ന്യൂദല്‍ഹി: ദ വയറിനെതിരെ നല്‍കിയ പരാതി കോടതി ഇന്ന് പരിഗണിച്ചപ്പോള്‍ ഹാജരാകാതെ അമിത് ഷായുടെ മകന്‍ ജെയ്ഷാ. അതേ സമയം വയര്‍ എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ വരദരാജന്‍ എം.കെ വേണു അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ ഹാജരായി.
തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ജെയ് അമിത് ഷാ കോടതിക്ക് മുന്നില്‍ ഹാജരാകാതിരുന്നത്. ഇതോടെ കേസ് ഡിസംബര്‍ 16ലേക്ക് മാറ്റി. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയിലായിരുന്നു ജെയ് അമിത് ഷാ മാനനഷ്ടക്കേസ് നല്‍കിയത്.
കേസിലെ വാദിയായ ജെയ് ഷാ പേടിച്ച് ഒളിച്ചിരിക്കുകയാണെന്നും അതേ സമയം “പ്രതികളാക്കപ്പെട്ടവര്‍” വളരെ സന്തോഷത്തോടെ കോടതിയില്‍ ഹാജരായെന്നും വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വീറ്റ് ചെയ്തു.
ജെയ് ഷായുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചെന്ന റിപ്പോര്‍ട്ട് ഒക്ടോബര്‍ എട്ടിനാണ് വയര്‍ പുറത്തു വിട്ടിരുന്നത്. ഇതിന് പിന്നാലെ വയറിലെ ഏഴുപേര്‍ക്കെതിരെയാണ് ജെയ്ഷാ കേസ് നല്‍കിയത്.
ഹരജിയുടെ അടിസ്ഥാനത്തില്‍ ജെയ് ഷായുടെ വരുമാനവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കുന്നതില്‍ നിന്നും കോടതി വയറിനെ തടഞ്ഞിരുന്നു.
നേരത്തെ റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട ഡി.എല്‍.എഫ് അഴിമതിക്കേസ് പുറത്തുകൊണ്ടു വന്ന രോഹിണി സിങ്ങാണ് ഷായ്‌ക്കെതിരായ വാര്‍ത്ത നല്‍കിയിരുന്നത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും മുന്‍പു ജയ്ഷായോടു വയര്‍ പ്രതികരണം ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നല്‍കിയ മറുപടിയില്‍ കണക്കുകള്‍ നിഷേധിച്ചില്ല. പകരം, ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്ത നല്‍കിയാല്‍ നിയമനടപടിയെടുക്കുമെന്നു മുന്നറിയിപ്പു നല്‍കുകയാണുണ്ടായത്.