Entertainment news
ജയ ജയ ജയ ജയ ഹേ ബോളിവുഡിലേക്കോ? വിപിന്‍ ദാസിനെ മുംബൈയിലേക്ക് വിളിപ്പിച്ച് ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 08, 07:16 am
Wednesday, 8th March 2023, 12:46 pm

വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ സിനിമയാണ് ജയ ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്ക് റീമേക്കിനൊരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പേര്‍ട്ടുകള്‍.

വിപിന്‍ ദാസും നാഷിദ് മുഹമദ് ഫാമിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍, കുടുംബങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അതില്‍ നിന്നും പുറത്ത് വരാന്‍ ശ്രമിക്കുന്ന ജയ എന്ന കേന്ദ്രകഥാപാത്രത്തിന്റെ പോരാട്ടങ്ങളുമാണ് പ്രമേയമാകുന്നത്.

സിനിമ കണ്ട് ഇഷ്ടപ്പെട്ട ബോളിവുഡ് നടന്‍ ആമിര്‍ ഖാനാണ് ജയ ജയ ജയ ജയ ഹേയുടെ ഹിന്ദി റീമേക്കിന് നേതൃത്വം കൊടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ വിപിന്‍ ദാസിനെ ആമിര്‍ ഖാന്‍ മുംബൈയിലേക്ക് വിളിപ്പിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ആമിര്‍ ഖാന്‍ ചിത്രത്തെ പ്രശംസിക്കുകയും ചെയ്തുവെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മറ്റ് ചില കഥകള്‍ ബോളിവുഡില്‍ സിനിമയാക്കാനുള്ള സാധ്യതകള്‍ ആമിര്‍ ഖാന്‍ ആരാഞ്ഞുവെന്നും വിപിന്‍ ദാസിന്റെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: jaya jaya jaya jaya hey hindi remake, report