ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ജയ് ഷാ; പലരുടേയും തൊപ്പി തെറിക്കും!
Sports News
ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ജയ് ഷാ; പലരുടേയും തൊപ്പി തെറിക്കും!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th February 2024, 11:36 am

ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് എഴുതിയ ഒരു തുറന്ന കത്താണ് ഏറെ ചര്‍ച്ചയാകുന്നത്.

ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് ജയ് ഷാ ഇന്ത്യന്‍ താരങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. താരങ്ങള്‍ രഞ്ജി ട്രോഫി പോലുളള ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഷാ പറഞ്ഞു.

 

ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും യുവതാരങ്ങള്‍ രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍-ബാറ്ററായ ഇഷാന്‍ കിഷന്‍, ദീപക് ചഹര്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. യുവതാരങ്ങള്‍ രഞ്ജി ട്രോഫിയേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ഐ.പി.എല്ലിനാണ്.

‘അടുത്തിടെ തുടങ്ങിയ ഒരു പ്രവണത വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. ചില കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റിനേക്കാള്‍ ഐ.പി.എല്ലിന് മുന്‍ഗണന നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്, ഇത് പ്രതീക്ഷിക്കാത്ത ഒരു മാറ്റമാണ്. ആഭ്യന്തര ക്രിക്കറ്റാണ് ഇന്ത്യന്‍ ക്രിക്കറ്റ് നിലകൊള്ളുന്നതിന്റെ അടിസ്ഥാനം. കായികരംഗത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടില്‍ അതിനെ ഒരിക്കലും വിലകുറച്ച് കണ്ടിട്ടില്ല,’ ഷാ കത്തില്‍ പറഞ്ഞു.

ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിന് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം നിര്‍ണായകമാണെന്നും ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കളിക്കാര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ജയ് ഷാ മുന്നറിയിപ്പ് നല്‍കി.

‘ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയതാണ്, ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ ക്രിക്കറ്റ് താരവും ആഭ്യന്തര ക്രിക്കറ്റില്‍ സ്വയം കഴിവ് തെളിയിക്കണം. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം സെലക്ഷനുള്ള നിര്‍ണായക ഘടകമായി തുടരുന്നു, ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,’ഷാ കൂട്ടിച്ചേര്‍ത്തു.

 

 

Content Highlight: Jay Shah lashed out at Indian players