| Thursday, 10th November 2022, 11:53 am

കണ്ടന്റ് ഈസ് കിങ്; ജയയുടെ സൂപ്പര്‍ കിക്കില്‍ നേടിയത് 25 കോടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിപിന്‍ ദാസ് ചിത്രം ഇറങ്ങിയ ജയ ജയ ജയ ജയ ഹേ ഇപ്പോഴും തിയേറ്ററുകള്‍ ഭരിക്കുകയാണ്. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. സ്വന്തം വീടുകളില്‍ തന്നെ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ തുറന്ന് കാണിച്ച സിനിമ സ്ത്രീയുടെ കണ്ണിലൂടെയാണ് സഞ്ചരിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 25 കോടിയാണ് ജയ ഹേ നേടിയിരിക്കുന്നത്. വലിയ താരനിരയോ ബജറ്റോ ഇല്ലാതെ വന്ന ചിത്രം പ്രേക്ഷക പ്രശംസയും വാണിജ്യവിജയവും ഒരുമിച്ച് നേടുമ്പോള്‍ കണ്ടന്റിന് തന്നെയാണ് പ്രാധാന്യം എന്ന് മലയാളി പ്രേക്ഷകര്‍ വീണ്ടും തെളിയിക്കുകയാണ്.

സിനിമക്ക് പുറമെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രമുഖരും ചിത്രത്തെ പ്രശംസിച്ചിരുന്നു. മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.കെ. ശൈലജ, എ.എ. റഹീം എം.പി. എന്നിവരാണ് ഈ നിരയില്‍ ഏറ്റവുമൊടുവില്‍ വന്നത്.

ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ തിയേറ്ററില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷന്മാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയില്‍ പ്രതികരണങ്ങള്‍ ഉണ്ടായത് ഒരു നല്ല ലക്ഷണമാണെന്ന് ശൈലജ പറഞ്ഞു. ഒരു മലയാളിയുടെ ആസ്വാദന നിലവാരം പൂര്‍ണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചന കൂടിയാണ് സിനിമ എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമൂഹ്യഘടനയെ നിശിതമായി കടന്നാക്രമിക്കുന്ന ജയ ജയ ജയ ജയഹേ ശക്തമായ സ്ത്രീപക്ഷ സിനിമയാണെന്നാണ് എ.എ. റഹീം പറഞ്ഞത്.

ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ജയ ജയ ജയ ജയ ഹേയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: jaya jaya jaya jaya Hey has collected 25 crores from the global box office

We use cookies to give you the best possible experience. Learn more