ഐ.പി.എല്‍ ചരിത്രത്തില്‍ ഇങ്ങനെയുണ്ടായിട്ടുണ്ടോ? ഫൈനലിന് ശേഷം ബി.സി.സി.ഐ സെക്രട്ടറി എയറില്‍, അതും ഒരു ആക്ഷന്റെ പേരില്‍; വീഡിയോ
Cricket news
ഐ.പി.എല്‍ ചരിത്രത്തില്‍ ഇങ്ങനെയുണ്ടായിട്ടുണ്ടോ? ഫൈനലിന് ശേഷം ബി.സി.സി.ഐ സെക്രട്ടറി എയറില്‍, അതും ഒരു ആക്ഷന്റെ പേരില്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th May 2023, 5:51 pm

2023ലെ ഐ.പി.എല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ വിജയം ആഘോഷിക്കുകയാണ് ക്രിക്കറ്റ് ലോകം. അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശം അലതല്ലിയ ഫൈനലില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഗുജറാത്തിനെ ചെന്നൈ പരാജയപ്പെടുത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറുകളില്‍ 214/4 എന്ന സ്‌കോര്‍ നേടിയപ്പോള്‍ മഴയെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു.

അവസാന ഓവറില്‍ രവീന്ദ്ര ജഡേജയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രകടനം സി.എസ്.കെയെ അഞ്ചാം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടീക്കുകയായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്താന്‍ ചെന്നൈക്ക് സാധിച്ചു.

ഇതിനിടയില്‍ ഫൈനല്‍ മത്സരത്തിലെ അവസാന ഒാവറില്‍ ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷായുടെ ഒരു ആക്ഷനാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ചെന്നൈക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. മോഹിത് ശര്‍മയായിരുന്നു ഗുജറാത്തിനായി പന്തെറിയാനെത്തിയത്. ആദ്യ പന്ത് ഡോട്ട് ബോളെറിഞ്ഞ മോഹിത്, രണ്ടാം പന്തില്‍ ഒരു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

തുടര്‍ന്ന് നാല് പന്തില്‍ 12 റണ്‍സ് വേണം എന്ന അവസ്ഥയിലായി ചെന്നൈ. ഇതോടെ ഗുജറാത്ത് ക്യാമ്പില്‍ ചെറിയ പ്രതീക്ഷ വന്നു. ഈ സമയത്താണ് ജയ് ഷായുടെ വിവാദ ആക്ഷനുണ്ടായത്. കൈ മുഷ്ടിചുരട്ടി അപ്പുറത്തുള്ള ആരേയോ അഭിവാദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയാണെന്നുള്ള കാര്യം മറന്നെന്നും വെറും ഗുജറാത്ത് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയായെന്നുമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ഇത് ഒത്തുകളിയുടെ ഭാഗമാണെന്നുള്ള ആരോപണമുന്നയിക്കുന്ന ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളിലുണ്ട്. ജയ് ഷാ ഒത്തുകളിക്കാന്‍ സന്ദേശം നല്‍കിയതാണോയെന്നുള്ള ചോദ്യമാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്.

അതേസമയം, മത്സരശേഷം സി.എസ്.കെയെ പ്രശംസിച്ച് ജയ് ഷാ ട്വീറ്റ് ചെയ്തിരുന്നു. ‘ടാറ്റ ഐ.പി.എല്‍ 2023 ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് അഭിനന്ദനങ്ങള്‍. മഴയെ കൂസാതെ ഫൈനലിന് സാക്ഷ്യം വഹിക്കാന്‍ വീണ്ടും കൂട്ടത്തോടെ ഗ്യാലറിയില്‍ തിരിച്ചെത്തിയ എല്ലാ ആരാധകര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി. നിങ്ങളുടെ അചഞ്ചലമായ പിന്തുണ കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് വളരുന്നു,’ എന്നായിരുന്നു ഷായുടെ ട്വീറ്റ്.

Content Highlight: Jay Shah’s controversy action in gujarat titans chennai super kings match