എതിരില്ലാതെ ഐ.സി.സിയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട് ജയ് ഷാ
Sports News
എതിരില്ലാതെ ഐ.സി.സിയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട് ജയ് ഷാ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th August 2024, 8:55 pm

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ചെയര്‍മാനായി സ്ഥാനമേറ്റ് ജയ് ഷാ. 2019 ഒക്ടോബര്‍ മുതല്‍ ബി.സി.സി.ഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയ് ഷാ 2021 ജനുവരി മുതല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിരുന്നു. 2024 ഡിസംബര്‍ ഒന്നിന് ഔദ്യോഗികമായി ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് ചുമതല ഏല്‍ക്കും.

നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബര്‍ക്ലെയെ മൂന്നാം തവണയും സ്ഥാനത്ത് തുടരേണ്ടതില്ല എന്ന തീരുമാനത്തോടെയാണ് ജയ് ഷാ എതിരില്ലാതെ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്.

2028 ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും കായികരംഗത്തെ വളര്‍ച്ചയ്ക്കുള്ള സുപ്രധാന ലക്ഷ്യങ്ങളെക്കുറിച്ചും ഐ.സി.സി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത ഷാ സംസാരിച്ചു.

‘അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തുഷ്ടനാണ്. ക്രിക്കറ്റിനെ കൂടുതല്‍ ആഗോളവല്‍ക്കരിക്കാന്‍ ഐ.സി.സി ടീമുമായും അംഗരാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്,’ ഷാ പറഞ്ഞു.

‘ഒന്നിലധികം ഫോര്‍മാറ്റുകളുടെ സഹവര്‍ത്തിത്വം സന്തുലിതമാക്കുക, ക്രിക്കറ്റില്‍ നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുക ചെയ്യുക, ക്രിക്കറ്റ് ഇവന്റുകളെ ആഗോള വിപണിയിലേക്ക് അവതരിപ്പിക്കുക തുടങ്ങിയ നിര്‍ണായക കാര്യങ്ങള്‍ മുന്നിലുണ്ട്. മുമ്പത്തേക്കാളും ക്രിക്കറ്റിനെ കൂടുതല്‍ ജനപ്രിയമാക്കുക എന്ന ലക്ഷ്യമാണ് ഞങ്ങളുടേത്. 2028ലെ ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത് തന്നെ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ പ്രധാന മാറ്റമാണ്,’ഷാ കൂട്ടിച്ചേര്‍ത്തു.

 

Content highlight: Jay Shah was elected as the new chairman of the ICC