ജയ് ഷാ ബി.സി.സി.ഐ വിടുന്നു? ഐ.സി.സിയില്‍ വമ്പന്‍ നീക്കങ്ങള്‍!
Sports News
ജയ് ഷാ ബി.സി.സി.ഐ വിടുന്നു? ഐ.സി.സിയില്‍ വമ്പന്‍ നീക്കങ്ങള്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th July 2024, 11:19 am

 

കൊളംബോയില്‍ ആരംഭിക്കുന്ന ഐ.സി.സി വാര്‍ഷിക സമ്മേളനത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ജൂലൈ 19 മുതല്‍ നാല് ദിവസമാണ് ഐ.സി.സി വാര്‍ഷിക സമ്മേളനം നടക്കുക. ഈ സമ്മേളനത്തില്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എപ്പോള്‍ എത്തുമെന്ന് പ്രഖ്യാപിക്കുന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയ് ഷാ ഉറപ്പായും ഐ.സി.സിയുടെ തലപ്പത്തേക്ക് എത്തുമെന്നും അത് എന്നാകും എന്ന ചോദ്യം മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ന്യൂസിലാന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേയാണ് ഐ.സി.സിയുടെ ചെയര്‍മാന്‍. അടുത്ത ചെയര്‍മാന്‍ എന്ന് സ്ഥാനമേല്‍ക്കണം എന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും ഈ കോണ്‍ഫറന്‍സിലുണ്ടാകും.

 

ഇനി ഒരു വര്‍ഷം കൂടി ജയ് ഷാക്ക് ബി.സി.സി.ഐ സെക്രട്ടറിയുടെ ചുമതലയുണ്ട്. 2025ലാണ് അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുക. അതേസമയം, ഈ വര്‍ഷത്തോടെ ഐ.സി.സി ചെയര്‍മാന്‍ എന്ന നിലയില്‍ ബാര്‍ക്ലേയുടെ രണ്ട് വര്‍ഷത്തെ കാലാവധി അവസാനിക്കും.

2020ലാണ് ബാര്‍ക്ലേ ആദ്യമായി ഐ.സി.സിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരുന്നത്. 2022ല്‍ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ബാര്‍ക്ലേയുടെ കരാര്‍ ഈ വര്‍ഷം അവസാനിക്കുകയും, ജയ് ഷായ്ക്ക് ബി.സി.സി.ഐയുമായി അടുത്ത വര്‍ഷം വരെ കരാര്‍ നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ താക്കോല്‍ സ്ഥാനത്ത് എപ്പോള്‍ പുതിയ ചുമതലക്കാരനെത്തും എന്ന കാര്യത്തില്‍ സംശയങ്ങള്‍ തുടരുകയാണ്.

നിലവിലെ സാധ്യകളനുസരിച്ച് 2025ല്‍ ബി.സി.സി.ഐ ഭാരവാഹി എന്ന നിലയിലെ കൂളിങ് ഓഫ് പിരിയഡ് സമയത്ത് ജയ് ഷാ ബാര്‍ക്ലേയില്‍ നിന്ന് ചുമതലയേറ്റേക്കും. ബി.സി.സി.ഐ അധ്യക്ഷനായി തിരിച്ചെത്തുന്നതിന് മുമ്പ് ജയ് ഷായ്ക്ക് മൂന്ന് വര്‍ഷം ഐ.സി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

ഈ വര്‍ഷത്തോടെ ബാര്‍ക്ലേയുടെ കരാര്‍ അവസാനിക്കുന്നുണ്ടെങ്കിലും മൂന്ന് വര്‍ഷത്തേക്ക് കൂടി അദ്ദേഹത്തിന്റെ കരാര്‍ നീട്ടാനുള്ള സാധ്യതളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

‘ബി.സി.സി.ഐ ഭരണഘടന പ്രകാരം അദ്ദേഹത്തിന് 2025 വരെ കരാര്‍ ഉണ്ടെന്നിരിക്കെ ജയ് ഷായുടെ കാര്യത്തില്‍ എങ്ങനെ എന്നല്ല എപ്പോള്‍ എന്ന ചോദ്യമാണ് ഉയരുന്നത്. ജയ് ഷാ 2025ല്‍ അധികാരമേറ്റെടുക്കുകയാണെങ്കില്‍ 2024 മുതല്‍ 2026 വരെ ബാര്‍ക്ലേക്ക് മൂന്നാം ടേം അവസരം ലഭിക്കില്ല,’ ഐ.സി.സി വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു.

 

Content highlight: Jay Shah to leave BCCI for ICC?  decisions to be made in ICC Annual Conference