയെ അറിഞ്ഞോ അറിയാതെയോ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്.

തെയ്യത്തില്‍ കലയുണ്ട്, സംഗീതമുണ്ട്, താളമുണ്ട്, അനുഷ്ടാനമുണ്ട്, ആചാരമുണ്ട് എല്ലാമുണ്ട്. ഒപ്പം ചാതുര്‍വര്‍ണ്യം നിര്‍മിച്ച അസ്പൃശ്യതയുമുണ്ട്.

തെയ്യത്തിന്റെ മറ പറ്റി ജീവിതത്തിലും സമൂഹത്തിലും നുഴഞ്ഞു കയറി വരുന്ന ബ്രാഹ്‌മണവത്കരണം മുതല്‍ ജാത്യാനാചാരങ്ങള്‍ വരെയുള്ള സര്‍വ മനുഷ്യവിരുദ്ധതകളെയും കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോയാല്‍ അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഭീകരമായിരിക്കും.

Content Highlight: Jayachandran Neruvambaram writes about caste discrimination against Theyam artists

ജയചന്ദ്രന്‍ നെരുവമ്പ്രം

സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനും

We use cookies to give you the best possible experience. Learn more