മോദി അധികാരത്തിലെത്തിയശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം 16000 മടങ്ങ് വര്‍ധിച്ചു: ദ വയര്‍ റിപ്പോര്‍ട്ട് സത്യമെന്ന് സമ്മതിച്ച് ജയ് ഷായുടെ വക്കീല്‍
National Politics
മോദി അധികാരത്തിലെത്തിയശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം 16000 മടങ്ങ് വര്‍ധിച്ചു: ദ വയര്‍ റിപ്പോര്‍ട്ട് സത്യമെന്ന് സമ്മതിച്ച് ജയ് ഷായുടെ വക്കീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2018, 11:12 am

ന്യൂദല്‍ഹി: മോദി അധികാരത്തിലെത്തിയതിനുശേഷം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവ് 16,000 മടങ്ങ് വര്‍ധിച്ചെന്ന് ചൂണ്ടിക്കാട്ടി ദ വയര്‍ നല്‍കിയ റിപ്പോര്‍ട്ട് വസ്തുതയാണെന്ന് സമ്മതിച്ച് ജയ് ഷായുടെ അഭിഭാഷകന്‍. ഈ റിപ്പോര്‍ട്ടിനു പിന്നാലെ ദ വയറിനെതിരെ ജയ് ഷാ നല്‍കിയ അപകീര്‍ത്തി കേസില്‍ വാദം കേള്‍ക്കവെയാണ് ജയ് ഷായുടെ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്.

“ദ വയര്‍ പ്രസിദ്ധീകരിച്ച വസ്തുതകള്‍ സത്യമാണെങ്കിലും ഒരു സ്വകാര്യ വ്യക്തിയുടെ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിക്കുന്നതില്‍ യാതൊരു പൊതുതാല്‍പര്യമില്ലെന്ന് ജയ് ഷായുടെ അഭിഭാഷകന്‍ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു.” കോടതിയില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചുള്ള ട്വീറ്റില്‍ ദ വയര്‍ ഫൗണ്ടിങ് എഡിറ്റര്‍ എം.കെ വേണു പറയുന്നു.

വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച എല്ലാ വസ്തുതകളും ജയ് ഷായുടെ അഭിഭാഷകന്‍ തന്നെ അംഗീകരിച്ച നിലയ്ക്ക് റിപ്പോര്‍ട്ട് തനിക്ക് അപകീര്‍ത്തികരമാണെന്ന് പറയാന്‍ ജയ് ഷായ്ക്ക് കഴിയില്ലെന്ന് ദ വയറിന്റെ അഭിഭാഷക നിത്യ രാമകൃഷ്ണന്‍ കോടതിയില്‍ വാദിച്ചു.

കൂടാതെ ജയ് ഷായുടെ കമ്പനിയ്ക്ക് നികുതി ദായകരുടെ പണം കൈകാര്യം ചെയ്യുന്ന പൊതുമേഖലാ കമ്പനിയായ ഐ.ആര്‍.ഇ.ഡി.എ ലോണ്‍ നല്‍കിയെന്നതിനാല്‍ ഇത് പൊതുതാല്‍പര്യത്തില്‍പ്പെടുന്ന വിഷയമാണെന്നും ദ വയര്‍ വാദിച്ചു. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീതീകരിക്കാനാവില്ലെന്നും ദ വയര്‍ വാദിച്ചു.

ജയ് ഷായെ അഴിമതിക്കാരന്‍ അല്ലെങ്കില്‍ സത്യസന്ധനെന്ന് വയര്‍ വിളിച്ചിട്ടില്ല. തങ്ങള്‍ നല്‍കിയ സ്റ്റോറി വായിച്ച് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാണ് തങ്ങള്‍ കൈക്കൊണ്ടതെന്നും വയര്‍ കോടതിയെ അറിയിച്ചു.

മോദി അധികാരത്തിലെത്തിയതിന് പിന്നാലെ ജയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസ്സസ് എന്ന കമ്പനിയുടെ വിറ്റുവരവ് 2015-16 സാമ്പത്തിക വര്‍ഷം 16,000 മടങ്ങ് വര്‍ധിച്ചെന്നായിരുന്നു ദ വയറിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് എന്ന് ജയ് ഷാ ഹര്‍ജി നല്‍കുകയായിരുന്നു. വയറിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തത്.

വാര്‍ത്ത പുറത്ത് കൊണ്ടു വന്ന രോഹിണി സിംഗ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാട്യ, എം.കെ വേണു, മാാനേജിംഗ് എഡിറ്റര്‍ മനോബിനാ ഗുപ്ത, പബ്ലിക് എഡിറ്റര്‍ പമേല ഫിലിപ്പോസ്, ദ വയറിന്റെ പബ്ലിഷര്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് ജേണലിസം എന്ന എന്‍.ജി.ഓ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി.