| Sunday, 7th July 2024, 4:13 pm

അവന് കീഴില്‍ കിരീടം നേടുമെന്നുറപ്പ്; ചാമ്പ്യന്‍സ് ട്രോഫിയിലെയും WTCയിലെയും ഇന്ത്യന്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ജയ് ഷാ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയെ ടി-20 ലോകകപ്പ് ചൂടിച്ചതിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മ അന്താരാഷ്ട്ര ടി-20യില്‍ നിന്നും വിരാട് കോഹ്‌ലിക്കും രവീന്ദ്ര ജഡേജക്കുമൊപ്പം പടിയിറങ്ങിയിരുന്നു. ടീമിലെ മൂന്ന് സീനിയര്‍ താരങ്ങള്‍ ഒന്നിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടി-20യില്‍ ഇന്ത്യ അടുത്ത ട്രാന്‍സിഷന്‍ പിരീഡിനാണ് ഒരുങ്ങുന്നത്.

രോഹിത്തിന് ശേഷം ആര് ഇന്ത്യയുടെ നായകസ്ഥാനമേറ്റെടുക്കണം എന്ന ചര്‍ച്ചകള്‍ തുടരുകയാണ്. നിലവിലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് ഇതില്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത്. ഒപ്പം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ടി-20യില്‍ ഇന്ത്യയുടെ നായകന്‍ ആരാകണമെന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ വരാനിരിക്കുന്ന ഐ.സി.സി ഇവന്റുകളില്‍ ആര് ഇന്ത്യയെ നയിക്കണെന്ന് വ്യക്തമാക്കുകയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും 2025 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ നായകനാകുമെന്നാണ് ജയ് ഷാ വ്യക്തമാക്കുന്നത്.

എക്‌സ്പ്രസ് സ്‌പോര്‍ട്‌സിലെ ദേവേന്ദ്ര പാണ്ഡേയെ ഉദ്ധരിച്ച് നിരവധി കായിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

‘രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും നേടുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്,’ ജയ് ഷാ പറഞ്ഞതായി ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറുന്നത്. പാകിസ്ഥാനാണ് വേദി. ഇന്ത്യ പാകിസ്ഥാനിലെത്തി ടൂര്‍ണമെന്റ് കളിക്കുമോ എന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

ആതിഥേയരും 2023 ലോകകപ്പ് പോയിന്റ് ടേബിളിലെ ആദ്യ ഏഴ് സ്ഥാനക്കാരുമാണ് ടൂര്‍ണമെന്റിന് യോഗ്യത നേടിയത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.

ഗ്രൂപ്പ് എ: ബംഗ്ലാഗേശ്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ (ആതിഥേയര്‍).

ഗ്രൂപ്പ് ബി: അഫ്ഗാനിസ്ഥാന്‍, ഓസ്ട്രലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക.

മാര്‍ച്ച് അഞ്ചിനും ആറിനുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ആദ്യ സെമി ഫൈനല്‍ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും രണ്ടാം സെമി ഫൈനല്‍ റാവല്‍പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.

2025 ജൂണിലാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ അരങ്ങേറുന്നത്. ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സാണ് വേദി.

2023-25 സൈക്കിളില്‍ ടീമുകളുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുക. ഒമ്പത് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനല്‍ കളിക്കുക.

നിലവില്‍ ഒമ്പത് മത്സരത്തില്‍ നിന്നും 74 പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. 90 പോയിുന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. പോയിന്റുകളേക്കാള്‍ വിജയശതമാനം അനുസരിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.

2023-25 സൈക്കിളില്‍ 19മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഹോം ഗ്രൗണ്ടില്‍ പത്തും എവേ ഗ്രൗണ്ടില്‍ ഒമ്പതും മത്സരങ്ങള്‍ ഇന്ത്യ കളിക്കും. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ ഹോം ഗ്രൗണ്ടില്‍ രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് മുമ്പിലുള്ളത്.

Also Read ഇന്ത്യക്ക് ഇരട്ട തോല്‍വി; അനിയന്‍മാര്‍ക്ക് പിന്നാലെ വല്ല്യേട്ടന്‍മാര്‍ക്കും തിരിച്ചടി, ഇന്ത്യക്കിത് ബ്ലാക്ക് സാറ്റര്‍ഡേ

Also Read  മലയാളി ലോകകപ്പ് നേടി, ഇനി മലയാളികള്‍ ഏഷ്യാ കപ്പും നേടട്ടെ; സ്‌ക്വാഡില്‍ ഇരട്ട മലയാളി തിളക്കം

Also Read നീലാകാശത്തിന് കീഴില്‍ പാറിപ്പറക്കാന്‍ കാനറികളില്ല; വിനിയില്ലാത്ത ബ്രസീലിന് തോല്‍വി, സെമി കാണാതെ മടക്കം

Content Highlight: Jay Shah confirms Rohit Sharma will captain India in World Test Championship and Champions Trophy

We use cookies to give you the best possible experience. Learn more