| Tuesday, 12th March 2024, 10:00 am

ലോകകപ്പിനില്ല, മുഹമ്മദ് ഷമി തിരിച്ചെത്തുന്നു; വമ്പന്‍ അപ്‌ഡേറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

കണങ്കാലിന് പരിക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനാണ് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. പരിക്കിന് പിന്നാലെ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര താരത്തിന് നഷ്ടമായിരുന്നു.

ഐ.പി.എല്ലിന്റെ ഈ സീസണിലും താരത്തിന് കളിക്കാന്‍ സാധിക്കില്ല. ഷമിക്ക് ടി-20 ലോകകപ്പ് കളിക്കാനും സാധിക്കിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോള്‍ ആ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന അപ്‌ഡേറ്റുകളാണ് ബി.സി.സി.ഐ പുറത്തുവിടുന്നത്. ഷമി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയെന്നും ഇന്ത്യ – ബംഗ്ലാദേശ് ഹോം സീരീസില്‍ താരം ഇന്ത്യക്കായി കളത്തിലിറങ്ങിയേക്കുമെന്നുമാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കുന്നത്.

‘ഷമിയുടെ സര്‍ജറി പൂര്‍ത്തിയായി. അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ഹോം സീരീസില്‍ ഷമിയുടെ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ പി.ടി.ഐയോട് ഷാ പറഞ്ഞു.

സെപ്റ്റംബറിലാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം. രണ്ട് ടെസ്റ്റുകളും മൂന്ന് ടി-20കളുമാണ് പര്യടനത്തിലുള്ളത്.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ രാഹുലിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും റിഷബ് പന്തിന്റെ തിരിച്ചുവരവിനെ കുറിച്ചും ഷാ സംസാരിച്ചു.

‘കെ.എല്‍. രാഹുലിന് ഒരു ഇന്‍ജക്ഷന്‍ എടുക്കേണ്ടതുണ്ട്. അദ്ദേഹം ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുകയാണ്.

പന്ത് ഇപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു, മികച്ച രീതിയില്‍ വിക്കറ്റ് കീപ്പിങ്ങും ചെയ്യുന്നുണ്ട്. അവന്‍ ഫിറ്റാണെന്ന് ഉടന്‍ പ്രഖ്യാപിക്കും. അവന് ടി-20 ലോകകപ്പ് കളിക്കാന്‍ സാധിക്കുമെങ്കില്‍ അത് ഞങ്ങളെ സംബന്ധിച്ച് ഏറെ വലിയ കാര്യമാണ്. അവന്‍ ഒരു സ്വത്താണ്, ടീമിനൊരു മുതല്‍ക്കൂട്ടാണ്.

അവന്‍ വിക്കറ്റ് കീപ്പിങ് ചെയ്യാന്‍ സാധിക്കുമെങ്കില്‍, ലോകകപ്പ് കളിക്കാനും സാധിക്കും. അവന്‍ ഐ.പി.എല്ലില്‍ എങ്ങനെ കളിക്കുന്നു എന്ന് നമുക്ക് കാത്തിരുന്ന് കാണാം,’ ഷാ പറഞ്ഞു.

Content Highlight: Jay Shah about Mohammed Shami’s return

We use cookies to give you the best possible experience. Learn more