| Monday, 1st July 2024, 9:59 pm

ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ദ്രാവിഡ് ഇല്ലെന്ന് പറഞ്ഞതിന് കാരണമുണ്ട്; വെളിപ്പെടുത്തലുമായി ജെയ് ഷാ!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ടി-20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓരോരുത്തരും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ഈ ഐതിഹാസികമായ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരാള്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡാണ്.

17 വര്‍ഷത്തെ ടി-20 കിരീട വര്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് ദ്രാവിഡ് ഇന്ത്യയ്‌ക്കൊപ്പം നിന്ന് ചരിത്രമാണ് രചിച്ചത്. ഇതോടെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറുകയാണെന്നത് ആരാധകരെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. കോച്ചിങ് സ്ഥാനത്ത് തുടരാന്‍ ബി.സി.സി.ഐ ദ്രാവിഡിനെ സമീപിച്ചെങ്കിലും ദ്രാവിഡ് പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ ദ്രാവിഡ് പിന്‍മാറിയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ജെയ്ഷാ.

‘അദ്ദേഹം ഇനി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്, ഞങ്ങള്‍ അത് ബഹുമാനിക്കുന്നു, അദ്ദേഹത്തെ ഞങ്ങള്‍ സമ്മര്‍ദത്തിലാക്കിയിട്ടില്ല. കഴിഞ്ഞ അഞ്ചര വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. മൂന്ന് വര്‍ഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി, പിന്നീട് രണ്ടര വര്‍ഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി. ടീമിന്റെ വിജയത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെപോലെ തന്നെ അദ്ദേഹവും നിര്‍ണായകമായിരുന്നു. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ച മുഖ്യ പരിശീലകന്‍ എന്ന നിലയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് ഇപ്പോള്‍ ചെയ്തിരിക്കുന്നു,’ ജെയ് ഷാ പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഗൗതം ഗംഭീറും ഡബ്ലിയു.വി. രാമനുമാണ്. എന്നിരുന്നാലും ഗൗതം ഗംഭീറിനാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനാകാന്‍ സാധ്യത കൂടുതലെന്ന് ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളും പറയുന്നത്. 2024 ടി-20 ലോകകപ്പിന്‍ന്റെ അവസാനത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.

Content Highlight: Jay Shah Talking About Rahul Dravid

We use cookies to give you the best possible experience. Learn more