ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയിരിക്കുകയാണ് കുടശ്ശനാട് കനകം എന്ന അഭിനേത്രി. നാടക ആര്‍ടിസ്റ്റായ കനകം, ബേസില്‍ കഥാപാത്രത്തിന്റെ അമ്മയായി എത്തി ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
റിലീസിന് ശേഷം കനകം നല്‍കിയ അഭിമുഖങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അനുകരണവും രസകരമായ കമന്റുകളുമായി എത്തിയ കനകം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.
മമ്മൂട്ടിയെ തന്റെയടുത്ത് വിട്ടാല്‍ നന്നായി ഡാന്‍സ് കളിപ്പിക്കുമെന്നാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കനകം ചിരിയോടെ പറഞ്ഞത്.
‘മമ്മൂക്കയ്ക്ക് അടിപൊളിയായി ഡാന്‍സ് ചെയ്യാന്‍ പറ്റും. ഇത് കണ്ട് പുള്ളി ഒന്ന് ചെയ്തു നോക്കട്ടെ. എന്റടുത്ത് മമ്മൂക്ക വരികയാണെങ്കില്‍ ഡാന്‍സ് ചെയ്യിപ്പിക്കുന്ന കാര്യം ഞാനേറ്റു.
ശരീരത്തെ ഫ്രീയായി വിട്ടാല്‍ ആര്‍ക്കും ഡാന്‍സ് ചെയ്യാന്‍ പറ്റും. ക്ലാസിക്കലിനാണ് ബലം പിടുത്തം വേണ്ടത്,’ കനകം പറഞ്ഞു. കോറിയോഗ്രാഫര്‍ കൂടിയായ കനകം പല പാട്ടുകളുടെയും സ്റ്റെപ്പുകളെല്ലാം കാണിച്ചുകൊണ്ടായിരുന്നു ഇത് പറഞ്ഞത്.
അഭിമുഖത്തില്‍ ജയ ജയ ജയ ജയ ഹേ സിനിമയിലേക്ക് വിളിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും അഭിമുഖത്തില്‍ കനകം സംസാരിക്കുന്നുണ്ട്.
കുശുമ്പിയായ അമ്മായി അമ്മയാണെങ്കിലും ദര്‍ശന അവതരിപ്പിച്ച കഥാപാത്രത്തോട് സ്നേഹം കാണിക്കുന്ന കഥാപാത്രം തന്നെയാണ് വിലാസിനിയെന്നും സിനിമയുടെ കഥ എന്താണെന്ന് അഭിനയിക്കുമ്പോള്‍ താന്‍ ചോദിച്ചിട്ടില്ലെന്നും കനകമ്മ പറഞ്ഞു.
”കുശുമ്പൊക്കെയുള്ള അമ്മായിഅമ്മയാണെങ്കിലും രാജേഷ് ആ കുഞ്ഞിനെ ഉപദ്രവിക്കുകയും വഴക്ക് പറയുമ്പോഴെല്ലാം അവന്റെ അമ്മ മകളെ സ്നേഹിക്കുന്നുണ്ട്. കാരണം തന്റെ മകളും ആ വീട്ടില്‍ വന്ന് നില്‍ക്കുന്നുണ്ടല്ലോ.
പക്ഷേ എത്ര പറഞ്ഞാലും സ്വന്തം മകനോടായിരിക്കുമല്ലോ സ്നേഹം. അവന്‍ ദേഷ്യപ്പെടുമ്പോഴൊക്കെ വഴക്കിടുമെങ്കിലും അവന്റെ സൈഡ് ആയിരിക്കും. എത്രയൊക്കെ ദുഷ്ട കഥാപാത്രമായാലും ഒരമ്മക്ക് മകനോട് സ്നേഹമായിരിക്കും.
ജയ ജയ ജയ ജയ ഹേ എന്റെ ആദ്യത്തെ സിനിമയാണ്. വിലാസിനി ആയപ്പോള്‍ എനിക്ക് കഥ ഒന്നും അറിയില്ലായിരുന്നു. ഞാന്‍ ചോദിക്കാനും പോയിട്ടില്ല. കഥ അറിഞ്ഞാല്‍ അത് നമ്മളെ വേറെ റൂട്ടിലേക്ക് കൊണ്ട് പോകും. സിറ്റുവേഷന്‍ അനുസരിച്ച് ഡയലോഗ് പറയുക അത് ചെയ്യുക ശേഷം അവര്‍ കോര്‍ത്തിണക്കിക്കോളും.
നല്ലൊരു അമ്മ വേഷം വേണമെന്ന് പറഞ്ഞപ്പോള്‍ ബിജുവാണ് എന്നെ പരിചയപ്പെടുത്തിയത്. നാടകത്തിലൂടെയാണ് ഞങ്ങള്‍ പരിചയത്തിലായത്. വലിയ ബുദ്ധിമുട്ടിലായിരുന്നു അന്ന് ഞാന്‍. കാരണം നാടകത്തിന് ഒരു പരിധിയുണ്ട്. സാമ്പത്തികമായി ലോക്ക് ഡൗണ്‍ വന്നതോടെ ആകെ പെട്ടുപോയ അവസ്ഥയായിരുന്നു.
അപ്പോഴും കലയുണ്ടല്ലോ കയ്യില്‍ എങ്ങനെ എങ്കിലും രക്ഷപ്പെടും എന്ന ചിന്തയുണ്ടായിരുന്നു. എനിക്ക് ഭയങ്കര നാച്ചുറല്‍ അഭിനയമാണെന്നാണ് എല്ലാവരും പറയുന്നത്. അതിനിപ്പോ കുറച്ച് ഓവറാണെന്ന് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല,” കനകം പറഞ്ഞു.
Content Highlight: Jaya Jaya Hey movie fame Kanakam says she can make Mammootty dance