ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എ.സി.സി) പ്രസിഡന്റായി കേന്ദ്രമന്ത്രി അമിത് ഷായുടെ മകനും ബി.സി.സി.ഐയുടെ സെക്രട്ടറിയുമായ ജയ് ഷായുടെ കരാര്‍ നീട്ടി. ഒരു വര്‍ഷത്തേക്കാണ് ഷായുടെ കരാര്‍ നീട്ടി നല്‍കിയത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു ജയ് ഷാ എ.സി.സിയുടെ അധ്യക്ഷ സ്ഥാനത്തേക്കെത്തിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.ബി) പ്രസിഡന്റ് നസ്മുല്‍ ഹസനെ മാറ്റിയായിരുന്നു ജയ് ഷാ എ.സി.സിയുടെ പ്രസിഡന്റയായി നിയമിക്കപ്പെട്ടത്.
ഇതോടെ എ.സി.സി അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന പ്രായം കുറഞ്ഞ ആളായും ജയ് ഷാ മാറി.
‘ഈ മേഖലയില്‍ സമഗ്രവികസനം ഉറപ്പാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു വര്‍ഷത്തിനകം തന്നെ മേഖലയില്‍ നടത്തുന്ന എല്ലാ ടൂര്‍ണമെന്റുകളിലും, വനിതാ ക്രിക്കറ്റിലും വേണ്ട പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടില്‍ നിന്നും ആരംഭിക്കും,’ ജയ് ഷാ പറഞ്ഞു.
കൊവിഡ് വ്യാപനം ഏകദേശം അവസാനിച്ചെന്നും, എ.സി.സിയുടെ വളര്‍ച്ചയ്ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീ ലങ്ക ക്രിക്കറ്റ് (എസ്.എല്‍.സി) പ്രസിഡന്റ് ഷമ്മി സില്‍വയുടെയടക്കം പിന്തുണയോടെയാണ് ഷാ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്.