മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കാന്‍ റെഡിയാ, പക്ഷെ ഏറ്റവും ഇഷ്ടം മറ്റൊരു നടനെ: കുടശ്ശനാട് കനകം
Entertainment
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കാന്‍ റെഡിയാ, പക്ഷെ ഏറ്റവും ഇഷ്ടം മറ്റൊരു നടനെ: കുടശ്ശനാട് കനകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd November 2022, 3:14 pm

അഭിനയമോഹങ്ങളെ കുറച്ച് തുറന്നുപറയുകയാണ് ജയ ഹേ ഫെയിം കുടശ്ശനാട് കനകം. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പവുമെല്ലാം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ബിജു മേനോന്റെ അമ്മയായി സ്‌ക്രീനിലെത്താനാണ് കനകം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം കനകം പറഞ്ഞത്. മോഹന്‍ലാലിനെ അനുകരിച്ച് കാണിച്ച നടി മമ്മൂട്ടിയുടെ ഡാന്‍സിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. ബിജു മേനോനോടുള്ള ഇഷ്ടത്തിന്റെ കാരണവും നടി അഭിമുഖത്തില്‍ പറയുന്നുണ്ട്.

ബിജു മേനോന്റെ നായികയായി വരണമെന്നല്ലേ ആഗ്രഹമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കനകം.

‘നായികയല്ല. അമ്മയായി വരണമെന്നാണ് ആഗ്രഹം. ബിജു മേനോന്റെ ശൈലിയൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാ. അതാ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിക്കാന്‍ ആഗ്രഹം.

പിന്നെ, ഒരു ചുരിദാറെടുത്തിട്ടാല്‍ ഞാന്‍ കറക്ട് നായികയാവും. ചുരുദാറിട്ട് വന്നാല്‍ ഈ കാണുന്ന എന്റെ മോളാണെന്നേ തോന്നു. നല്ല ചേഞ്ചാ, ഹെയര്‍ സ്‌റ്റൈലൊക്കെ അതിനുനസരിച്ച് മാറ്റുമല്ലോ.

 

അങ്ങോട്ട് സാരിയുടത്ത് പോയ ഞാന്‍ ഇങ്ങോട്ട് ചുരിദാറിട്ട് തിരിച്ചു വന്നാല്‍ ‘ഇപ്പോള്‍ പോയ ആളുടെ മകളാണോ’ എന്നേ ചോദിക്കൂ. ഞാന്‍ പറയുന്നതല്ല നാട്ടുകാര്‍ പറയുന്നതാ(ചിരിയോടെ). നാട്ടുകാര്‍ തല്ലിക്കൊല്ലാതെവിട്ടാല്‍ മതിയാര്‍ന്നു,’ കനകം പറയുന്നു.

ഇതിന് പിന്നാലെ അവതാരകന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കാന്‍ ആഗ്രഹമില്ലേയെന്ന് ചോദിച്ചപ്പോഴും രസകരമായ മറുപടിയായിരുന്നു കനകം നല്‍കിയത്.

ഒരു കുഴപ്പവുമില്ല. അഭിനയിക്കാന്‍ അവസരം തന്നോട്ടെ. ഞാന്‍ റെഡിയാ. ആരെങ്കിലും റോള്‍ തന്നാല്‍ മതി. തുടര്‍ന്ന് മോഹന്‍ലാലിന്റെ ഡാന്‍സും തോള്‍ ചെരിഞ്ഞുള്ള ആക്ഷനുമൊക്കെ അനുകരിക്കുകയും ചെയ്യുന്നുണ്ട് നടി.

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് ഏറെ വിമര്‍ശനം നേരിടേണ്ടി വന്ന ഡാന്‍സിനെ കുറിച്ചായിരുന്നു കനകം സംസാരിച്ചത്. മമ്മൂട്ടി അടിപൊളിയായി ഡാന്‍സ് കളിക്കുമെന്നും അദ്ദേഹം വരികയാണെങ്കില്‍ ഡാന്‍സ് ചെയ്യിപ്പിക്കുന്ന കാര്യം താനേറ്റെന്നും കനകം പറഞ്ഞു.

ശരീരത്തെ ഫ്രീയായി വിട്ടാല്‍ ആര്‍ക്കും ഡാന്‍സ് ചെയ്യാന്‍ പറ്റും. ക്ലാസിക്കലിന് മാത്രമാണ് ബലം പിടുത്തം വേണ്ടതെന്നും കനകം കൂട്ടിച്ചേര്‍ത്തു. കോറിയോഗ്രാഫര്‍ കൂടിയായ കനകം പല പാട്ടുകളുടെയും സ്റ്റെപ്പുകളെല്ലാം കാണിച്ചുകൊണ്ടായിരുന്നു ഇത് പറഞ്ഞത്.

Content Highlight: Jaya Jaya Hey fame Kanakam about her desire to act with Biju Menon