2024 ടി-20 ലോകകപ്പില്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2023 ലോകകപ്പില്‍ തുടര്‍ച്ചയായ പത്ത് മത്സങ്ങള്‍ വിജയിച്ചെങ്കിലും ഫൈനലില്‍ വിജയിക്കാനും ട്രോഫി നേടാനും നമുക്കായില്ല. പക്ഷേ ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കാന്‍ നമുക്ക് സാധിച്ചു.
2024ല്‍ (ടി-20 ലോകകപ്പ്) ബര്‍ബഡോസില്‍ (ഫൈനല്‍ മത്സരത്തിനുള്ള വേദി) വെച്ച് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം നേടുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്കുതരികയാണ്. അവിടെ ഇന്ത്യയുടെ പതാക ഉയര്‍ത്തും,’ ജയ് ഷാ പറഞ്ഞു.
ലോകകപ്പില്‍ ഹര്‍ദിക് പാണ്ഡ്യയായിരിക്കും രോഹിത് ശര്‍മയുടെ ഡെപ്യൂട്ടിയെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ 2024 ടി-20 ലോകകപ്പ് നേടുമെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രിയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
‘ഇന്ത്യ വളരെ അടുത്ത് തന്നെ ഒരു ലോകകപ്പ് നേടുമെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. അതെനിക്ക് ഇപ്പോഴേ കാണാന്‍ സാധിക്കുന്നുണ്ട്. അതൊരുപക്ഷേ ഏകദിന ലോകകപ്പ് ആയിരിക്കില്ല, കാരണം നമുക്ക് ഏകദിന ടീമിനെ പുനര്‍നിര്‍മിക്കേണ്ടതായുണ്ട്.
എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യ ഒരു മികച്ച ടീമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏതൊരു ടീമിനും ഇന്ത്യ വെല്ലുവിളിയാകുമെന്നുറപ്പാണ് കാരണം നിങ്ങള്‍ക്ക് ഇതിനോടകം ഒരു ന്യൂക്ലിയസ് ലഭിച്ചിരിക്കുകയാണ്, അതാകട്ടെ ക്രിക്കറ്റിലെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് ഗെയിമും. നിങ്ങളുടെ മുഴുവന്‍ ഫോക്കസും ഇനി അതിലായിരിക്കണം,’ ശാസ്ത്രി പറഞ്ഞു.
ടി-20 ലോകകപ്പിന്റെ ഉദ്ഘാടന സീസണില്‍ മാത്രമാണ് ഇന്ത്യക്ക് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കിരീടമണിയാന്‍ സാധിച്ചത്. അന്ന് പാകിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
ജൂണ്‍ രണ്ടിനാണ് 2024 ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും ജയിച്ചെത്തിയ കാനഡയെയാണ് ആദ്യ മത്സരത്തില്‍ നേരിടുന്നത്. ഡാല്ലസാണ് വേദി.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്ലാന്‍ഡാണ് എതിരാളികള്‍.
ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളികള്‍
ലോകകപ്പിലെ ഇന്ത്യയുടെ മത്‌സരങ്ങള്‍
ജൂണ്‍ 05 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ
ജൂണ്‍ 09 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ
ജൂണ്‍ 12 – vs യു.എസ്.എ – ഈസ്റ്റ് മെഡോ
ജൂണ്‍ 15 vs – കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്
അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് 2024 ടി-20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 20 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുക.
വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക, എന്നീ ടീമുകള്‍ ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു.
നേപ്പാളും ഒമാനും ഏഷ്യന്‍ ക്വാളിഫയേഴ്സ് ജയിച്ച് സ്ഥാനമുറപ്പിച്ചപ്പോള്‍ യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് അയര്‍ലന്‍ഡും സ്‌കോട്‌ലാന്‍ഡും ലോകകപ്പിന് യോഗ്യത നേടി.
അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയും ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂഗിനിയയും ലോകകപ്പിനെത്തും.
ആഫ്രിക്ക ക്വാളിഫയറില്‍ നിന്നും നമീബിയയും ഉഗാണ്ടയുമാണ് ലോകകപ്പിനെത്തുക. ഇതാദ്യമായാണ് ഉഗാണ്ട ഐ.സി.സി ഇവന്റിന് യോഗ്യത നേടുന്നത്.
Content Highlight: Jay Shah confirms Rohit Sharma will lead India in 2024 T20 World Cup