ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ.
ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്നതിനോടൊപ്പം തന്നെ വളരെ ഗൗരവമായ ഒരു വിഷയത്തെ കൂടിയാണ് ചിത്രത്തിലൂടെ സംവിധായകന്‍ അഡ്രസ് ചെയ്യുന്നത്.
സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും അവരുടേതായ ഐഡന്റിറ്റി ഉണ്ടെന്നതാണ് ജയഹേയുടെ മറ്റൊരു പ്രത്യേകത. വെറുതെ സ്‌ക്രീനില്‍ വന്ന് പോയെന്ന് തോന്നുന്ന ഒരു കഥാപാത്രം പോലും ചിത്രത്തിലില്ല.
ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രത്തിന്റ ചേച്ചിയായി സ്‌ക്രീനില്‍ എത്തിയത് നടി ശീതള്‍ സക്കറിയ ആണ്. മികച്ച രീതിയില്‍ തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശീതളിനായിട്ടുണ്ട്.
സിനിമയിലെ ചില സീനുകളില്‍ തന്നോട് അഭിനയിക്കയേ വേണ്ടെന്ന് സംവിധായകന്‍ പറഞ്ഞിരുന്നുവെന്നാണ് ശീതള്‍ പറയുന്നത്. അന്ന് അത് എന്തിനാണെന്ന് തനിക്ക് മനസിലായിരുന്നില്ലെന്നും പിന്നീട് സിനിമ കണ്ടപ്പോഴാണ് മനസിലായതെന്നും ശീതള്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
രാജേഷ് വീട്ടിലേക്ക് വന്ന് കയറി ദേഷ്യപ്പെട്ട് ഡോര്‍ അടച്ച് മുറിയിലേക്ക് കയറിപ്പോകുന്ന സീന്‍ ഷൂട്ട് ചെയ്യുകയാണ്. ഞാന്‍ വാതിലിന്റെ അടുത്ത് നില്‍ക്കുന്നുണ്ട്. ബേസില്‍ ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ മുഖം കൊണ്ട് ഒരു എക്‌സ്പ്രഷന്‍ ഇട്ടു. അപ്പോള്‍ വിപിന്‍ ചേട്ടന്‍ അടുത്ത് വന്നിട്ട് നെറ്റിയുടെ ഭാഗത്തേക്ക് വിരല്‍ ചൂണ്ടിയിട്ട് നീ ഇവിടെ അനക്കണ്ട എന്ന് പറഞ്ഞു. പിന്നെ മുഖവും അനക്കേണ്ട, തലയും തിരിക്കണ്ട എന്ന് പറഞ്ഞു. പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ വെറുതെ നിന്നാല്‍ മതിയെന്നായിരുന്നു മറുപടി. അങ്ങനെ ഞാന്‍ വെറുതെ നിന്നു. അന്ന് അത് എന്തിനാണ് പറഞ്ഞതെന്ന് എനിക്ക് മനസിലായിരുന്നില്ല.
ഒട്ടും എക്‌സ്പ്രസ് ചെയ്യാത്ത ഒരു ക്യാരക്ടറാണ് രാജിയുടേത്. പിന്നീടാണ് മനസിലായത് ഞാന്‍ എക്‌സ്പ്രഷനൊക്കെയിട്ട് ചെയ്തിരുന്നെങ്കില്‍ രാജി എന്ന കഥാപാത്രം തന്നെ മാറി എക്പ്രസീവ് ആയിപ്പോയെനെയെന്ന്, ശീതള്‍ പറഞ്ഞു.
അതുപോലെ ഇവരുടെ റൂമിന്റെ പുറത്ത് നിന്ന് ചില ശബ്ദം കേട്ട് അമ്മയുടെ അടുത്ത് പോയിട്ട് അവര്‍ തമ്മിലുള്ള പ്രശ്‌നമൊക്കെ മാറിയെന്നാ തോന്നുന്നത് എന്ന് പറയുന്ന സീന്‍ ഷൂട്ട് ചെയ്യുകയാണ്.
ഞാന്‍ നില്‍ക്കുന്നത് ഹാളിലാണ്. ഇവരൊക്കെ സ്‌ക്രീന്‍ വെച്ച് അടുക്കളയുടെ ഭാഗത്താണ് നില്‍ക്കുന്നത്. ഞാന്‍ ഇത് ചെയ്ത് കഴിഞ്ഞപ്പോള്‍ കട്ട് വിളിച്ചു. അപ്പോള്‍ തന്നെ അവിടെ നിന്ന് അവര്‍ എല്ലാവരും കൂടി ഉറക്കെ ചിരിക്കുന്നത് കേട്ടു. സീന്‍ സെറ്റാണെന്ന് അപ്പോള്‍ തോന്നി, ശീതള്‍ പറഞ്ഞു.
സെറ്റിലും ബേസിലും ദര്‍ശനയും ഫുള്‍ ടൈം അടിയാണെന്നും നിനക്ക് അഭിനയിക്കാന്‍ അറിയില്ലെന്നൊക്കെ പറഞ്ഞ് പരസ്പരം ഡീമോട്ടിവേഷനാണെന്നും പക്ഷേ നല്ല സുഹൃത്തുക്കളുമാണ് രണ്ട് പേരെന്നും ശീതള്‍ പറഞ്ഞു.
ബേസിലും ദര്‍ശനയും ഭയങ്കര സപ്പോര്‍ട്ടീവാണ്. എല്ലാവരും അങ്ങനെ തന്നെയാണ്. ഭയങ്കര ഹാര്‍ഡ് വര്‍ക്ക് ഇട്ടിട്ടാണ് ഫൈറ്റ് സീനൊക്കെ രണ്ടുപേരും ചെയ്തത്. സെറ്റില്‍ എത്ര ചിരിച്ചിട്ടുണ്ടെന്ന് ഇപ്പോഴും അറിയില്ല. ബേസിലിന്റെ ചില എക്‌സ്പ്രഷനൊക്കെ കണ്ട് ചിരിയടക്കാന്‍ പാടുപെട്ടിട്ടുണ്ടെന്നും ശീതള്‍ പറയുന്നു.
Content Highlight: Jaya Jaya Jaya Jaya he Movie actress Sheethal about her Character Raji