Advertisement
Sports News
'അവന്‍ ഞങ്ങളുടെ സ്വത്ത്; അങ്ങനെയെങ്കില്‍ ലോകകപ്പ് കളിക്കാം'; സഞ്ജുവിന്റെ പ്രതീക്ഷകള്‍ അവസാനിക്കുന്നു?
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 12, 02:17 am
Tuesday, 12th March 2024, 7:47 am

 

സൂപ്പര്‍ താരം റിഷബ് പന്തിന്റെ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്നത്. കരിയര്‍ പോലും അവസാനിച്ചേക്കാവുന്ന അപകടത്തില്‍ നിന്നും പന്ത് തിരികെ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുകയാണ്.

ഐ.പി.എല്‍ 2024ല്‍ പന്ത് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും താരത്തിന് ഫിറ്റ്‌നെസ് ക്ലിയറന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം തന്നെ ടി-20 ലോകകപ്പും നടക്കാനിരിക്കുന്നതിനാല്‍ പന്തിന്റെ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്.

 

ഇപ്പോള്‍ പന്തിനെ കുറിച്ചും താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ചും സംസാരിക്കുകയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. പന്ത് തങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും താരത്തിന് ലോകകപ്പ് കളിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് വളരെ വലിയ കാര്യമാണെന്നുമാണ് ജയ് ഷാ പറഞ്ഞത്.

‘പന്ത് ഇപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു, മികച്ച രീതിയില്‍ വിക്കറ്റ് കീപ്പിങ്ങും ചെയ്യുന്നുണ്ട്. അവന്‍ ഫിറ്റാണെന്ന് ഉടന്‍ പ്രഖ്യാപിക്കും.

അവന് ടി-20 ലോകകപ്പ് കളിക്കാന്‍ സാധിക്കുമെങ്കില്‍ അത് ഞങ്ങളെ സംബന്ധിച്ച് ഏറെ വലിയ കാര്യമാണ്. അവന്‍ ഒരു സ്വത്താണ്, ടീമിനൊരു മുതല്‍ക്കൂട്ടാണ്.

അവന്‍ വിക്കറ്റ് കീപ്പിങ് ചെയ്യാന്‍ സാധിക്കുമെങ്കില്‍, ലോകകപ്പ് കളിക്കാനും സാധിക്കും. അവന്‍ ഐ.പി.എല്ലില്‍ എങ്ങനെ കളിക്കുന്നു എന്ന് നമുക്ക് കാത്തിരുന്ന് കാണാം,’ ഷാ പറഞ്ഞു.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പന്ത് തിരികെയെത്തുകയാണെങ്കില്‍ സഞ്ജു സാംസണ്‍ അടക്കമുള്ള നിരവധി താരങ്ങളുടെ അവസരത്തിന് മേല്‍ കരിനിഴല്‍ വീഴും. സഞ്ജുവിന് പുറമെ ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, ധ്രുവ് ജുറെല്‍ തുടങ്ങി ഒരു പിടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ സെല്ക്ടര്‍മാരുടെ പരിഗണനയിലരിക്കവെയാണ് പന്തിന്റ തെിരിച്ചുവരവിനെ കുറിച്ചും ലോകകപ്പ് സാധ്യതകളെ കുറിച്ചും ബി.സി.സി.ഐ സെക്രട്ടറി തന്നെ സംസാരിക്കുന്നത്.\

 

പന്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ദല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകനായ റിക്കി പോണ്ടിങ്ങും സൂചനകള്‍ നല്‍കിയിരുന്നു.

‘ഈ കാര്യത്തില്‍ ഞങ്ങള്‍ വളരെ വലിയ തീരുമാനമെടുക്കേണ്ടതുണ്ട്. അദ്ദേഹം ഫിറ്റാണെങ്കില്‍ ടീമിന്റെ ക്യാപ്റ്റന്‍സി റോളിലേക്ക് വരുമെന്ന് കരുതും. ഇനി അദ്ദേഹം പൂര്‍ണമായും ഫിറ്റല്ലെങ്കില്‍ വ്യത്യസ്തമായ റോളില്‍ കളിപ്പിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് ആലോചിക്കേണ്ടിവരും,’ റിക്കി പോണ്ടിങ് പറഞ്ഞു.

‘തിരിച്ചുവരവിനായി പന്ത് കഴിഞ്ഞ ദിവസം പരിശീലന മത്സരങ്ങള്‍ കളിച്ചിരുന്നു. ഇത് ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടാക്കിയ കാര്യമാണ്. ലോകം മുഴുവനും അദ്ദേഹം വീണ്ടും ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്‍ 2024ല്‍ മാര്‍ച്ച് 23നാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ആദ്യ മത്സരം. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയമായ മൊഹാലിയാണ് വേദി.

 

Content Highlight: Jay Shah about Rishabh Pant