ഇന്ത്യയും ഓസ്‌ട്രേലിയയും ഒരിക്കല്‍ക്കൂടി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലാണ് രോഹിത് ശര്‍മയും പാറ്റ് കമ്മിന്‍സും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഇത്തവണ ഓസ്‌ട്രേലിയയാണ് ആതിഥേയത്വം വഹിക്കുന്നത്. ഗാബയും സിഡ്‌നിയും മെല്‍ബണുമടക്കം ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സ്‌റ്റേഡിയങ്ങളില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങള്‍ നടക്കും.
ഈ പരമ്പരയില്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമി ഉറപ്പായും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകുമെന്ന് പറയുകയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. മുഹമ്മദ് ഷമി വളരെ അനുഭവ സമ്പത്തുള്ള താരമാണെന്നും ഓസ്‌ട്രേലിയക്കെതിരെ അദ്ദേഹം ടീമിലുണ്ടാകണമെന്നും ഷാ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയ് ഷാ ഇക്കാര്യം പറഞ്ഞത്.
‘ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയില്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകും. കാരണം അദ്ദേഹം അനുഭവ സമ്പത്തുള്ള താരമാണ്. ഓസ്‌ട്രേലിയയില്‍ ഞങ്ങള്‍ക്കവനെ ആവശ്യമുണ്ട്,’ ജയ് ഷാ പറഞ്ഞു.
2023 ലോകകപ്പിനിടെ പരിക്കേറ്റ ഷമി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. എന്‍.സി.എയില്‍ കഴിയുന്ന താരം വരാനിരിക്കുന്ന രഞ്ജിയില്‍ ബംഗാളിനായി പന്തെറിയും.
രഞ്ജി ട്രോഫി 2024-25 സീസണില്‍ എലീറ്റ് ഗ്രൂപ്പ് സി-യിലാണ് ബംഗാളിന്റെ സ്ഥാനം. കര്‍ണാടകയും കേരളവും ഉള്‍പ്പെട്ട ഗ്രൂപ്പ് സി-യാണ് ഇത്തവണത്തെ മരണ ഗ്രൂപ്പായി വിലയിരുത്തുന്നത്.
ഒക്ടോബര്‍ 11ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശിനെയാണ് ബംഗാളിന് ആദ്യം നേരിടാനുള്ളത്.
അതേസമയം, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നത്. 2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ചിരുന്നു.
ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
കാലങ്ങള്‍ക്ക് ശേഷമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്നത്.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.