ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ഏഷ്യാ കപ്പിലെ ഇന്ത്യ – പാക് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചതിന് പിന്നാലെയാണ് സംഭവങ്ങള്‍ നടന്നത്.
ആവേശോജ്വലമായ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ സിക്‌സറിലൂടെ ഇന്ത്യ വിജയിച്ചപ്പോള്‍ സ്‌റ്റേഡിയമൊന്നാകെ ആവേശത്തിലാറായിരുന്നു. കൈകളടിച്ച് സന്തോഷം പ്രകടിപ്പിച്ചായിരുന്നു ജയ് ഷാ തന്റെ ആവേശം വ്യക്തമാക്കിയത്.
ഇതിനിടയില്‍ ഒരാള്‍ ഇന്ത്യ ദേശീയ പതാക ജയ് ഷായുടെ കയ്യില്‍ കൊടുക്കുകയായിരുന്നു. എന്നാല്‍ താന്‍ ദേശീയ പതാക വാങ്ങാന്‍ കൂട്ടാക്കില്ല എന്ന തരത്തിലായിരുന്നു ഷായുടെ പ്രതികരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചർച്ചകള്‍.
പതാക നിങ്ങള്‍ തന്നെ വെച്ചോ, ഞാന്‍ പിടിക്കാനോ വീശാനോ പോവുന്നില്ല എന്ന മനോഭാവമായിരുന്നു ജയ് ഷായുടേതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇതിന് പിന്നാലെ നിരവധി ആളുകളാണ് ജയ് ഷാക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്.
‘എനിക്കെന്റെ പപ്പയുണ്ട്. ദേശീയ പതാക നീ തന്നെ വെച്ചോ,’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് ട്വീറ്റ് ചെയ്തത്.
ജയ്‌റാം രമേഷിന് പുറമെ കോണ്‍ഗ്രസ് നേതാവ് അശോക് കുമാറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ഡെറിക് ഓബ്രയിന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ഷാക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, തകര്‍പ്പന്‍ വിജയമായിരുന്നു മത്സരത്തില്‍ ഇന്ത്യ നേടിയെടുത്തത്. ടോസ് നേടി എതിര്‍ ടീമിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ, പാകിസ്ഥാനെ 147ന് എറിഞ്ഞിടുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പാക് ബൗളര്‍മാര്‍ ഞെട്ടിച്ചിരുന്നു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ പറഞ്ഞയച്ചുകൊണ്ടാണ് പാകിസ്ഥാന്‍ വേട്ട ആരംഭിച്ചത്.
മോശം ഫോമിലുള്ള വിരാടായിരുന്നു അടുത്തതായി ക്രീസിലെത്തിയത്. അദ്ദേഹവും നായകന്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്സ് പതിയെ കെട്ടിപ്പൊക്കി. എന്നാല്‍ വലിയ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കാതെ ഇരുവരും അടുത്തടുത്ത ബോളുകളില്‍ മടങ്ങിയിരുന്നു.
പിന്നീട് സൂര്യകുമാര്‍ യാദവിനെയും ജഡേജയെയും നിര്‍ത്തി പാകിസ്ഥാന്‍ പ്രഷര്‍ ബില്‍ഡ് ചെയ്യുന്ന കാഴ്ചയായിരുന്നു കണ്ടത്. രണ്ടാം സ്പെല്ലുമായെത്തിയ നസീം ഷാ സൂര്യയെ മടക്കുകയും ചെയ്തു. പിന്നീട് ക്രീസിലെത്തിയത് ഹര്‍ദിക് പാണ്ഡ്യയായിരുന്നു.
ഹൈ പ്രഷറിനിടെയും കൂളായി ബാറ്റ് വീശിയ ഹര്‍ദിക് ഇന്ത്യ വിജയിപ്പിച്ച ശേഷമാണ് തിരികെയെത്തിയത്.
ആഗസ്റ്റ് 31നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഹോങ് കോങ്ങാണ് എതിരാളികള്‍.
Content Highlight: Jay Shah refuses to hold Indian Flag during India – Pak match during Asia Cup