ന്യൂദൽഹി: മുത്തലാഖിൽ നിന്ന് മുസ്‌ലിം സ്ത്രീകളെ രക്ഷിച്ചു എന്ന് വാദിക്കുന്ന ബി.ജെ.പി മുസ്‌ലിം സ്ത്രീകൾക്ക് വനിതാ സംവരണം നൽകണമെന്ന് സമാജ്വാദി പാർട്ടി എം.പി ജയ ബച്ചൻ.
’33 ശതമാനം സ്ത്രീകൾക്ക് തെരഞ്ഞെടുപ്പ് ടിക്കറ്റ് നൽകാൻ നിങ്ങൾ തയ്യാറാണെങ്കിൽ, പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായങ്ങൾക്ക്, നിങ്ങൾ മുത്തലാഖിനെ കുറിച്ച് സംസാരിച്ചല്ലോ. എന്നാൽ മുസ്‌ലിം സ്ത്രീകൾക്ക് ടിക്കറ്റ് കൊടുക്കൂ. നിങ്ങൾ ശരിക്കും വനിതാ സംവരണം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിയമം പാസാക്കൂ. നിങ്ങൾക്ക് കരുത്തുണ്ട്, മനസ്സ് കൂടി വെക്കണം,’ ജയ ബച്ചൻ രാജ്യസഭയിൽ പറഞ്ഞു.
വനിതാ സംവരണം സംസ്ഥാന നിയമസഭകളിൽ നടപ്പാക്കുന്നതിൽ തന്റെ സംശയവും അവർ പ്രകടിപ്പിച്ചു.
‘2029ൽ സംവരണം നടപ്പാക്കുമോ എന്ന് ആർക്കറിയാം. സ്ത്രീകൾ തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിൽ അവർക്ക് ടിക്കറ്റ് നൽകുമോ എന്നും അറിയില്ല.
‘എന്റെ പാർട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് സംവരണത്തിൽ ഉപസംവരണം കൂടി വേണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. ആകെ സംവരണം ചെയ്ത സീറ്റുകളിൽ 20 ശതമാനമോ 15 ശതമാനമോ പിന്നാക്ക സമുദായങ്ങളിലുള്ള സ്ത്രീകൾക്ക്, പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ഉപസംവരണം നൽകുന്നതും തലസ്ഥാന ഭരണപ്രദേശമായ ദൽഹിയിൽ ഉൾപ്പെടെ നേരിട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതും ഞാൻ പിന്തുണക്കുന്നു,’ ജയ ബച്ചൻ പറഞ്ഞു.
സംവരണം പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യരുതെന്നും അതിന് വേണ്ടി ബി.ജെ.പി ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ടെന്നും ധാരാളം പണം ചെലവഴിക്കാറുണ്ടെന്നും ജയ ബച്ചൻ കുറ്റപ്പെടുത്തി.
ലോക്സഭക്ക് ശേഷം രാജ്യസഭയും വനിതാ സംവരണ ബിൽ പാസാക്കി. 215 പേരും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ രാജ്യസഭയിൽ ആരും തന്നെ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തിരുന്നില്ല.
Content Highlight: Jaya Bachan demands for Muslim women’s reservation in Women reservation bill