ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെയും ഓരോ ഘട്ടത്തിലും നേരിടേണ്ടി വരുന്ന അനീതികളെയും ഏറ്റവും അടുത്ത് നിന്നും അവരുടെ കണ്ണിലൂടെയും കണ്ട് മനസിലാക്കി എടുത്തിരിക്കുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ആ സ്ത്രീയുടെ ദുരിതത്തിലേക്ക് മാത്രം ഫോക്കസ് ചെയ്യാതെ, അതിന് കാരണക്കാരാകുന്നവരെ കൃത്യതയോടെ അടയാളപ്പെടുത്തിയാണ് ചിത്രം കഥ പറയുന്നത്.
സ്ത്രീക്ക് വ്യക്തിയെന്ന നിലയിലുള്ള പരിഗണന നല്‍കേണ്ടതില്ല എന്ന മനോഭാവത്തെയാണ് ചിത്രത്തിലുടനീളം അഡ്രസ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. മാതാപിതാക്കള്‍, കുടുംബം, വിവാഹം, ഭര്‍ത്താവ്, ഗര്‍ഭകാലം, മക്കള്‍ എന്നിങ്ങനെ പുണ്യമെന്നും പവിത്രമെന്നും മാത്രം പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന കുറെ കാര്യങ്ങളെ സിനിമ എടുത്തിട്ടലക്കുന്നുണ്ട്, ചവിട്ടിക്കൂട്ടുന്നുണ്ട്.
ഈ അനീതികളെയും ക്രൂരതകളെയും തമാശകള്‍ നിറഞ്ഞ പ്ലോട്ടിലൂടെയാണ് ജയ ഹേയില്‍ അവതരിപ്പിക്കുന്നത്. കാരിക്കേച്ചറുകളോട് സാമ്യമുള്ള കഥാപാത്രങ്ങളിലൂടെയും സിറ്റുവേഷണല്‍ കോമഡികളിലൂടെയുമാണ് സിനിമ ആദ്യാവസാനം നീങ്ങുന്നത്.
പക്ഷെ അപ്പോഴും ആവശ്യപ്പെടുന്ന ഒരു രംഗത്തിലും തീവ്രത നഷ്ടപ്പെട്ടു പോകുന്നുമില്ല. ട്രെയ്‌ലറില്‍ കാണുന്ന ഓരോ അടിയും സിനിമയില്‍ തീവ്രതയോടെ തന്നെയാണ് കടന്നുവരുന്നത്. എന്നാല്‍ ജാനേ ഇ മന്നില്‍ മരണവും ജനനവും തമ്മില്‍ ഒരു ഞാണിന്മേല്‍ കളി നടത്തുന്നത് പോലെ ഗൗരവവും തമാശകളും ഇവിടെ സുന്ദരമായി കൈകോര്‍ത്ത് പോകുന്നുണ്ട്.
സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു ഇഷ്ടമോ തീരുമാനമോ എടുക്കാനാകാത്ത വിധം ഞെരുക്കപ്പെടുന്ന പല സീനുകള്‍ സിനിമയിലുണ്ട്. അത് പക്ഷെ അതീവ സ്വാഭാവികതയോടെയാണ് ചിത്രത്തില്‍ കടന്നുവരുന്നത്. ഈ ഭാഗങ്ങളില്‍ പ്രേക്ഷകര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ സ്വന്തം ജീവിതം കണ്‍മുന്നില്‍ കാണുന്നതുകൊണ്ട് തന്നെ വല്ലാത്തൊരു പിരിമുറക്കം അനുഭവിക്കും. സ്ത്രീകള്‍ക്ക് പുല്ലുവില പോലും നല്‍കാതെ ഇങ്ങനെ ട്രീറ്റ് ചെയ്യുന്ന ഇവിടുത്തെ പാട്രിയാര്‍ക്കല്‍ വ്യവസ്ഥിതിയോടൊക്കെ ഒന്ന് അലറി വിളിക്കാനും തോന്നും.
മനസില്‍ തറക്കുന്ന ഒരുപാട് സീനുകളുള്ള ചിത്രം കൂടിയാണ് ജയ ഹേ. (സ്‌പോയിലര്‍) അടിക്കുന്നു, സിനിമ കാണുന്നു, ഹോട്ടലില്‍ ഇടിയപ്പവും ചിക്കനും കഴിക്കുന്നു, ഹാപ്പിയായില്ലേ എന്ന് ചോദിക്കുന്നു – ഈ ഭാഗങ്ങള്‍ മറക്കാനാകില്ല.
തിരക്കഥയൊരുക്കിയ നാഷിദ് മുഹമ്മദ് ഫാമിയും വിപിന്‍ ദാസും, സിനിമാറ്റിക്കലായി തന്നെ കഥ പറയുമ്പോഴും വളരെ സത്യസന്ധമായും യാഥാര്‍ത്ഥ്യബോധത്തോടെയുമാണ് സ്ത്രീ ജീവിതങ്ങളെ സമീപിച്ചിരിക്കുന്നത്. ഒരൊറ്റ ദിവസത്തെ മോട്ടിവേഷനോ ആവേശമോ അത്ഭുതങ്ങളോ സ്ത്രീകളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കില്ല എന്ന യാഥാര്‍ത്ഥ്യത്തെ, സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തിടത്തോളം വലിയ ഓപ്ഷനുകളൊന്നും നിങ്ങള്‍ക്ക് മുന്നിലുണ്ടാകില്ല എന്ന സത്യത്തെ സിനിമ കാണിച്ചു തരുന്നുണ്ട്.
പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ പരിച്ഛേദങ്ങളായി പെരുമാറുന്ന കഥാപാത്രങ്ങള്‍ക്ക് ‘എന്തൊക്കെയാലും അവര്‍ അച്ഛനും അമ്മുയമല്ലേ’ ടൈപ്പ് ആനുകൂല്യമൊന്നും സിനിമ കൊടുക്കുന്നില്ല. സ്ത്രീകളോട് അവരുടെ ഏറ്റവും ഇന്റിമേറ്റ് സര്‍ക്കിള്‍ മുതല്‍ സമൂഹം ഒന്നടങ്കം പെരുമാറുന്ന രീതിയെ, ഈ സിസ്റ്റത്തിന്റെ ക്രൂരതയെ വെട്ടിത്തുറന്ന് വെക്കാന്‍ തന്നെയാണ് സംവിധായകന്റെ തീരുമാനം.
ഭാര്യമാര്‍ ഗര്‍ഭിണികളാകുന്നതിനെയും കുട്ടികളുണ്ടാകുന്നതിനെയും പുരുഷന്മാര്‍ കാണുന്ന ഒരു രീതി,
പുരുഷന്മാര്‍ക്ക് ഒറ്റക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നതിന് രാജേഷ് പറയുന്ന കാരണം, ആശുപത്രിയില്‍ വെച്ച് ജയയുടെ മാതാപിതാക്കള്‍ സംസാരിക്കുന്നത് എന്നിങ്ങനെ സിനിമയില്‍ കാഴ്ചപ്പാടും നിരീക്ഷണവും മേക്കിങ്ങും കൊണ്ട് ഏറെ ഇഷ്ടപ്പെട്ട ഭാഗങ്ങളുണ്ട്. ഫൈറ്റ് സീനുകളും ഗംഭീരമായിരുന്നു. സ്‌പോയിലറാകുമെന്നതുകൊണ്ട് അധികം പറയുന്നില്ല.
സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ശ്രദ്ധയോടെയാണ് വാര്‍ത്തെടുത്തിരിക്കുന്നത്. ദര്‍ശനയുടെ ജയ വളരെ പരിചിതയായ പെണ്‍കുട്ടിയാണ്. ഏറെ സാധാരണക്കാരിയായ ഒരാള്‍. ഈ സാധാരണത്വത്തെ തന്നെയാണ് കഥാപാത്രസൃഷ്ടിയിലും പെര്‍ഫോമന്‍സിലും കാണാനാവുക. ജയയുടെ ജീവിതത്തില്‍ പിന്നീട് നടക്കുന്ന കാര്യങ്ങള്‍ക്കും അവളെടുക്കുന്ന വേറിട്ടതെന്ന് വിളിക്കപ്പെടാവുന്ന തീരുമാനങ്ങളുമെല്ലാം കണക്ട് ചെയ്യപ്പെടുന്നത് ഈ സാധാരണത്വം കൊണ്ടാണ്. പക്ഷെ ഇന്നാട്ടിലെ ഓരോ സ്ത്രീയും കടന്നുപോകുന്ന ആ ജീവിതസാഹചര്യങ്ങള്‍ അസാധാരണവും ഭീതിപ്പെടുത്തുന്നതും ക്രൂരവുമാണെന്ന് ഓരോ നിമിഷത്തിലും സിനിമ മനസിലാക്കി തരുന്നുണ്ട്.
അഭിനയിക്കുന്ന സിനിമകളിലും കഥാപാത്രങ്ങളിലും ബേസില്‍ എത്രമാത്രം സെലക്ടീവാണെന്ന് അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം കാണിച്ചു തരുന്നുണ്ട്. ജയ ജയ ഹേയും അങ്ങനെ തന്നെയാണ്. ബേസില്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും വ്യത്യസ്തവുമാണ് രാജേഷ്.
രാജേഷിന്റെ കഥാപാത്രസൃഷ്ടി അതിഗംഭീരമാണ്. ജയ പൊറോട്ടയും ബീഫും പറയുമ്പോള്‍ അത് ഇടിയപ്പവും ചിക്കനുമാക്കി ഓര്‍ഡര്‍ ചെയ്യുന്ന ഭാഗം, അയാളുടെ ശീലങ്ങള്‍ക്കും ദേഷ്യത്തിനും വീട്ടില്‍ ലഭിക്കുന്ന പ്രാധാന്യം, അമ്മ രാജേഷിനെ കുറിച്ച് പാവമാ എന്ന് പറയുന്ന സീനുകള്‍, സോറി പറഞ്ഞില്ലേ എന്ന് ചോദിക്കുന്നത് തുടങ്ങി രാജേഷെന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നതിലെ സൂക്ഷ്മത വ്യക്തമാക്കുന്ന നിരവധി ഭാഗങ്ങളുണ്ട്. അതെല്ലാം ഗംഭീരമായി തന്നെ ബേസില്‍ അവതരിപ്പിച്ചിട്ടുണ്ട്.
അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, ആനന്ദ് മന്മമദന്‍ എന്നിവരും രാജേഷിന്റെ അമ്മയായി എത്തിയ നടിയുമാണ് പിന്നീട് പെര്‍ഫോമന്‍സില്‍ മുന്നിട്ടു നില്‍ക്കുന്നത്. കോമഡി ടൈമിങ്ങും ഏറ്റവും അനായാസമായി അത് കൈകാര്യം ചെയ്യുന്ന രീതിയും കൊണ്ട് കിടിലനാക്കുന്നത് രാജേഷിന്റെ അമ്മ തന്നെയാണ്.
സംഘികള്‍ക്കും ബി.ജെ.പിക്കും ചിലയിടത്തൊക്കെ കൊട്ടുകള്‍ ചിത്രം നല്‍കുന്നുണ്ട്. അനീസ് നെടുമങ്ങാടിന്റെ കഥാപാത്രത്തിലൂടെയാണ് ഇക്കാര്യം ചിത്രം നിറവേറ്റുന്നത്.
സിനിമയില്‍ ജയയുടെ പെണ്‍സുഹൃത്തുക്കളായി ആരും കടന്നുവരാത്തത് മാത്രമാണ് ഒരു മിസിങ്ങായി തോന്നിയത്. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഒരിക്കല്‍ പോലും ഒരു പെണ്‍സുഹൃത്തിനോടും പോലും ജയ സംസാരിക്കുന്നില്ല.
അങ്കിത് മേനോന്റെ പാട്ടുകളും പശ്ചാത്തലസംഗീതവും ജയ ഹേക്ക് മുതല്‍ക്കൂട്ടായിരുന്നു. സീരിയലിന്റെയും ഷൈജു ദാമോദരന്റെയും ഡയലോഗുകള്‍ സീനുകളില്‍ പശ്ചാത്തലമായി ഉപയോഗിച്ചത് ആസ്വാദനത്തെ എന്‍ഗേജിങ്ങാക്കി. ക്യാമറയും എഡിറ്റും പശ്ചാത്തല സംഗീതത്തിനൊപ്പം നല്ല വേഗത്തിലും പതുക്കെയും മാറിമാറിയൊഴുകി. ബബ്ലു അജുവും ജോണ്‍കുട്ടിയും മികച്ച ചേര്‍ച്ചയിലാണ് സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നത്.
ജയ ഹേ ഒരു തരത്തില്‍ നോക്കിയാല്‍ ലൗഡായി തന്നെ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന സിനിമയാണ്. സാധാരണയായി കാണുന്ന കാഴ്ചകളെ തിരിച്ചുവെച്ച്, കണ്ണ് തുറക്കാന്‍ പ്രേരിപ്പിക്കുന്നതായതു കൊണ്ടും, വളരെ അടിയുറച്ച് പോയ കാര്യങ്ങള്‍ക്കെതിരെയാണ് സംസാരിക്കുന്നത് എന്നതുകൊണ്ടും ഇത്രയെങ്കിലും ഉറക്കെ പറയേണ്ടതുമുണ്ട്. എന്നുവെച്ച് ഒരു ഘട്ടത്തിലും സിനിമ പ്രസംഗമാകുന്നില്ല.
ജയയുടെ കുട്ടിക്കാലത്തെ രണ്ട് തവണയായി കാണിക്കുന്ന ആദ്യ ഭാഗവും, പര്‍ദയിട്ട സ്ത്രീ നടന്നുപോകുന്ന ഭാഗവും, സോഷ്യല്‍ മീഡിയ വൈറല്‍ സീനും, അവസാന രംഗങ്ങളും മാത്രമാണ് തിരക്കഥയില്‍ ഒരല്‍പം അയവ് വരുത്തി, ഒരു സ്പൂണ്‍ ഫീഡിങ്ങിലേക്ക് കടന്നത്. ഇതുപോലെ ആദ്യ പകുതി ഗംഭീരമായി മുന്നോട്ടു പോകുമ്പോള്‍, രണ്ടാം പകുതിയുടെ തുടക്കം കഴിയുന്നതോടെ സിനിമ ചെറുതായി പേസ് കൈവിടുന്നുമുണ്ട്.
എന്നാല്‍ ലിംഗവിവേചനത്തെയും പാട്രിയാര്‍ക്കിയെയും അതിന്റെ ക്രൂരമായ സാധാരണത്വത്തെ മനസില്‍ തറക്കും വിധം അവതരിപ്പിക്കുന്നതില്‍ ജയ ജയ ജയ ജയ ഹേ വിജയം തന്നെയാണ്.
Content Highlight: Jaya Jaya Jaya Jaya Hey Review