| Thursday, 28th July 2022, 9:59 am

പ്രായക്കുറവ് മൂലം ആദ്യം റിജക്റ്റ് ചെയ്തു, പ്രായം കൂട്ടാന്‍ ഭാരം കൂട്ടി: ജയ കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസില്‍ നായകനായ മലയന്‍കുഞ്ഞ് മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മണ്ണിടിച്ചിലിന്റെ ഭീകരത കാണിച്ചു തന്ന ചിത്രം വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ചിത്രത്തിലെ നായകകഥാപാത്രമായ അനിക്കുട്ടന്റെ അമ്മയെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ക്ക് അത്ര പരിചിതമായ മുഖമായിരുന്നില്ല. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ജയ കുറുപ്പിന് സിനിമയില്‍ ലഭിച്ച ആദ്യത്തെ മുഴുനീള കഥാപാത്രമായിരുന്നു മലയന്‍കുഞ്ഞിലെ ശാന്തമ്മ. മുമ്പ് ജല്ലിക്കെട്ടിലും സാജന്‍ ബേക്കറിയിലും ചെറിയ വേഷം ജയ ചെയ്തിട്ടുണ്ട്.

മലയന്‍കുഞ്ഞിലെ വേഷത്തിന് ഓഡിഷന് പോയപ്പോള്‍ തന്നെ ആദ്യം റിജക്റ്റ് ചെയ്തിരുന്നുവെന്ന് പറയുകയാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജയ.

‘കട്ടപ്പനയില്‍ ദര്‍ശന ഫിലിം സൊസൈറ്റി വഴിയാണ് ഓഡിഷന് ആപ്ലിക്കേഷന്‍ അയക്കുന്നത്. ദര്‍ശനക്ക് വേണ്ടി ഉണ്ണി ആറിന്റ ഒഴിവുദിവസത്തെ കളിയുള്‍പ്പെടെ ഒരുപാട് നാടകങ്ങള്‍ കളിച്ചിരുന്നു. ദര്‍ശനയുടെ കപ്പിത്താന്‍ എന്ന് പറയാവുന്ന ഇ.ജെ. ജോസഫ് സാറാണ് മലയന്‍കുഞ്ഞിന്റെ കാസ്റ്റിങ് കോള്‍ നടക്കുന്നുണ്ട് എന്ന് അറിയിച്ചത്. എന്നാല്‍ ഓഡിഷന് ചെന്നപ്പോള്‍ പ്രായക്കുറവ് മൂലം ആദ്യം റിജക്റ്റ് ചെയ്തു. എനിക്ക് 44 വയസും കഥാപാത്രം അറുപതിനടുത്ത് പ്രായമുള്ളയാളും.

പീന്നീട് സംവിധായകന്റെ സുഹൃത്തായ ജോസ്. പി. റാഫേല്‍ വഴി ആദ്യം അയച്ച ചിത്രങ്ങള്‍ വീണ്ടും അയക്കുകയായിരുന്നു. ആര്‍. ജെ. ശാലിനിയാണ് എന്നെ തെരഞ്ഞെടുത്തത്. റിജക്റ്റ് ചെയ്തിട്ടും എന്റെ ഫോട്ടോ അവര്‍ മാറ്റിവെച്ചു. ഷൂട്ടിനിടയിലും അവര്‍ നന്നായി ഹെല്‍പ് ചെയ്തു.

പ്രായം കൂടുതല്‍ തോന്നിക്കാനായി ശരീരഭാരം ഉയര്‍ത്തിയിരുന്നു. മേക്ക് അപ്പ് അല്ലായിരുന്നു, മേക്ക് ഡൗണായിരുന്നു. ഡാര്‍ക്കാക്കി, നരയിട്ടു. ഞാന്‍ തന്നെയാണ് ചിത്രത്തിനായി ഡബ്ബ് ചെയ്തത്. പ്രായമായ കഥാപാത്രമാവുമ്പോള്‍ അതുപോലെ സംസാരിക്കണമല്ലോ. ശബ്ദം മാറുമ്പോള്‍ സജി സാര്‍(സംവിധായകന്‍) ചേച്ചി സൗണ്ട് വിട്ടുപോകുന്നു എന്ന് പറയും. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നത് സൗണ്ട് മോഡുലേഷന്‍ മാറ്റുന്നതിനും ഡബ്ബിങിനും ഗുണം ചെയ്തു,’ ജയ പറഞ്ഞു.

ഫഹദിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ജയ പങ്കുവെച്ചു. ‘ഫഹദ് ഒരുപാട് ഹെല്‍പ്ഫുള്ളായിരുന്നു. നമ്മള്‍ ചെയ്യുന്നത് നല്ലതാണെന്ന് പറയാനുള്ള അദ്ദേഹത്തിന്റെ മനസാണ് എറ്റവും വലുത്. അക്ഷന്‍ ആന്‍ഡ് റിയാക്ഷന്‍ ആയിരുന്നു പലപ്പോഴും. അദ്ദേഹം എന്താണോ നല്‍കിയത് അത് തിരിച്ച് കൊടുക്കാന്‍ പറ്റി എന്നാണ് തോന്നുന്നത്. ഫഹദിന്റെ കണ്ണിന്റെ കാര്യം പറയേണ്ട കാര്യമില്ലല്ലോ. എന്റെ മകനാണ് നില്‍ക്കുന്നത് എന്ന ബോധ്യത്തോടെയാണ് അഭിനയിച്ചത്. എന്റെ മകനോട് എങ്ങനെയാണോ പെരുമാറുന്നത് അങ്ങനെ തന്നെയാണ് ഫഹദിനെ കാണുമ്പോള്‍ തോന്നിയത്. സെറ്റിലുള്ള എല്ലാവരും സപ്പോര്‍ട്ടീവായിരുന്നു. മഹേഷ് സാറും ഒപ്പമുള്ളവരുമെല്ലാം സഹായിച്ചു,’ ജയ കൂട്ടിച്ചേര്‍ത്തു.

ബേസില്‍ ജോസഫിന്റെ പാല്‍ തു ജാന്‍വര്‍, പാര്‍വതി തിരുവോത്ത്, ഉര്‍വശി, അലന്‍സിയര്‍ എന്നിവര്‍ അഭിനയിക്കുന്ന ഉള്ളൊഴുക്ക് എന്നിവയാണ് ജയയുടെ പുതിയ പ്രൊജക്ടുകള്‍.

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlight: Jaya  said that when she auditioned for the role in Malayankunj, she was initially rejected

We use cookies to give you the best possible experience. Learn more